Gold Sovereign Bonds

പരമാധികാരമുള്ള സ്വർണ്ണ ബോണ്ട്

പരമാധികാര സ്വർണ ബോണ്ടുകൾ ഉടൻ തുടങ്ങുമെന്ന് ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചു.

എങ്ങനെയായിരിക്കും പദ്ധതി നടപ്പിലാകുന്നത്?
ബോണ്ട് പുറപ്പെടുവിക്കുന്നത് ഭാരതീയ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ആയിരിക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ ബോണ്ട് ആയതുകൊണ്ട് അവയ്ക്ക് ഉത്തമമായ ഗാരന്‍റി ഉണ്ടായിരിക്കും. ഗ്രാം സ്വര്‍ണത്തിലായിരിക്കും ബോണ്ടിന്‍റെ മൂല്യം കണക്കാക്കപ്പെടുന്നത്. 2015—16 ലോ അതു മുതലോ ഉള്ള സര്‍ക്കാരിന്‍റെ വിപണി വായ്പാ പദ്ധതിക്കുള്ളില്‍നിന്നുകൊണ്ടായിരിക്കും സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പുറപ്പെടുവിക്കുന്നത്. ധനമന്ത്രാലയവുമായി ആലോചിച്ച് റിസര്‍വ് ബാങ്കായിരിക്കും എത്ര രൂപയ്ക്കാണ് ബോണ്ട് പുറപ്പെടുവിക്കുന്നത് എന്നു നിശ്ചയിക്കുന്നത്. സ്വര്‍ണവിലയിലുണ്ടാകുന്ന വ്യതിയാനങ്ങളിലെ നഷ്ടസാധ്യത ഏറ്റെടുക്കുന്നത് ഇതിനായി രൂപവല്‍കരിക്കപ്പെടുന്ന ഗോള്‍ഡ് റിസര്‍വ് ഫണ്ട് ആണ്. ബോണ്ട് വാങ്ങുമ്പോള്‍ ലഭിക്കുന്ന വിലക്കുറവാണ് സര്‍ക്കാരിനു ലഭിക്കുന്ന ആനുകൂല്യം. ഇത് ഗോള്‍ഡ് റിസര്‍വ് ഫണ്ടിലേയ്ക്ക് കൈമാറും.

ചെലവ്: യഥാര്‍ഥ സ്വര്‍ണം കൈവശം വയ്ക്കുന്നതിലെ ചെലവ് 25 ശതമാനം വരെ വരാം. സോവറീന്‍ ഗോള്‍ഡ് ബോണ്ടിന്‍റെ കാര്യത്തില്‍ പ്രവേശനത്തുകയില്ലെന്നു മാത്രമല്ല, ഫണ്ട് കൈകാര്യം ചെയ്യുന്നതിനുള്ള തുക പോലും ഈടാക്കുന്നില്ല. വിതരണ ചെലവ് നല്‍കുന്നത് ബോണ്ട് പുറപ്പെടുവിക്കുന്ന ഏജന്‍സിയാണ്. ഇടനിലക്കാര്‍ക്കു നല്‍കുന്ന സെയില്‍സ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്യും.

പലിശനിരക്ക്: സോവറീന്‍ ഗോള്‍ഡ് ബോണ്ടില്‍ സര്‍ക്കാർ നിശ്ചയിക്കുന്ന പലിശ നിരക്കില്‍ സര്‍ക്കാർ തന്നെ ബോണ്ട് നല്‍കും. പലിശ കണക്കാക്കുന്നത് അപ്പോഴത്തെ ആഭ്യന്തര, രാജ്യാന്തര വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കും. ഇത് വ്യത്യസ്തമായിട്ടാണ് നില്‍ക്കുക. നിക്ഷേപസമയത്തെ സ്വര്‍ണവിലയെ അടിസ്ഥാനമാക്കിയായിരിക്കും പലിശനിരക്ക് കണക്കാക്കുന്നത്. ഇത് അസ്ഥിര നിരക്കായോ സ്ഥിര നിരക്കായോ നിശ്ചയിക്കും. നിശ്ചിത നിരക്കിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും സ്വര്‍ണത്തന്‍റെ വില കണക്കാക്കുന്നത്. ബോണ്ട് പുറപ്പെടുവിക്കുമ്പോഴും തിരിച്ചുനല്‍കുമ്പോഴും ആര്‍ബിഐയുടെ ഈ നിശ്ചിത നിരക്കനുസരിച്ചാണ് തത്തുല്യമായ രൂപയുടെ മൂല്യം കണക്കാക്കുന്നത്. ഈ നിരക്ക് ബോണ്ട് പുറപ്പെടുവിക്കുമ്പോഴും തിരിച്ചെടുക്കുമ്പോഴും മാത്രമല്ല എല്‍ടിവിക്കും ലോണ്‍ നല്‍കുന്നതിനുമെല്ലാം ഇതായിരിക്കും റഫറന്‍സ് നിരക്ക്.

പരിധി: സോവറീന്‍ ഗോള്‍ഡ് ബോണ്ട് പുറപ്പെടുവിക്കുന്നത് 5, 10, 50, 100 ഗ്രാം തുടങ്ങിയ അളവുകളിലാണ്. ഒരു വ്യക്തിക്ക് ഒരു വര്‍ഷം 500 ഗ്രാം സ്വര്‍ണമാണ് ബോണ്ടാക്കാവുന്നത്. പണം കൊടുത്ത് തത്തുല്യമായ സ്വര്‍ണത്തിന്‍റെ അളവിലാണ് ബോണ്ടുകള്‍ പുറപ്പെടുവിക്കുന്നത്. പരമാവധി 500 ഗ്രാം വരെയുള്ള ബോണ്ടുകളാണ് ഇന്ത്യയിലെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വാങ്ങാവുന്നത്.

എങ്ങനെയാണ് നിക്ഷേപിക്കേണ്ടത്
ഇതിനായി നിശ്ചയിക്കപ്പെട്ട ബാങ്കുകള്‍, എന്‍ബിഎഫ്സികള്‍, പോസ്റ്റ് ഓഫീസുകൾ, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ്സി) ഏജന്‍റുമാര്‍, ഗവണ്മെന്‍റ് നിശ്ചയിക്കുന്ന മറ്റുള്ളവര്‍ എന്നിവര്‍ക്ക് ബോണ്ടുകള്‍ വില്‍ക്കാം. സര്‍ക്കാരിനുവേണ്ടി നിക്ഷേപം ശേഖരിക്കാനും ബോണ്ടുകള്‍ തിരിച്ചെടുക്കാനും വരെ ഇവര്‍ക്ക് അധികാരമുണ്ട്.

എനിക്കുവേണ്ടിയാണോ?

  • ഡീമാറ്റ് ആയോ കടലാസ് രൂപത്തിലോ സോവറീന്‍ ഗോള്‍ഡ് ബോണ്ട് ലഭിക്കാം.
  • ബോണ്ടിന്‍റെ കാലാവധി ഏറ്റവും കുറഞ്ഞത് അഞ്ചു മുതല്‍ ഏഴു വര്‍ഷമാകാം. യൂണിറ്റുകള്‍ എപ്പോള്‍വേണമെങ്കിലും ലിക്വിഡേറ്റ് ചെയ്യാവുന്നതാണ്.
  • പരമാവധി ഗാരന്‍റിയുള്ളതും നിക്ഷേപിക്കപ്പെടുന്ന മൂലധനവും ലഭിക്കുന്ന പലിശയും ബോണ്ടുകളില്‍ വകവയ്ക്കപ്പെടുന്നതുമാണ്.
  • വായ്പകള്‍ക്ക് ഈടായി ബോണ്ടുകള്‍ ഉപയോഗിക്കാം.
  • മാത്രമല്ല, നേരത്തെ ബോണ്ട് തിരിച്ചുനല്‍കണമെന്നുള്ളവര്‍ക്ക് അത് വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ആവാം.
  • ഒരു വ്യക്തിഗത നിക്ഷേപകനെ സംബന്ധിച്ചിടത്തോളം സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളില്‍ ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്സ് യഥാര്‍ഥ സ്വര്‍ണത്തിനു കണക്കാക്കുന്നതുപോലെയാണ്. കാലാവധി പൂര്‍ത്തിയാകുന്നതിനുമുമ്പ് ബോണ്ട് കൈമാറ്റം ചെയ്താലും ഇന്‍ഡക്സേഷന്‍ ആനുകൂല്യം ലഭിക്കുമെന്നും സമ്പൂര്‍ണ ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്സ് ഇളവ് ബോണ്ട് തിരിച്ചുനല്‍കുമ്പോള്‍ ലഭിക്കുമെന്നും റവന്യൂവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ബോണ്ട് എങ്ങനെ തിരിച്ചുനല്‍കാം?
കാലാവധിപൂര്‍ത്തിയാകുമ്പോള്‍ പണമായി മാത്രമേ ബോണ്ട് തിരിച്ചുനല്‍കാനാവൂ. ബോണ്ടിന്‍റെ പലിശനിരക്ക് കണക്കാക്കുന്നത് നിക്ഷേപിക്കുന്ന സമയത്തെ സ്വര്‍ണത്തിന്‍റെ മൂല്യം കണക്കാക്കിയാണ്. ഗ്രാമിന്‍റെ അടിസ്ഥാനത്തിലുള്ള സ്വര്‍ണത്തിന്‍റെ മൂല്യമനുസരിച്ചുള്ള നിക്ഷേപത്തുക സ്വര്‍ണത്തിന്‍റെ അപ്പോഴത്തെ വില കണക്കാക്കിയായിരിക്കും നിശ്ചയിക്കുക. നിക്ഷേപം കണക്കാക്കുന്ന സമയം മുതല്‍ സ്വര്‍ണത്തിന്‍റെ വില കുറയുകയാണെങ്കിലോ മറ്റേതെങ്കിലും കാരണത്താലോ മൂന്നു വര്‍ഷത്തെ കാലാവധി കൂടി നിക്ഷേപകന് അനുവദിക്കും. സ്വര്‍ണത്തിന്‍റെ വില കൂടുമ്പോഴും കുറയുമ്പോഴും അതിന്‍റെ ലാഭ-നഷ്ട സാധ്യതകള്‍ നിക്ഷേപകര്‍ക്കായിരിക്കും. സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തെക്കുറിച്ച് നിക്ഷേപകന്‍ ബോധവാനായിരിക്കണം.