Published: 27 Oct 2021

മംഗൾസൂത്ര: ഭാരതീയ വധുക്കളെ ബന്ധിക്കുന്ന വിശുദ്ധ നൂലിന്റെ കഥ

mangalsutra

മാംഗല്യ സൂത്രം: ഇന്ത്യന്‍ ദാമ്പത്യത്തിലെ വിശുദ്ധ ചരടിന്‍റെ കഥ

ഇന്ത്യൻ വിവാഹ ആഭരണങ്ങളിലെയും വിവാഹ ചടങ്ങുകളിലെയും ഒരു പ്രധാന ഘടകമാണ് മാംഗല്യസൂത്രം. 'വിശുദ്ധ ചരട്' എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം. രാജ്യത്തെ മിക്കവാറും എല്ലാ സമുദായങ്ങൾക്കും പ്രദേശങ്ങൾക്കും തങ്ങളുടേതായ മാംഗല്യസൂത്രമുണ്ട്. ഒരുപക്ഷേ, അവയുടെ പേര്, ആകൃതി, അല്ലെങ്കിൽ രൂപകൽപ്പന എന്നിവയെല്ലാം പരസ്പരം വ്യത്യാസപ്പെട്ടേക്കാം.  വ്യത്യസ്ത രീതിയിലുള്ള ഈ മാംഗല്യ സൂത്രങ്ങളിലെല്ലാം പൊതുവായുള്ള ഒരു കാര്യം സ്വര്‍ണത്തിന്‍റെ വ്യാപകമായ ഉപയോഗമാണ്. പ്രാദേശിക ഭേദമില്ലാതെ ശുഭകരമായി കണക്കാക്കപ്പെടുന്ന ഒരു പാരമ്പര്യമാണിത്. മാംഗല്യ സൂത്രത്തിന്‍റെ പവിത്രത ഇന്ത്യയിലെ ഭാഷയുടെയും സംസ്കാരത്തിന്‍റെയും മതത്തിന്‍റെയും എല്ലാ അതിരുകളെയും ഭേദിക്കുന്നു. 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും പാരമ്പര്യങ്ങളിലും നിലനില്‍ക്കുന്ന മാംഗല്യസൂത്രത്തിന്‍റെ ചില രൂപങ്ങൾ നമുക്ക് നോക്കാം: 

തെക്കൻ സംസ്ഥാനങ്ങൾ 

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് മാംഗല്യസൂത്രത്തിന്‍റെ ഉത്ഭവമെന്നും, അത് ക്രമേണ രാജ്യത്തെ മറ്റ് പ്രദേശങ്ങളും സ്വീകരിക്കുകയായിരുന്നുവെന്നും പരക്കെ വിശ്വസിക്കപ്പെടുന്നു. ദക്ഷിണേന്ത്യയില്‍ വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങള്‍ക്കിടയിലും ജാതിവിഭാഗങ്ങൾക്കിടയിലും ഈ വിശുദ്ധ ചരടിനെ പല പേരുകളിൽ വിളിക്കുന്നു. അതിൽ ഏറ്റവും പ്രശസ്തമായതാണ് താലി അഥവാ തിരുമാംഗല്യം. ഒരു നീണ്ട മഞ്ഞ ചരടും, പരംദേവിയെ പ്രതിനിധീകരിക്കുന്ന ഒരു സ്വർണ്ണ ലോക്കറ്റുമാണ് ഇതിലുള്ളത്.

mangalsutra

തമിഴ്‌നാട്

സ്നേഹം, ബഹുമാനം, കുലീനത, ശാശ്വതമായ ദാമ്പത്യബന്ധം എന്നിവയുടെ പ്രതീകമാണ് താലി. തമിഴ്‌നാട്ടിൽ, വ്യത്യസ്തവിഭാഗങ്ങൾക്കിടയിൽ താലിയുടെ ഡിസൈനുകൾ വ്യത്യാസപ്പെടുന്നു. തുളസി മരം, ശിവൻ എന്നിങ്ങനെയുള്ള ചിഹ്നങ്ങൾ അയ്യർ സമുദായത്തിന്‍റെ മാംഗല്യസൂത്രങ്ങളിൽ കാണാം, അതേസമയം അയ്യങ്കാർ താലികളിൽ വിഷ്ണു ഭഗവാന്‍റെ രൂപമായിരിക്കും. 

കേരളം 

mangalsutra

സ്വർണ്ണത്തിന് കേരളത്തിന്‍റെ സാംസ്കാരികവും ചരിത്രപരവുമായ പാരമ്പര്യത്തിൽ വളരെ വലിയ സ്ഥാനമാണുള്ളത്, വിവാഹചടങ്ങുകളിലെ പ്രധാന ആകർഷകമാണ് വധുവിന്‍റെ സ്വർണ്ണാഭരണങ്ങൾ. പല സമുദായങ്ങൾക്കിടയിലും ഇലയോട് സാമ്യമുള്ള നേർത്ത ഒരു താലിയാണുള്ളത്. ചിലയിടങ്ങളിൽ ഇതിനെ ഇലത്താലി എന്ന് വിളിക്കാറുണ്ട്. ശുദ്ധമായ സ്വർണ്ണത്തിൽ നിർമ്മിച്ച ഇല ആകൃതിയിലുള്ള പെൻഡന്‍റും നീളമുള്ള ഒരു സ്വർണ്ണ ചെയിനും ചേർന്ന ഒരു താലിയാണിത്. സമകാലികമായ പല താലി ഡിസൈനുകളും, കൂടുതലായി കസ്റ്റമൈസ് ചെയ്യപ്പെട്ടവയാണ്. സ്വർണ്ണ താലിയിൽ വജ്രങ്ങളോ മാണിക്യങ്ങളോ വരന്‍റെ ഇനീഷ്യലുകളോ എംബഡ് ചെയ്തുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. 

സിറിയൻ ക്രിസ്ത്യൻ വിവാഹങ്ങളിലെ പരമ്പരാഗത മാംഗല്യ സൂത്രമായ മിന്നിന് സാക്ഷ്യം വഹിക്കാൻ കഴിയുന്നതും കേരളത്തിലാണ്സിറിയൻ ക്രിസ്ത്യാനികളുടെ വിവാഹ ചടങ്ങുകളില്‍  ഒരു പ്രധാന ഭാഗമാണ് സ്വർണ്ണാഭരണങ്ങൾ.  മോതിരം മാറൽ മുതൽ മന്ത്രകോടി (സ്വർണ്ണവും വെള്ളിയും കൊണ്ടുള്ള നൂലുകളാൽ എംബ്രോയിഡറി ചെയ്ത ഒരു സിൽക്ക് സാരി) കൈമാറ്റം വരെയുളളവയില്‍ ഇത് കാണാം. ഹൃദയാകൃതിയിലുള്ള ഒരു മെഡലിയണിൽ 13 സ്വർണ്ണ മുത്തുകൾ ഉൾക്കൊള്ളിച്ച് കുരിശ് ആകൃതിയിൽ രൂപപ്പെടുത്തിയ ഒരു ചെറിയ പെൻഡന്‍റാണ് മിന്ന്.  വരന്‍റെ കുടുംബം സമ്മാനിച്ച മന്ത്രകോടിയിൽ നിന്ന് എടുത്ത നൂലുകൾ കൊണ്ട് പെൻഡന്‍റ് കെട്ടുന്നു. കേരളത്തിന്‍റെ തെക്കൻ ഭാഗങ്ങളിൽ (തിരുവിതാംകൂർ) മുസ്ലീം വധുക്കളും താലി ധരിക്കുന്നു.

ആന്ധ്രാപ്രദേശ്  

ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടകയിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ വധുക്കൾ സമാനമായ ഡിസൈനുകളിലുള്ള താലികളാണ് ധരിക്കുന്നത്. പുസ്തേലു, രാമർ താലി, ബോട്ടു (തെലുങ്കിൽ) എന്നൊക്കെ ഇത് അറിയപ്പെടുന്നു. ദേവി പരാശക്തിയെയും ശിവനെയും പ്രതിനിധീകരിക്കുന്ന വൃത്താകൃതിയിലുള്ള ഒരു ഡിസ്ക് ഇതിൽ ഉണ്ടാകും. ഉത്തരേന്ത്യൻ മാംഗല്യസൂത്രങ്ങൾക്ക് സമാനമായി, ഈ താലികൾ സാധാരണ ഒരു സ്വർണ്ണ മാലയിലോ, കറുപ്പുനിറത്തിലും സ്വർണ്ണനിറത്തിലുമുള്ള മുത്തുകൾ ചേര്‍ന്ന മാലയിലോ ചേര്‍ക്കുന്നു. രസകരമായ ഒരു കാര്യം, പല തെലുങ്ക് സമുദായങ്ങളിലും വരന്‍റെ കുടുംബവും വധുവിന്‍റെ കുടുംബവും താലിക്കായി ഓരോ ഡിസ്ക് വീതം നൽകുന്നു എന്നതാണ്. 

കർണാടക  

mangalsutra

ആകർഷകമായ ആചാരങ്ങളും പാരമ്പര്യങ്ങളും ഉൾക്കൊള്ളുന്ന രസകരവും, ഊർജ്ജസ്വലവുമായ ചടങ്ങാണ് കൂർഗി വിവാഹങ്ങൾ. വെഡ്ഡിംഗ് തീം, നിറങ്ങള്‍, ആഭരണങ്ങള്‍ എന്നിങ്ങന ഏതുമാകട്ടെ, കൂര്‍ഗി വിവാഹങ്ങളിലെ ഒരു പ്രധാന സാന്നിദ്ധ്യമാണ് സ്വർണ്ണം.  കൂർഗി വധുക്കൾ വിവാഹത്തിന്‍റെ പ്രതീകമായി  മാംഗല്യസൂത്രത്തിന് തുല്യമായ കാർത്തമണി പഥക് എന്ന സ്വർണ്ണാഭരണമാണ് ധരിക്കുന്നത്. ഒരു കൊടവ (കൂർഗി ) വധുവിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ആഭരണങ്ങളിൽ ഒന്നാണിത്. ഈ ആഭരണത്തിന്‍റെ രണ്ട് പ്രത്യേകഭാഗങ്ങളാണ് കാർത്തമണിയും പഥക്കും., ലക്ഷ്മി ദേവിയുടെയോ വിക്ടോറിയ രാജ്ഞിയുടെയോ ചിത്രമുള്ള ഒരു വലിയ സ്വർണ്ണ നാണയവും, നാണയത്തിനു ചുറ്റും ചെറിയ മാണിക്യങ്ങളുമുള്ള ഒരു സ്വർണ്ണ പെൻഡന്‍റാണ് പഥക്. ഈ കോയിൻ പെൻഡനന്‍റിനു മുകളിൽ മൂർഖന്‍റെ രൂപം നൽകിയിരിക്കുന്നു, ഇത് പ്രത്യുൽപ്പാദനക്ഷമതയെ സൂചിപ്പിക്കുന്നു.

ഒരു ചരടിൽ പവിഴങ്ങളും സ്വർണ്ണ മുത്തുകളും കോർത്ത് നിർമ്മിച്ച ഒരു നെക്ലസാണ് കാർത്തമണി. പലപ്പോഴും ചരടിനുപകരം ഒരു സ്വർണ്ണ മാല ഉപയോഗിക്കുന്നു. മറ്റെല്ലാ മാംഗല്യസൂത്ര ആചാരങ്ങളിൽ നിന്നും വ്യത്യസ്തമായി, വിവാഹത്തിന് തലേനാൾ വധുവിന്‍റെ അമ്മ ഇത് വധുവിനെ അണിയിക്കുന്നു എന്നതാണ് കാർത്തമണി പഥക്കിനെ സംബന്ധിച്ച് കൗതുകകരമായ ഒരു കാര്യം. 

മഹാരാഷ്ട്ര, ഗുജറാത്ത്  

mangalsutra

മഹാരാഷ്ട്രയിലെ മാംഗല്യസൂത്രത്തെ ശ്രദ്ധേയമാക്കുന്നത് കറുപ്പ് നിറത്തിലും സ്വർണ്ണനിറത്തിലുമുള്ള മുത്തുകളാണ്.ഇവ ഇരട്ട ചരടിൽ ഒരുമിച്ച് കോർക്കുന്നു. മധ്യത്തില്‍ രണ്ട് സ്വർണ്ണ വതികൾ അല്ലെങ്കിൽ കപ്പുകൾ കൊണ്ടുള്ള പെൻഡന്‍റാണ് ഉള്ളത്. ഈ വതി രൂപം ശിവനെയും ശക്തിയെയും സൂചിപ്പിക്കുന്നു, സ്വർണ്ണ മുത്തുകളുടെ രണ്ട് ഇഴകൾ ഒരുമിച്ച് സംയോജിപ്പിച്ചത് വിശുദ്ധ ഐക്യത്തെ സൂചിപ്പിക്കുന്നു. മാംഗല്യസൂത്ര ഇഴയിലെ കറുത്ത മുത്തുകൾ തിന്മയെ അകറ്റുമെന്നും വിവാഹത്തിൽ സന്തോഷം പകരുമെന്നുമാണ് വിശ്വാസം.  പുതുതായി വിവാഹിതരായവരാണ് എന്നു കാണിക്കാൻ, വിവാഹത്തിന്‍റെ ഒരു വർഷം മുഴുവൻ വധുക്കള്‍ മാംഗല്യസൂത്രം മുന്നിലേക്ക് തിരിച്ച് ധരിക്കുന്നതും പതിവാണ്.
 
പരമ്പരാഗതമായി, ഗുജറാത്തി വധുക്കൾ അവരുടെ വിവാഹിത പദവി സൂചിപ്പിക്കാൻ ഒരു വജ്ര മൂക്കുത്തി ധരിക്കുന്നു. കറുത്ത മുത്തുകളും സങ്കീർണ്ണമായ സ്വർണ്ണ പെൻഡന്‍റുകളും ഉള്ള ഒരു പരമ്പരാഗത മാംഗല്യസൂത്രവും അവർ ധരിക്കാറുണ്ട്.. മോടി കൂട്ടാൻ ആധുനിക മാംഗല്യസൂത്ര ഡിസൈനുകളിൽ  നീളം കുറഞ്ഞ ചെയ്നും സ്വർണ്ണമോ വജ്രമോ കൊണ്ടുള്ള ഒരു കണ്ടംപെററി പെൻഡന്‍റുമാണ് ഉപയോഗിക്കുന്നത്.

സിന്ധി വിവാഹത്തിന്‍റെയും ഒരു അനിവാര്യ ഘടകമാണ് മാംഗല്യസൂത്രം. ഗുജറാത്തി മാംഗല്യസൂത്രം പോലെ തന്നെ ഇതിലും കറുപ്പിലും സ്വർണ്ണ നിറത്തിലുമുള്ള ചെയിനും ഒരു പെൻഡന്‍റുമാണുള്ളത്. ഇതിന്‍റെ ഡിസൈൻ വധുവിന്‍റെയും വരന്‍റെയും വ്യക്തിഗത അഭിരുചികളെ ആശ്രയിച്ചിരിക്കുന്നു.

ബിഹാർ

mangalsutra

ബിഹാരി സംസ്കാരത്തിൽ, വധുവിന്‍റെ ആഭരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബിച്ചുവ  അല്ലെങ്കിൽ കാൽവിരൽ മോതിരം. ബിഹാരി വധുക്കൾ 'താഗ്‌പാഗ്' എന്നറിയപ്പെടുന്ന ഒരു മാംഗല്യസൂത്രവും ധരിക്കുന്നു. ഇരട്ട ഇഴകളും സ്വർണ്ണ പെൻഡന്‍റുമുള്ള ഒരു വിശിഷ്ടമായ ആഭരണമാണിത്.

കാശ്മീർ

കാശ്മീരിന്‍റെ സവിശേഷമായ വിവാഹാഭരണമാണ് ദിജോർ അല്ലെങ്കിൽ ദെഹ്ജൂർ.. ഇതിൽ ചുവന്ന ചരടിൽ കോർത്തെടുത്ത നിരവധി സ്വർണ്ണ കമ്മലുകളാണുള്ളത്. വിവാഹ ചടങ്ങ് കഴിഞ്ഞയുടൻ വരന്‍റെ കുടുംബം ഈ ചരടിനു പകരം ഒരു സ്വർണ്ണ മാല നൽകുന്നു. ഒരു ചെറിയ സ്വർണ്ണാഭരണം എന്നർത്ഥം വരുന്ന ‘ആഥ്‘ എന്നാണ് ഈ ചെയിൻ അറിയപ്പെടുന്നത്.  
 
ഇന്ത്യൻ വിവാഹ ചടങ്ങുകളിൽ സ്വർണ്ണാഭരണങ്ങളുടെ ഉയർന്നരീതിയിലുള്ള ഉപയോഗമാണുള്ളത്. മാംഗല്യ സൂത്രത്തിന്‍റെ കാര്യത്തിലും  ഇത് യാഥാര്‍ത്ഥ്യമാണ്. സുരക്ഷ, അഭിവൃദ്ധി, ദീർഘായുസ്സ്, സുസ്ഥിരത എന്നിവയെ സൂചിപ്പിക്കുന്നതാണ് സ്വർണ്ണം . ഇന്ത്യൻ വധുവിന്‍റെ ആടയാഭരണങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തതാണ് സ്വർണ്ണ മാംഗല്യസൂത്രം. ഇന്നത്തെ കാലത്ത്, പലപ്പോഴും ഒരു ആധുനിക ട്വിസ്റ്റ് നൽകി വധുക്കൾ അവരുടെ ഇഷ്ടാനുസരണം ഇത് കസ്റ്റമൈസ് ചെയ്യുന്നു. അതിന്‍റെ രൂപവും ആകൃതിയും ചടങ്ങുകളും സമൂഹങ്ങൾക്കിടയിൽ വ്യത്യാസപ്പെട്ടിരിക്കാം. പക്ഷേ അതിർത്തികളും ഭാഷകളും കടന്ന്, സ്നേഹത്തിന്‍റെയും വിശുദ്ധ ഐക്യത്തിന്‍റെയും പ്രതീകമായി ഇത് ഇന്നും ശക്തമായി നിലനിൽക്കുന്നു.