Published: 18 Sep 2018
ഇന്ത്യയുടെ ഹുട്ടി ഖനിയുടെ സുവർണ്ണചരിത്രം
1902ൽ ആദ്യമായി കമ്മീഷൻ ചെയ്യപ്പെട്ട ഹുട്ടി ഖനി ലോകത്തിലെ ഏറ്റവും പുരാതന ഖനികളിലൊന്നാണ്. ഈ പ്രദേശത്തെ ഖനനപ്രവർത്തനങ്ങൾക്ക് ഏതാണ്ട് 1900 വർഷങ്ങളുടെ പഴക്കമുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഈ ഖനി കാരണമാണ് കർണ്ണാടകയിലെ റെയ്ച്ചൂർ ജില്ലയിലുള്ള ഹുട്ടി പ്രദേശം തെക്കേ ഇന്ത്യയിലെ വാണിജ്യപ്രാധാന്യമുള്ള സ്ഥലമായി മാറുന്നത്.
പുരാതന ഖനന സമ്പ്രദായങ്ങൾ
35 മീറ്ററിനും 190 മീറ്ററിനും ഇടയിലുള്ള ആഴങ്ങളിലാണ് പുരാത ഖനിത്തൊഴിലാളികൾ പ്രവർത്തിച്ചിരുന്നത്.
പാറകളെ ഇടവിട്ട് ചൂടാക്കുകയും തണുപ്പിക്കുകയും ചെയ്യുന്ന ഫയർ സെറ്റിങ്ങ് ടെക്നിക് എന്നറിയപ്പെട്ടിരുന്ന ഒരു സമ്പ്രദായം ഉപയോഗിച്ചാണ് ഖനികൾ കുഴിച്ചിരുന്നതെന്നാണ് പുരാവസ്തു ഗവേഷകർ അഭിപ്രായപ്പെടുന്നത്.
ലോഹമണ്ണിനെ അരക്കല്ലുകൾകൊണ്ട് പൊടിച്ചാണ് സ്വർണ്ണമെടുത്തിരുന്നത്.
പൊടിച്ച ലോഹമണ്ണിൽ വെള്ളം ചേർത്തുള്ള മിശ്രിതം ആട്ടിൻതൊലിയിലൂടെ കടത്തിവിട്ടാണ് വലിയ സ്വർണ്ണത്തരികൾ അരിച്ചെടുത്തിരുന്നത്.
ബന്ധപ്പെട്ട ലേഖനം: India’s gold mines
ഹുട്ടിയുടെ ചരിത്രത്തിലെ ഉയർച്ച-താഴ്ച്ചകൾ
ഹൈദ്രാബാദ് (ഡെക്കാൻ) കമ്പനി എന്ന സ്ഥാപനത്തിനു വേണ്ടിയാണ് 1880കളിൽ ഹൈദ്രാബാദിലെ നിസാം ഔദ്യോഗികമായി ഈ പ്രദേശത്ത് സ്വർണ്ണഖനനം സംഘടിപ്പിച്ചത്. 1902നും 1918നും ഇടയിൽ 3.8 ലക്ഷം ടൺ ലോഹമണ്ണിൽ നിന്ന് 7.41 ടൺ സ്വർണ്ണം വേർതിരിച്ചെടുക്കപ്പെട്ടു.
ഏതാണ്ട് 40 കൊല്ലങ്ങൾക്കുശേഷം, 1920ൽ, സാമ്പത്തിക പരാധീനത കാരണം ഖനി അടച്ചുപൂട്ടേണ്ടതായി വന്നു. എന്നാൽ ഏകദേശം 1937ൽ, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഖനന പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള നീക്കം നിസാം ആരംഭിച്ചു. അക്കാലത്ത് കൃഷിയായിരുന്ന ഏക ഇതര തൊഴിൽ മേഖല.
അങ്ങിനെ, 1947ൽ, ഹൈദ്രാബാദ് ഗോൾഡ് മൈൻസ് കമ്പനി ലിമിറ്റിഡ് എന്ന സ്ഥാപനത്തിന് കീഴിൽ നിസാം ഖനനം പുനരാരംഭിച്ചു.
1956 ൽ സംസ്ഥാനങ്ങളുടെ പുനഃസംഘടനയ്ക്കുശേഷം ഖനിയുടെ ഉടമസ്ഥത ഹൈദ്രാബാദിൽ നിന്ന് കർണ്ണാടകയ്ക്ക് (അന്ന് മൈസൂർ) കൈമാറ്റം ചെയ്യപ്പെട്ടു. ദി ഹുട്ടി ഗോൾഡ് മൈൻസ് കമ്പനി ലിമിറ്റഡ് (HGML) എന്ന പുതിയ പേരും സ്വീകരിച്ചു.
ബന്ധപ്പെട്ട ലേഖനം: ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഖനികൾ
പുതിയ നാഴികക്കല്ലുകൾ
2011-12ൽ HGML 5.66 ലക്ഷം ടൺ ലോഹമണ്ണ് സംസ്കരിച്ച് ഏതാണ്ട് 2181 കിലോഗ്രാം സ്വർണ്ണം വേർത്തിരിച്ചെടുത്തു. ഖനനമിപ്പോൾ 2600 അടി ആഴത്തിലെത്തിയിരിക്കുന്നു. ദിനംപ്രതി 1500 ടൺ ലോഹമണ്ണിൽ നിന്ന് 7-8 കിലോഗ്രാം സ്വർണ്ണം ഉൽപാദിപ്പിക്കുന്നു.
ഹുട്ടി സ്വർണ്ണഖനി 2015ൽ 1.399 ടണ്ണിനോളം സ്വർണ്ണം ഉൽപാദിപ്പിച്ചു. അതിലും ഉയർന്ന നിലയിലെത്താനായി സംസ്ഥാന സർക്കാർ വിവിധ നടപടികളെടുത്തുകൊണ്ടിരിക്കേ ഹുട്ടി പ്രദേശത്ത് വ്യാപകമായ രീതിയിൽ സ്വർണ്ണഖനനം നടക്കാനുള്ള സാധ്യതയേറിയിട്ടുണ്ട്. അത് ഇന്ത്യയിലെ സ്വർണ്ണവിപണികൾക്ക് വലിയ ഉത്തേജനം നൽകും.