Published: 10 Sep 2018
ആസാമിന്റെ പരമ്പരാഗത സ്വർണ്ണാഭരണ ഡിസൈനുകൾ
നൂറ്റാണ്ടുകളായി സ്വർണ്ണാഭരണളുടെ രൂപകൽപ്പന ആസമിലെ ഒരു ജനകീയ കലാരൂപമാണ്. ഇന്ന് ആസാം എന്നു വിളിക്കുന്ന പ്രദേശം 600 വർഷങ്ങളോളം ഭരിച്ച് അഹോം രാജവംശമാണ് നദികളിലെ മണലിൽ നിന്ന് സ്വർണ്ണപ്പൊടി അരിച്ചെടുക്കുന്ന സമ്പ്രദായത്തിന് പ്രചാരം നൽകിയത്. മദ്ധ്യകാല ആസാമിൽ സ്വർണ്ണംകഴുകൽ എന്ന പരമ്പരാഗത സ്വർണ്ണഖനന സമ്പ്രദായവും – അരിപ്പ കൊണ്ട് മണലിൽ നിന്ന് സ്വർണ്ണം അരിച്ചെടുക്കന്ന രീതി – സ്വർണ്ണനിർമ്മാണവും പുഷ്ടിപ്രാപിച്ചിരുന്നു.
അക്കാലത്ത് രാജകുടുംബാംഗങ്ങൾ മാത്രമേ സ്വർണ്ണാഭരണങ്ങൾ ധരിച്ചിരുന്നുള്ളൂ. എന്നാൽ ഈ അവസ്ഥ ക്രമേണ മാറുകയും സ്വർണ്ണം തദ്ദേശവാസികൾക്കിടയിൽ പ്രചാരത്തിലാവുകയും ചെയ്തു.
സസ്യങ്ങൾ, മൃഗങ്ങൾ, വീട്ടിലുപയോഗിക്കുന്ന വസ്തുക്കൾ, സംഗീതോപകരണങ്ങൾ എന്നിവയായിരുന്നു മിക്ക ആസാമി സ്വർണ്ണാഭരണ ഡിസൈനുകളുടെയും പ്രചോദനം. ഇതിൽ ഭൂരിപക്ഷം ആഭരണങ്ങളും പരമ്പരാഗതമായി സ്വർണ്ണം പൂശിയവയായിരുന്നു. എന്നാൽ ആധുനിക ആഭരണങ്ങളിൽ സ്വർണ്ണം അടിസ്ഥാന ലോഹമായി വരുന്നുണ്ട്.
ഇന്നും ഏറെ പ്രചാരത്തിലുള്ള ചില ക്ലാസിക് ആസാമി സ്വർണ്ണാഭരണങ്ങളെ പരിചയപ്പെടാം:
-
ലോകപാറോ
ഒരു ആസാമീസ് വധുവിന് ഒട്ടും ഒഴിച്ചുകൂടാനാവാത്ത ആഭരണക്കൂട്ടായ ലോകപാറോയിൽ അടങ്ങിയിരിക്കുന്നത് പ്രാവുകളുടെ രൂപങ്ങൾക്കൊണ്ടലങ്കരിച്ച ഒരു പതക്കവും ഒരു ജോഡി കമ്മലുമാണ്. (‘പാറോ’ എന്നാൽ പ്രാവ്). സ്വർണ്ണംകൊണ്ടും മാണിക്യക്കല്ലുകൊണ്ടും തീർത്ത ഈ ആഭരണം തുടക്കത്തിൽ അഹോം രാജവംശത്തിലെ വിശിഷ്ട വ്യക്തികൾ ധരിച്ചിരുന്നവയാണ്. ലോകപാറോയെ സൂക്ഷമമായി പരിശോധിച്ചാൽ അതിൽ പളുങ്കുപൂശിയതായി കാണാം (സ്ഫടികത്തിന്റെ നേർത്ത പാളി സ്വർണ്ണവുമായി ചേർത്തുണ്ടാക്കുന്നത്).
കടപ്പാട്: ക്രാഫ്റ്റ്സ്വില്ല
-
ഗംഖരു
പുഷ്പാലങ്കാരങ്ങൾ കൊത്തിവെച്ച, കൊളുത്തുള്ള ഈ സ്വർണ്ണക്കൈവള പരമ്പരാഗതമായി പുരുഷന്മാരാണ് ധരിച്ചിരുന്നത്. ഇന്നത് ആസാമി സ്ത്രീകൾക്കിടിയിലും സർവ്വസാധാരണമായിരിക്കുന്നു. സാധാരണയായി വിവാഹവേളകളിലും, ബിഹു പോലുളള വിശേഷാവസരങ്ങളിലുമാണ് ആളുകൾ ഗംഖരു ധരിക്കുന്നത്.
-
മുത്തിഖരു
പൂർണ്ണമായി സ്വർണ്ണത്തിൽ തീർത്ത, ഉറപ്പും ഘനവുമുള്ള ഒരു കൈവളയായ മുത്തിഖരുവും ആസാമിലെ മണവാട്ടികളുടെ ആഭരണപ്പെട്ടിയിൽ ഒഴിച്ചുകൂടാനാവത്തതാണ്. ദൃഢതയുള്ള രൂപകല്പന കാരണം അതിന് കൈയുടെ അറ്റത്ത് ധരിക്കുന്ന വളയുടെ രൂപഭാവങ്ങളുണ്ട്. വിവാവസരങ്ങൾക്കു പുറമെ ബിഹുവും ദുർഗാപൂജയും പോലുള്ള ഉത്സവേളകളിലും ആസാമികൾ മുത്തിഖരു ധരിക്കാറുണ്ട്.
-
ജോംബിരി
ചന്ദ്രക്കലയുടെ ആകൃതിയിലുള്ള സ്വർണ്ണപതക്കവും കമ്മലുമടങ്ങിയ ജോംബിരി സാധാരണയായി കൈവേല ചെയ്തുണ്ടാക്കുന്നതാണ്. ആസാമിലെ സ്ത്രീകൾ ഇത് വിവാഹവേളകളിലും വിശേഷാവസരങ്ങളിലും ധരിക്കുന്നു.
-
ഗലപോത
വ്യത്യസ്ത പുഷ്പാലങ്കാരങ്ങൾ കൊത്തിവെച്ച ഒരു സ്വർണ്ണ നെക്ലസ് ആണ് ഗോൽപോത അഥവാ ഗലപോത. ലളിതമായി പറഞ്ഞാൽ ഇതൊരു ആസാമി കുടുക്കി മാലയാണ്. മിക്ക ആധുനിക ഗലപോത ഡിസൈനുകളിലും ‘മിനാകാരി’ എന്നറിയപ്പെടുന്ന ചായം പൂശുന്ന കല ഉപയോഗിച്ചിട്ടുള്ളതിനാൽ വളരെ ആകർഷകമായ ആഭരണങ്ങളാണിവ.
Courtesy: Assamvilla
-
ഡോൾബിരി
ആസാമി സ്ത്രീകൾക്കിടയിൽ ഏറ്റവും പ്രചാരത്തിലുള്ള കണ്ഠ, കർണ്ണാഭരണ ശൈലികളിലൊന്നാണ് ഡോൾബിരി. പ്രസിദ്ധമായ ഒരു സംഗീതോപകരണമാണ് ഈ ആഭരണ ഡിസൈനിന്റെ പ്രചോദനം – രൂപത്തിൽ മാത്രമല്ല, പേരിലും. ഡോളിന്റെ രുപത്തിൽ സ്വർണ്ണപാളികൊണ്ട് പൊതിഞ്ഞ ഡോൾബിരി പരമ്പരാഗത ആസാമി ആഭരണങ്ങളിലെ ഏറ്റവും പുരാതന ഡിസൈനുകളിലൊന്നാണ്.
-
കെറുമോണി
തദ്ദേശീയർ വ്യാപകമായി ഉപയോഗിക്കുന്ന, വളരെ സങ്കീർണ്ണമായ കൈവേലകൾ ചെയ്ത, സ്വർണ്ണത്തിൽ തീർത്ത ആഭരണമാണ് കെറുമോണി. വട്ടത്തിൽ, ഒരുഭാഗം പരന്നും മറുഭാഗം ഇടുങ്ങിയും മദ്ധ്യത്തിൽ ദ്വാരവുമുള്ള ഈ ഡിസൈൻ തുടക്കത്തിൽ കാതിലകളിൽ മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. പിന്നീടത് പതക്കങ്ങളിലും ഉപയോഗിക്കാൻ തുടങ്ങി.
-
പെപാ
ഡോൾബിരി പോലെത്തന്നെ ഈ ആഭരണത്തിന്റെ പ്രചോദനവും ഒരു സംഗീതോപകരമാണ്. പോത്തിന്റെ കൊമ്പുകൊണ്ടുണ്ടാക്കിയ ഒരു ആസാമി നാടോടി കുഴൽവാദ്യമാണ് പെപാ. ഈ ഉപകരണത്തിന്റെ രൂപത്തിലുള്ള ആഭരണങ്ങളും നിർമ്മിക്കുന്നു. സ്വർണ്ണത്തിൽ പണിത ഒരു പെപാ സെറ്റിൽ സാധാരണയായി അടങ്ങിയിരിക്കുക സമാനമായ നിറങ്ങളും ഡിസൈനുകളുമുള്ള നെക്ലേസും കാതിലകളുമാണ്.
ശ്രേഷ്ഠമായ കരകൗശലവിദ്യയുടെയും അപാരമായ ആത്മസമർപ്പണത്തിന്റെയും സൃഷ്ടികളായ പരമ്പരാഗത ആസാമി സ്വർണ്ണാഭരണങ്ങൾ അപൂർവ്വവും അനുപമസൗന്ദര്യവുമുള്ളവയാണ്. ഇന്നും ആസാമിലെ സ്വർണ്ണാഭരണവിപണികളിൽ ആരും കൊതിക്കുന്ന ആഭരണ ഡിസൈനുകൾ കാണാനാകും.