Published: 28 Oct 2021
2021 സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന് ഒരു നല്ല വർഷമായിരിക്കുന്നതിന്റെ കാരണം
ദുർബലമായ കറൻസി, പണപ്പെരുപ്പം എന്നിവയ്‌ക്കെതിരെ ഒരു നല്ല പ്രതിരോധം എന്ന നിലയിലും അനിശ്ചിതത്വങ്ങളുടെ ഘട്ടങ്ങളിലെ സുരക്ഷിതമായ നിക്ഷേപം എന്ന നിലയിലും സ്വർണം ചരിത്രപരമായി തന്നെ അംഗീകാരം നേടിയെടുത്തിട്ടുണ്ട്. ഇതിന്‍റെ യാഥാര്‍ത്ഥ്യം ഏറെ പ്രകടമായ വര്‍ഷമായിരുന്നു 2020. ആഗോളതലത്തിൽ മഹാമാരി വ്യാപിക്കുകയും സ്വർണ്ണത്തിന്‍റെ ആവശ്യകത ഉയരുകയും ചെയ്തു.
കോവിഡ് 19-ന്‍റെ പശ്ചാത്തലത്തിൽ 2020-ൽ സ്വർണം ഒരു മുൻനിര നിക്ഷേപമായി മാറി. രണ്ടാം തരംഗത്തിന്‍റെ രൂപത്തില്‍ മഹാമാരിക്ക് ഉണ്ടായ പുനരുജ്ജീവനം, 2021-ലും സമാനമായ വെല്ലുവിളികൾക്ക് കളമൊരുക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിലും മൂല്യം നിലനിർത്തുന്നു എന്നതു കൊണ്ടാണ് സ്വർണ്ണം ഇത്രയും മൂല്യവത്തായ നിക്ഷേപമായി മാറുന്നത്.
സ്വര്‍ണ്ണ നിക്ഷേപത്തിന്‍റെ അടിസ്ഥാനങ്ങള്‍
കാലപ്പഴക്കം ചെന്ന ഒരു നിക്ഷേപ മാര്‍ഗമാണ് സ്വർണ്ണം. ഹ്രസ്വകാലയളവില്‍ വിലയിലെ ഏറ്റക്കുറച്ചിലുകൾ പ്രതീക്ഷിക്കാമെങ്കിലും സ്വര്‍ണ്ണത്തിന്‍റെ പ്രസക്തി ഒരിക്കലും തര്‍ക്കവിഷയമായിരുന്നില്ല. കാരണം വ്യക്തിഗത തലത്തിലും സർക്കാർ തലത്തിലും (ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ വിദേശ കരുതൽ ധനം എന്ന നിലയില്‍ സ്വർണം ശേഖരിക്കുന്നു) ആവശ്യകതയുള്ള നിക്ഷേപമാണ് സ്വർണ്ണം. റിസ്ക് ക്രമീകൃത വരുമാനവും പോർട്ട്ഫോളിയോ വൈവിധ്യവൽക്കരണവും ഉറപ്പാക്കുന്നു എന്നതിനാല്‍, ഇന്ന് ലോകമെമ്പാടുമുള്ള നിക്ഷേപകർ പരമ്പരാഗത ഓഹരികൾക്കും ബോണ്ടുകൾക്കുമുള്ള ഒരു ബദലായി സ്വര്‍ണത്തെ കാണുന്നു. അതിനാല്‍, നിങ്ങളുടെ പോർട്ട്‌ഫോളിയോയുടെ ഒരു ഭാഗം സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്.
സ്വര്‍ണ്ണത്തിന്‍റെ വര്‍ദ്ധിച്ച പ്രാധാന്യം
വര്‍ഷങ്ങള്‍ കൊണ്ട്, വിവിധ കാരണങ്ങളാല്‍ നിക്ഷേപകർ ഒരു മുഖ്യധാര ആസ്തി എന്ന നിലയില്‍ സ്വര്‍ണത്തെ കണക്കാക്കിത്തുടങ്ങി. 2001 മുതലുള്ള കാലയളവില്‍ സ്വർണ്ണത്തിന്‍റെ ആഗോള ആവശ്യകത ശരാശരി 15% വർധിച്ചു, അതേ കാലയളവിൽ സ്വർണ്ണത്തിന്‍റെ വിലയില്‍ പതിനൊന്ന് മടങ്ങ് വർധനയാണ് ഉണ്ടായത്. ഓഹരികളും ബോണ്ടുകളും പോലെയുള്ള പരമ്പരാഗത നിക്ഷേപങ്ങൾ തങ്ങളുടെ പോർട്ട്‌ഫോളിയോയ്ക്ക് സുരക്ഷ കൂട്ടാൻ പര്യാപ്തമല്ലെന്ന് നിക്ഷേപകര്‍ തിരിച്ചറിഞ്ഞു. സ്വര്‍ണ്ണം മറ്റ് ആസ്തികളുമായി ബന്ധപ്പെട്ടിരിക്കുന്നില്ല എന്നതുകൊണ്ടും ഉയർന്ന ലിക്വിഡിറ്റി ഉള്ളതാണ് എന്നതുകൊണ്ടും, പ്രതിസന്ധി ഘട്ടങ്ങളിൽ തങ്ങളുടെ നിക്ഷേപങ്ങള്‍ മുഴുവനായി കുഴപ്പത്തിലാകില്ലെന്ന് ഉറക്കാക്കാന്‍ ഇതിലൂടെ നിക്ഷേപകര്‍ക്ക് സാധിക്കും. കഴിഞ്ഞ വർഷത്തെ സ്വർണ്ണത്തിന്‍റെ പ്രകടനം അതിന്‍റെ പ്രസക്തി വർദ്ധിപ്പിക്കുകയും റീട്ടെയിൽ നിക്ഷേപകർക്കുള്ള നിക്ഷേപ ഉപകരണം എന്ന നിലയില്‍ ഉയർന്നു വരികയും ചെയ്തു.
സ്വര്‍ണം ഒരു വ്യാപാരച്ചരക്ക് അഥവാ കമോഡിറ്റി എന്ന നിലയില്‍
വ്യാപാരച്ചരക്കുമായി ബന്ധപ്പെട്ട സൂചികയുടെ അഥവാ കമോഡിറ്റി ഇന്‍ഡെക്‌സിന്‍റെ അനിവാര്യ ഘടകമാണ് സ്വര്‍ണം. എന്നിരുന്നാലും, മറ്റ് ആസ്തികളിൽ നിന്ന് വേറിട്ടു നില്‍ക്കുന്ന സവിശേഷതകള്‍ സ്വര്‍ണ്ണത്തിനുണ്ട്. ഇത് ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രകടനത്തിലും പ്രതിഫലിക്കുന്നു. ദൗർലഭ്യതയുള്ളതും, എന്നാൽ എളുപ്പത്തില്‍ പണമാക്കി മാറ്റാന്‍ സാധിക്കുന്നതുമാണ് എന്നതിനാല്‍, ഇത് നിങ്ങളുടെ പോർട്ട്‌ഫോളിയോയെ പ്രയാസകരമായ സമയങ്ങളിൽ സംരക്ഷിക്കുന്ന സുരക്ഷിതമായ ഒരു ആസ്തിയാണ്. സ്വര്‍ണ്ണത്തിന്‍റെ വിതരണം ഭൂമിശാസ്ത്രപരമായി വ്യത്യാസപ്പെട്ടിരിക്കുന്നു, അതുകൊണ്ടു തന്നെ അതിന്‍റെ ചാഞ്ചാട്ടം പരിമിതമാണ്. കൂടാതെ, ആഭരണം എന്ന നിലയിലുള്ള സ്വര്‍ണ്ണത്തിന്‍റെ ഉപയോഗം മറ്റ് ആസ്തികളുമായുള്ള അതിന്‍റെ ബന്ധത്തെ കുറയ്ക്കുന്നു. ഗോള്‍ഡ് ട്രേഡിംഗില്‍ സര്‍ക്കാരുകളുടെ പങ്കാളിത്തവും ഉണ്ട് എന്നതിനാല്‍, അതിന്‍റെ മൂല്യം ക്രമാതീതമായി നഷ്ടപ്പെടാനുള്ള സാധ്യത വിരളമാണ്. ഇതെല്ലാം തന്നെ സ്വര്‍ണത്തെ ഗൗരവമായി പരിഗണിക്കേണ്ട ഒരു നിക്ഷേപമാർഗ്ഗമാക്കി മാറ്റുന്നു.
ഇന്ത്യൻ സാഹചര്യം
മഹാമാരിക്കാലത്ത് ലോകമെമ്പാടും സ്വർണ്ണ വില ഉയർന്നു, ഇന്ത്യയിൽ 10 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് ഏകദേശം 58,000 രൂപ വരെയായി. എന്നാല്‍, 2021-ല്‍ സ്വര്‍ണ്ണത്തിന്‍റെ വില നിരന്തരമായ വ്യതിയാനങ്ങള്‍ പ്രകടമാക്കി. എങ്കിലും, ഇത് ഈ വർഷം സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിൽ നിന്ന് പിന്തിരിയാനുള്ള കാരണം ആകേണ്ടതില്ല. എന്തുകൊണ്ടാണത്? കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച കസ്റ്റംസ് ഡ്യൂട്ടി ഇളവ് പ്രകാരം, സ്വര്‍ണ്ണം വാങ്ങുന്നവര്‍ ഇപ്പോള്‍ 14.07% നികുതിയാണ് അടയ്ക്കേണ്ടത്. മുമ്പ് 16.26% ആയിരുന്നു ഇത്. ഈ കുറവ് സ്വര്‍ണ്ണവിലയില്‍ പ്രതിഫലിച്ചേക്കാം. പക്ഷേ, ഇതിലൂടെ സ്വർണം വാങ്ങുന്നത് 2020-നെ അപേക്ഷിച്ച് കൂടുതൽ ആകർഷകവും താങ്ങാവുന്നതുമാകുന്നു. മാത്രമല്ല, ഗോള്‍ഡ് സ്‌പോട്ട് എക്‌സ്‌ചേഞ്ചുകളുടെ റെഗുലേറ്ററായി സെബി എത്തുകയും ചെയ്തതോടെ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ തയാറായവര്‍ക്ക് അതിന്‍റെ ഗുണനിലവാരം സംബന്ധിച്ച ഉറപ്പില്‍ ആശങ്കയുണ്ടാവില്ലെന്ന സ്ഥിതിയും കൈവന്നു. കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ച ഇത്തരം മാറ്റങ്ങൾ സ്വർണ്ണ നിക്ഷേപത്തെ മുന്നോട്ട് നയിക്കുന്നതാണ്. കാരണം വില കുറയുമ്പോൾ കൂടുതൽ ആളുകളില്‍ സ്വർണം വാങ്ങാനുള്ള താല്‍പ്പര്യമുണ്ടാകും.
പണപ്പെരുപ്പത്തെ മറികടക്കുന്നു
Gold and commodity returns in rupees as a function of annual inflation*
2008-ലെ ഓഹരി വിപണിയുടെ തകര്‍ച്ചയാകട്ടെ, 2020-ലെ കൊവിഡ് 19 മഹാമാരിയാകട്ടെ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളില്‍ ലോകം സാക്ഷ്യംവഹിച്ചത് കാര്യമായ സാമ്പത്തിക അസ്ഥരിതയ്ക്കാണ്.
സ്വർണ്ണവും ഓഹരി വിപണിയും തമ്മില്‍ പൊതുവെ ഒരു നെഗറ്റീവ് തലത്തിലുള്ള പരസ്പരബന്ധമാണ് ഉള്ളത്. അതിനാലാണ് കഴിഞ്ഞ ദശകത്തിൽ സ്വർണ വില ഏകദേശം ഇരട്ടിയായത്. ഉയർന്ന പണപ്പെരുപ്പ സാഹചര്യങ്ങളിൽ സ്വർണ്ണം മികച്ച പ്രകടനം കാഴ്ചവെക്കുന്നു എന്നും, പണച്ചുരുക്ക സാഹചര്യങ്ങളിലും അതിന്‍റേതായ മൂല്യം നിലനിര്‍ത്തുന്നുവെന്നും ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ഉയർന്ന പണപ്പെരുപ്പം, ദുർബലമായ ഡോളർ തുടങ്ങിയ സവിശേഷമായ സാമ്പത്തിക സാഹചര്യങ്ങളിൽ, സ്വർണം മറ്റ് പല ആസ്തികളെയും മറികടക്കുന്നു. നിങ്ങളുടെ പോർട്ട്‌ഫോളിയോയുടെ ഒരു ചെറിയ ശതമാനം സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിലൂടെ, നിങ്ങളുടെ സമ്പത്ത് സംരക്ഷിക്കാനും അതിന് സുരക്ഷ വർദ്ധിപ്പിക്കാനും കഴിയും.
കുറഞ്ഞ പലിശ നിരക്ക്
ഒരു കമോഡിറ്റി എന്ന നിലയിൽ പലിശ നിരക്കുകളോട് വളരെ സെൻസിറ്റീവാണ് സ്വർണ്ണം. 2020-ൽ, തുടര്‍ച്ചയായ കുറഞ്ഞ പലിശ നിരക്കും ഡോളറിന്‍റെ മൂല്യത്തിലെ നിരന്തരമായ ചാഞ്ചാട്ടവും സ്വർണ്ണ നിക്ഷേപത്തിന്‍റെ ആവശ്യകത വർധിപ്പിച്ചു. എല്ലാ തലങ്ങളിലുമുള്ള കുറഞ്ഞ പലിശ നിരക്ക് കാരണം സ്വർണ്ണം കൈവശം വയ്ക്കുന്നതിലെ ഓപ്പര്‍ച്യൂണിറ്റി കോസ്റ്റ് കുറഞ്ഞതാണ് ഈ വർധനവിന് കാരണം. 2020-ൽ ഇത് വളരെ വ്യക്തമായിരുന്നു. വളരെ കുറഞ്ഞ പലിശ നിരക്കിന്‍റെ ഒരു ഘട്ടത്തില്‍ ഗോള്‍ഡ് ഇടിഎഫുകളിൽ റെക്കോഡ് നിക്ഷേപം ഉണ്ടായപ്പോൾ ഇത് സ്വർണ്ണത്തിന്‍റെ വില വർധനയ്ക്ക് കാരണമായി.
ദീർഘകാല നിക്ഷേപം
Average annual return over the past five and ten years
സാമ്പത്തിക അനിശ്ചിതത്വത്തിന്‍റെ കാലത്ത് നിക്ഷേപകർ സ്വർണ്ണത്തെ ഒരു സുരക്ഷിത താവളമായി കാണുകയും സമ്പദ്‌വ്യവസ്ഥ സുസ്ഥിരമാകുമ്പോൾ പലപ്പോഴും വിൽക്കുകയും ചെയ്യുന്നു. എന്തു തന്നെയായാലും, വളരുന്ന ഒരു സുസ്ഥിര സമ്പദ്‌വ്യവസ്ഥ സ്വർണ്ണത്തിന് മികച്ച വരുമാനം ഉറപ്പാക്കുന്നു. കാരണം, ഇക്കാലയളവില്‍ ആവശ്യകത വര്‍ധിക്കുകയാണ്. വ്യക്തികൾക്ക് വില്‍പ്പനയില്‍ ഉയർന്ന വരുമാനം ലഭിക്കുന്നത് സ്വർണ്ണത്തിന്‍റെ ആവശ്യകത വർധിപ്പിക്കുകയും സ്വർണ്ണ വിലയെ ഗുണപരമായി ബാധിക്കുകയും ചെയ്യുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഇത് കൂടുതല്‍ പ്രസക്തമാണ്. കാരണം, ഇവിടെ സ്വർണ്ണം ഒരു നിക്ഷേപം മാത്രമല്ല, സാംസ്കാരിക പ്രാധാന്യം കൂടി അതില്‍ അടങ്ങിയിരിക്കുന്നു. മറ്റ് സാമ്പത്തിക ആസ്തികൾക്കൊപ്പം മുഖവിലയ്ക്ക് എടുക്കാവുന്ന ഒന്നാണ് സ്വർണ്ണത്തിന്‍റെ പ്രകടനം, പ്രത്യേകിച്ചും പത്ത് വർഷത്തിലധികമുള്ള കാലയളവിന്‍റെ കാര്യത്തില്‍. പലിശ നിരക്ക്, പുതിയ ധനനയങ്ങൾ, ഡോളറിന്‍റെ മാറ്റങ്ങൾ എന്നിവ പോലുള്ള ഹ്രസ്വകാല ഘടകങ്ങൾ വിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുമെങ്കിലും, ദീർഘകാല നിക്ഷേപത്തിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് സ്വര്‍ണ്ണം.
ലിക്വിഡിറ്റി
ആഗോള സ്വര്‍ണ വിപണി വലുതും വളരെ ലിക്വിഡുമാണ്. ഒരുതരത്തിൽ പറഞ്ഞാൽ ഓഹരി, ബോണ്ട് ഉള്‍പ്പെടെയുള്ള പല ധനകാര്യ വിപണികളേക്കാള്‍ വലുതാണ്. ദുർലഭമായ ഒരു കമോഡിറ്റി ആയതിനാല്‍ സ്വര്‍ണത്തിന്‍റെ മൂല്യം എന്നും ഉയര്‍ന്നു തന്നെ നില്‍ക്കുകയും ചെയ്യുന്നു. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ ലിക്വിഡിറ്റി എന്നത് ഒരു ആശങ്കയാണെങ്കില്‍, വിപണിയുടെ ആധുനികവത്കരണം ആ ആശങ്ക പരിഹരിച്ചിട്ടുണ്ട്. ഭൗതിക സ്വര്‍ണം എളുപ്പം പണമാക്കി മാറ്റാന്‍ ചിലപ്പോള്‍ കുറച്ചു ദിവസമെടുക്കുമെങ്കിലും, ഇക്കാലത്ത് ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ് ഫണ്ട് പോലുള്ള സ്വര്‍ണത്തിന്‍റെ ഡിജിറ്റല്‍ ഫോര്‍മാറ്റുകള്‍ തല്‍ക്ഷണം പണമാക്കി മാറ്റാന്‍ സാധിക്കുന്നവയാണ്. ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ് ഫണ്ട് എന്നിവയ്ക്ക് സ്വര്‍ണത്തിന്‍റെ പരിശുദ്ധി, സംഭരണം എന്നിങ്ങനെയുള്ള ആശങ്കകളുമില്ല എന്നത് സ്വര്‍ണത്തെ ഈ വര്‍ഷങ്ങളിലെ ലാഭകരമായ നിക്ഷേപമാക്കുന്നു.
ഈ ഘടകങ്ങൾ 2021-ൽ സ്വർണ്ണത്തെ ഒരു ലാഭകരമായ നിക്ഷേപമാക്കുന്നു. സുരക്ഷിതമായ നിക്ഷേപം എന്ന പരമ്പരാഗത സങ്കല്‍പ്പം ഇപ്പോഴും നിലനിർത്തിക്കൊണ്ട് തന്നെ സാമ്പത്തിക അസ്ഥിരത ഉള്ള സമയത്ത് പോലും നിക്ഷേപകര്‍ക്ക് നല്ല വരുമാനം ഉറപ്പാക്കുന്നു. ഏതൊരു നിക്ഷേപത്തിലും വിലയില്‍ ചാഞ്ചാട്ടം സാധാരണമാണ്. എന്നാല്‍, സമാനതകളില്ലാത്ത വളര്‍ച്ചയാണു സ്വര്‍ണം കാണിച്ചിരിക്കുന്നത്. എളുപ്പം പണമാക്കി മാറ്റാന്‍ കഴിയുമെന്നതും ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ് ഫണ്ട് എന്നിങ്ങനെ സ്വര്‍ണം പല രൂപത്തില്‍ ലഭ്യമാകുമെന്നതും സ്വര്‍ണ നിക്ഷേപത്തെ ഏറ്റവും സൗകര്യപ്രദവും ലാഭകരവുമായ നിക്ഷേപമാക്കി മാറ്റുന്നു. നിങ്ങളുടെ പോർട്ട്‌ഫോളിയോയുടെ 5 മുതല്‍ 10 ശതമാനം വരെ സ്വര്‍ണത്തില്‍ നിക്ഷേപിക്കുകയാണെങ്കില്‍ പോര്‍ട്ട്‌ഫോളിയോ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താനും, നിക്ഷേപങ്ങള്‍ വൈവിധ്യവത്കരിക്കാനും, റിസ്‌ക് അഡ്ജസ്റ്റഡ് റിട്ടേൺ ഉറപ്പാക്കാനും സഹായിക്കും. സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അതിന് ഏറ്റവും പറ്റിയ നല്ല സമയമാണിത്.