Published: 17 Aug 2018
മുഗൾ സ്വർണ്ണാഭരണങ്ങൾ എങ്ങിനെ അഴകിനെ മാറ്റിയെഴുതുന്നു
പതിനാറാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തിയ മുഗളന്മാർ അവരോടൊപ്പം അസാധരണ പ്രതിഭയും നൈപുണ്യവുമുള്ള കരകൗശലവിദഗ്ദ്ധരെയും കൊണ്ടുവന്നു. അവർ അക്കാലത്ത് നിലനിന്നിരുന്ന സ്വർണ്ണാഭരണങ്ങളെയും ആഭരണകലയെയും പുനഃവ്യാഖ്യാനം ചെയ്തു. ആ കാലഘട്ടത്തിലെ പുകൾപെറ്റ സ്വർണ്ണപ്പണിക്കാരിൽ പലരും മുഗളന്മാരുടെ കീഴിൽ ജോലിചെയ്തു. മനോഹരമായി രൂപകല്പനചെയ്തെടുക്കുന്നു മുഗൾ ആഭരണങ്ങൾ അവയിലെ അതിസങ്കീർണ്ണമായ ചിത്രവേലകളാൽ വേറിട്ടു നിന്നു.
അക്കാലത്തെ ആഭരണങ്ങൾ അധികാരത്തിന്റെയും സമ്പത്തിന്റെയും ചിഹ്നങ്ങളായിരുന്നു. രാജകുടുംബാംഗങ്ങൾ രത്നാലംകൃതമായ തലപ്പാവുകളും കാലവിരലുകളിൽ സ്വർണ്ണമോതിരങ്ങളും കഴുത്തിൽ കനപ്പെട്ട നെക്ലസുകളും അണിഞ്ഞ് ഹേമവിഭൂഷിതരായി അവരുടെ പദവികൾ പ്രദർശിപ്പിച്ചു. മദ്ധേഷ്യയിൽ നിന്നുള്ള ആഭരണ ഡിസൈനുകൾ ഇന്ത്യയിൽ അവതരിപ്പിച്ച മുഗളന്മാർ ഹിന്ദു-ഇസ്ലാമിക ശൈലികളുടെ മേളനത്തിന് വഴിതെളിച്ചു.
പല മുഗൾ രാജാക്കന്മാരും രജപുത്രരാജകുമാരികളെ വിവാഹം ചെയ്തു. അതുവഴി രജപുത്ര ശില്പികളും മുഗളന്മാരുടെ കീഴിലായി. അത് മുഗളന്മാരുടെ അതിസൂക്ഷമ രൂപകൽപ്പനകളും രജപുത്രന്മാരുടെ പകിട്ടാർന്ന ശൈലികളും കൂടിച്ചേർന്ന ഒരു പുത്തൻ സംയോഗത്തിന് ജന്മം നൽകി.
മുഗൾ ആഭരണനിർമ്മാണ സങ്കേതങ്ങൾ
പ്രസിദ്ധമായ കുന്ദൻ ആഭരണശൈലി യ്ക്ക്പ്രചാരം നൽകിയത് മുഗളന്മാരാണ്. സാധാരണ താപനിലയിൽ വെച്ച് സ്വർണ്ണത്തിൽ രത്നങ്ങൾ പിടിപ്പിക്കുന്ന കല മുഗളന്മാരുടെ തനത് ആഭരണനിർമ്മാണ സമ്പ്രദായമായിരുന്നു. കുന്ദൻ എന്ന് വാക്കിന്റെ അർത്ഥം തന്നെ അങ്ങേയറ്റം ശുദ്ധീകരിച്ച സ്വർണ്ണമെന്നാണ്. അതിനാൽ ഏറ്റവുമധികം ശുദ്ധീകരിച്ചതും ഉരുക്കി പരിശുദ്ധമാക്കിയതുമായ സ്വർണ്ണമാണ്കുന്ദൻ ആഭരണങ്ങൾ ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്.
ജാദൗ എന്നുപേരുള്ള രാജസ്ഥാനി ആഭരണങ്ങളുടെ പകിട്ടാർന്ന ശൈലിയുടെ വേരുകളും മുഗൾ ആഭരണങ്ങളിൽ കാണാം. വഴക്കമുള്ള സ്വർണ്ണത്തിനു മേൽ കല്ലു പിടിപ്പിക്കുന്ന ക്ഷമകരമായ മൂന്നു ഘട്ടങ്ങളുളള ഒരു ഭാരിച്ച പ്രക്രിയാണിത്.
ഇനാമലിങ്ങ് കല അഥവാ മീനാകരി യും പുഷ്ടിപ്പെട്ടത് മുഗളന്മാരുടെ കാലത്താണ്. ആഭരണത്തിന്റെ ഇരുവശങ്ങളിലും പുഷ്പസമാനമായ മിനുക്കുപണി ചെയ്യുന്ന ഏറെ സമയമെടുക്കുന്ന ഒരു സങ്കേതമാണിത്. ഇതിനുപുറമേ, സങ്കീർണ്ണ സാങ്കേതികപദ്ധതികളായ ഫിലിഗ്രീ (പിന്നിയ സ്വർണ്ണകമ്പികൾ കൊണ്ട് തീർത്ത ആഭരണങ്ങൾ), തെവ (ഉരുക്കിയ സ്ഫടികത്തിന്മേൽ സങ്കീർണ്ണവേലകൾ ചെയ്ത സ്വർണ്ണപാളി ചേർക്കുന്ന ആഭരണനിർമ്മാണ രീതി)എന്നിവ ശ്രേഷ്ടവും അതുല്യവുമായ മുഗൾ ശില്പവൈദഗ്ദ്ധ്യത്തെ എടുത്തുകാണിക്കുന്നവയാണ്.
മുഗൾ സ്വർണ്ണാഭരണങ്ങളുടെ സത്തായ ശൈലി
-
മുഗൾ സ്വർണ്ണാഭരണനിർമ്മാണരീതിയിൽ ഏറ്റവുമധികം കാണുന്നത് ചന്ദ്രക്കലയും ചെറിയ തണ്ടുമുള്ള ഡിസൈനാണ്. കർണ്ണാഭരണങ്ങൾ പണിതിരുന്നത് ചന്ദ്രക്കലയുടെ ആകൃതിയിൽ മുകളിൽ ഒരു ചെറിയ തണ്ട് ഘടിപ്പിച്ച് ചെവിമുഴുവനും മറയ്ക്കുന്ന രീതിയിലായിരുന്നു.
- മുഗൾ ചക്രവർത്തിമാർ ധരിച്ചിരുന്ന പട്ടുതലപ്പാവുകൾ സ്വർണ്ണം പൂശിയ ആഭരണങ്ങളാൽ അലങ്കരിക്കപ്പെട്ടിരുന്നു.
- കൈത്തണ്ടയിൽ ധരിക്കുന്ന ആഭരണങ്ങളിലേറെയും സ്വർണ്ണം പൂശിയവും, സങ്കീർണ്ണവും സുന്ദരവുമായ പുഷ്പാലങ്കാരങ്ങൾ നിറഞ്ഞവയുമായിരുന്നു.
- ചക്രവർത്തിമാർ ധരിച്ചിരുന്ന വലിയ മോതിരങ്ങൾ ശുദ്ധസ്വർണ്ണംകൊണ്ട് നിർമ്മിച്ചവയോ സ്വർണ്ണം പൂശിയവയോ ആയിരുന്നു.
- സങ്കീർണമായി പണിത സ്വർണ്ണം പൂശിയ കാൽത്തളകൾ മുഗൾ രാജ്ഞിമാർ പലപ്പോഴും ധരിച്ചിരിന്നു.
-
മുഗൾ കാലഘട്ടത്തിലെ ഏറ്റവും പ്രചാരമുള്ള ഒന്നായിരുന്നു ‘നാത്ത്’ എന്നുപേരുള്ള സ്വർണ്ണ മൂക്കുത്തി. വട്ടത്തിലുള്ള സ്വർണ്ണക്കമ്പിയിൽ മാണിക്യക്കല്ലുകളും പവിഴങ്ങളും കോർത്തുണ്ടാക്കിയ ഈ മൂക്കുത്തി എല്ലാ മുഗൾ രാജ്ഞിമാരും ധരിച്ചിരുന്നു.
- രാജസ്ത്രീകൾ ധരിച്ചിരുന്ന കൈത്തളകൾ ക്ലാമ്പുകളോ ചരടുകളോ ഉപയോഗിച്ച് ക്രമീകരിക്കാവുന്ന രീതിയിലുള്ളവയായിരുന്നു. ഇവ ശുദ്ധ സ്വർണ്ണത്തിലും പൂശിയ സ്വർണ്ണത്തിലും നിർമ്മിച്ചിരുന്നു.
- മുഗൾ കാലത്ത് രൂപപ്പെട്ടതാണ് ‘കരൺഫൂൽ’ ജിമിക്കി. ജിമിക്കിക്കൊപ്പം ഒരു ചെറിയ ചങ്ങലയിൽ ഘടിപ്പിച്ച മനോഹരമായ ഒരു പുഷ്പാലങ്കാരം ഒരു പ്രത്യേകയായിരുന്നു.
- പാദരക്ഷകളിൽ സ്വർണ്ണനൂലുകൾകൊണ്ടുള്ള പലവിധ അലങ്കാരങ്ങൾ തുന്നിച്ചേർക്കുന്ന രീതിയും മുഗളന്മാർ വികസിപ്പിച്ചെടുത്തിരുന്നു. അതിനെ മോജ്ഡി എന്നാണ് വിളിച്ചിരുന്നത്.
മുഗൾ കാലഘട്ടത്തിലെ ഈ സ്വർണ്ണാഭരണനിർമ്മാണ സങ്കേതങ്ങളും അലങ്കാരരൂപങ്ങളും വടക്കേ ഇന്ത്യ മുഴുവൻ, പ്രത്യേകിച്ച ഇന്നത്തെ രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഒറീസ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. എന്നാലിന്ന്, മുഗൾ സ്വർണ്ണാഭരങ്ങളുടെ രാജകീയ രൂപകല്പനകൾ ദേശാന്തരങ്ങൾ കടന്ന് ലോകമെങ്ങും അംഗീകരിക്കപ്പെടുകയും പുകഴ്ത്തപ്പെടുകയും ചെയ്യുന്നു.