Published: 04 Sep 2017
സ്വർണ്ണം, രാജ്യത്തിന്റെ രക്ഷകൻ
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഇന്ത്യ ഒരുപാട് മാറിയിട്ടുണ്ട്. വളരെയേറെ സ്റ്റാർട്ടപ്പ് കമ്പനികൾ ഏറെ പുതുമയുള്ളതും ലാഭകരവുമായ മൊബിലിറ്റി, ഇ-കൊമേഴ്സ്, ഐടി മുതലായ മേഖലകളിൽ ഉയർന്നുവന്നുകൊണ്ടിരിക്കിന്നു. പട്ടണങ്ങൾ നഗരങ്ങളായി മാറിക്കൊണ്ടിരിക്കുമ്പോൾ, സാധനങ്ങളുടെയും സേവനങ്ങളുടെയും ഉപഭോഗവും തൊഴിൽ സാധ്യതകളും വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ ഈ മാറ്റം തുടരുവാനെ സാധ്യതയുള്ളു. ഇന്ന് ഇന്ത്യ ലോകത്തിലെ ഏഴാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് (GDP യുടെ അടിസ്ഥാനത്തിൽ). പർച്ചെയ്സിങ് പവർ പാരിറ്റിയുടെ (PPP) കാര്യത്തിലാണെങ്കിൽ മൂന്നാം സ്ഥാനത്തും.
എന്നിരുന്നാലും, പിന്നോട്ട് തിരിഞ്ഞുനോക്കുമ്പോൾ ഇന്ത്യ വളരെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട വർഷമായിരുന്നു 1990. അത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർക്കാൻ പാകത്തിലുള്ളതായിരുന്നു. രാജ്യം കടബാധ്യതയിലേക്ക് കൂപ്പുകുത്താൻ തുടങ്ങി. നമ്മുടെ വിദേശനാണ്യശേഖരം വളരെയേറെ താഴോട്ടുപോകുകയും മൂന്നാഴ്ച്ചത്തേക്കുള്ള ഇറക്കുമതിയ്ക്കുപോലും പണമടക്കാൻ വഴിയില്ലാതായി. ആ പ്രതിസന്ധിക്കുള്ള പ്രധാന കാരണം എൺപതുകളിലുടെ കുന്നുകൂടിയ വലിയ സാമ്പത്തിക അസന്തുലിതാവസ്ഥയാണ്. ഗൾഫ് യുദ്ധവും തത്ഫലമായുണ്ടായ എണ്ണ പ്രതിസന്ധിയും, കുത്തനെവീണുകൊണ്ടിരുന്ന കയറ്റുമതിയും, വായ്പ ലഭിക്കാതിരുന്ന അവസ്ഥയും സ്ഥിതി കൂടുതൽ വഷളാക്കി. എൺപതുകളുടെ അവസാനമെത്തിയപ്പോഴേക്കും ഇന്ത്യ കാര്യമായ സാമ്പത്തിക ബുദ്ധിമുട്ടിൽ എത്തപ്പെട്ടിരുന്നു.
ഈ നില തരണംചെയ്യാൻ അന്നത്തെ ചന്ദ്രശേഖർ സർക്കാർ 1991ൽ ഐ.എം.എഫ് (ഇന്റർനാഷണൽ മൊണിറ്റി ഫണ്ട്) നെ സമീപിച്ചു. അവിടെയും തടസ്സങ്ങളുണ്ടായിരുന്നു. എന്താണ് ഇന്ത്യയ്ക്കു നൽകാനാവുന്ന ഗ്യാരണ്ടി? അതിനെക്കുറിച്ച് മുൻ സാമ്പത്തിക ഉപദേശക സമിതി അദ്ധ്യക്ഷനും റിസർവ് ബാങ്ക് ഗവർണ്ണറുമായിരുന്ന സി. രംഗരാജൻ ഒരു പ്രശസ്ത പ്രസിദ്ധീകരണത്തിൽ എഴുതിയിട്ടുണ്ട്. “സാമ്പത്തിക രംഗത്ത് പ്രവർത്തിക്കുന്ന പലരുമായുള്ള ചർച്ചയ്ക്കിടയിൽ പതിവായി പൊന്തിവന്ന ഒരു ചോദ്യമിതായിരുന്നു: സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ ഇന്ത്യ സ്വയം എന്താണ് ചെയ്തുകൊണ്ടിരുന്നത്? ആ ചോദ്യംകൊണ്ട് ഉദ്ദേശിച്ചത് വളരെ ലളിതമായിരുന്നു. ഇന്ത്യയ്ക്ക് സ്വന്തമായി ഒരുവിധം വലിയ സ്വർണ്ണശേഖരമുണ്ടായിരുന്നു. എന്തുകൊണ്ട് അത് ഉപയോഗിച്ചുകൂടാ?”
ഐ.എം.എഫും അങ്ങിനെ ചിന്തിച്ചു. ഇന്ത്യയോട് അതിന്റെ സ്വർണ്ണശേഖരം വെളിപ്പെടുത്തി ബാധ്യതകൾ നിറവേറ്റാനുള്ള സന്നദ്ധത പ്രകടിപ്പിക്കാൻ ആവശ്യപ്പെട്ടു. ആ നിർദ്ദേശം ഏറ്റെടുക്കുകയല്ലാതെ ഇന്ത്യയ്ക്ക് നിവൃത്തിയുണ്ടായിരുന്നില്ല.
ഇന്ത്യ അതിന്റെ 67 ടൺ സ്വർണ്ണ ശേഖരം ബാങ്ക് ഓഫ് ഇംഗ്ലണ്ടിനും (47 ടൺ) യൂണിയൻ ബാങ്ക് ഓഫ് സ്വിറ്റ്സർലാണ്ടിനും (20 ടൺ) പണയപ്പെടുത്തി 2.2 ബില്ല്യൺ ഡോളറിന്റെ ലോൺ തരപ്പെടുത്താനായി മുന്നോട്ടുപോയി. തങ്ങളുടെ സ്വർണ്ണശേഖരത്തിൽ അങ്ങേയറ്റം ഊറ്റംകൊണ്ടിരുന്ന ഒരു രാജ്യത്ത് ഇത് പ്രത്യാഘാതങ്ങളുണ്ടാക്കി. പല ദേശസ്നേഹികളും രാഷ്ട്രീയപ്രവർത്തകരും ഒച്ചവെച്ചു. അത് ചന്ദ്രശേഖർ സർക്കാരിന്റെ പതനത്തിൽ കലാശിച്ചു. പക്ഷെ പലരും ഇതിനെ ശരിയായ നീക്കമായി വാഴ്ത്തി. മുൻ റിസെർവ് ബാങ്ക് ഗവർണർ എസ്. വെങ്കിട്ടരമണൻ തന്റെ ഒരു ലേഖനത്തിൽ രാജീവ് ഗാന്ധിയുമായുള്ള ഒരു സംഭാഷണശകലം ഓർക്കുന്നുണ്ട്. “ദേശീയ താൽപ്പര്യം മുൻനിർത്തി രാജ്യത്തിന്റെ ബുദ്ധിമുട്ടുകളിൽ സഹായിക്കാനാവുന്നില്ലെങ്കിൽ സ്വർണ്ണംകൊണ്ട് എന്തു പ്രയോജനം?” ഇതായിരുന്നു അന്തരിച്ച മുൻ പ്രധാനമന്ത്രിയുടെ വാക്കുകൾ.
ചന്ദ്രശേഖറിനു ശേഷം വന്ന പുതിയ സർക്കാരിന്റെ പ്രധാനമന്ത്രി പി.വി. നരസിംഹറാവു മുൻ സർക്കാരിന്റെ നിലപാടുകൾ ശരിവെക്കുകയായിരുന്നു. വിദേശനിക്ഷേപങ്ങൾക്കായി ഇന്ത്യ വാതിൽ തുറക്കണമെന്നും സംരംഭങ്ങൾക്ക് തടസ്സമാകുന്ന ചുവപ്പുനാട ഉപേക്ഷിക്കണമെന്നും വ്യവസായ നയം പാകപ്പെടുത്തണമെന്നുമാണ് തന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. ഡോ. മൻമോഹൻ സിങ്ങിനെ ധനമന്ത്രിയായി നിയമിച്ചതോടെയാണ് വൻ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ചത്. അതിന്റെ ഗുണങ്ങൾ ഇന്നും ഇന്ത്യ അനുഭവിച്ചുകൊണ്ടിരിക്കുന്നു.
ഇന്ത്യയ്ക്കൊരാവശ്യം വന്നപ്പോൾ നമ്മുടെ സ്വർണ്ണശേഖരം ഏറെ ഉപകരിച്ചു. പതിനെട്ടുവർഷം കഴിഞ്ഞപ്പോൾ ഇന്ത്യ ഒരു വൃത്തം പൂർത്തീകരിച്ചു. നാം പണയംവെച്ചതിന്റെ മൂന്നിരട്ടി സ്വർണ്ണം ആർബിഐ ഐ.എം.എഫിൽ നിന്ന് തിരിച്ചുകൊണ്ടുവന്ന് നമ്മുടെ ആസ്തി വിപുലീകരിക്കുകയും ഇന്ത്യയുടെ ഭാവി പരിരക്ഷ ഉറപ്പാക്കുകയും ചെയ്തു. ഇന്ന് ഇന്ത്യയുടെ പക്കൽ 557.8 മെട്രിക് ടൺ സ്വർണ്ണശേഖരമുണ്ട്; 1991ൽ ഉണ്ടായിരുന്നതിനേക്കാൾ വളരെയേറെ. ചുരുക്കത്തിൽ, സ്വർണ്ണം ഇന്ത്യയുടെ വിശ്വാസ്യത നിലനിർത്തികൊണ്ട് രക്ഷകനായി വർത്തിക്കുന്നു.