Published: 01 Sep 2017
ഗ്ലാസ്സിനെ സ്വർണ്ണം 'റൂബി റെഡ്' ആക്കിമാറ്റും
യൂറോപ്പിലെ മധ്യകാലഘട്ടത്തിൽ നിർമ്മിച്ചിട്ടുള്ള പള്ളികൾ സന്ദർശിച്ചാൽ, നിറം പിടിപ്പിച്ച ഗ്ലാസ്സുകളുള്ള ജനലുകൾ കാണാം. കലയുടെ ഒരു ഉന്നത രൂപമായാണ് ഈ നിറം പിടിപ്പിച്ച ഗ്ലാസ്സുകളെ ഇന്ന് കണക്കാക്കുന്നത്. എന്നാൽ, ഈ പുരാതന ഗ്ലാസ്സുകൾക്ക് നിറം കൊടുക്കാൻ സ്വർണ്ണത്തിന്റെ 'നാനോ' വലുപ്പത്തിലുള്ള തരികളാണ് ഉപയോഗിച്ചിരിക്കുന്നത് എന്നറിയാമോ? നാനോ ടെക്നോളജി എന്ന ശാസ്ത്രശാഖ നിലവിൽ വന്നിട്ട് അധിക കാലമായിട്ടില്ല. അതിന്റെ അടിസ്ഥാന രൂപത്തെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത് അര നൂറ്റാണ്ട് മുമ്പാണ്. എന്നാൽ, ആയിരക്കണക്കിന് വർഷമായി മനുഷ്യർ നാനോ ടെക്നോളജി ഉപയോഗിച്ച് വരുന്നു.
നാനോ ടെക്നോളജിയുടെ, ചരിത്രത്തിലെ ഏറ്റവും പഴയ തെളിവാണ് മധ്യകാലഘട്ടത്തിൽ പണി തീർത്ത പള്ളി ജനലുകളിലെ ഗ്ലാസ്സുകൾ. മധ്യ കാലഘട്ടത്തിലെ ഗ്ലാസ്സ് നിർമ്മാതാക്കളാണ് നാനോ ടെക്നോളജിയുടെ ആദ്യ പ്രയോക്താക്കൾ. അവരാണ് ചരിത്രത്തിലെ ആദ്യത്തെ നാനോ ടെക്നോളജിസ്റ്റുകൾ. ജനലുകൾക്ക് 'റൂബി റെഡ്' നിറം നൽകുന്നതിന്, 'ഗ്ലാസ്സ് മാട്രിക്സി'ൽ അവർ സ്വർണ്ണത്തിന്റെ നാനോ പാർട്ടിക്കിളുകൾ ഉപയോഗിച്ചു.
നൂറ്റാണ്ടുകളായി, ക്രാൻബെറി ഗ്ലാസ്സോ 'ഗോൾഡ് റൂബി' ഗ്ലാസ്സോ നിർമ്മിച്ച് വരുന്നത് ഗോൾഡ് സാൾട്ടുകളോ കൊള്ളോഡിയൽ ഗോൾഡോ ചൂടാക്കിയ ദ്രാവക ഗ്ലാസ്സിലേക്ക് (ഉരുക്കിയ ഗ്ലാസ്സ്) ചേർത്താണ്. നിറമുള്ള ഗ്ലാസ്സുകളെ സ്വർണ്ണ സ്വാധീനം, അവയെ ആഢംബര വസ്തുവാക്കി മാറ്റി, വിലപിടിപ്പുള്ള അലങ്കാരപ്പണികൾക്ക് അവ ഉപയോഗപ്പെടുത്താനും തുടങ്ങി. ഗ്ലാസ്സിൽ സ്വർണ്ണം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഗ്ലാസ്സിനെ സമ്പന്നമായ റൂബി റെഡ് നിറമുള്ള ഗ്ലാസ്സാക്കി മാറ്റുന്നതിന് വളരെ ചെറിയ അളവിൽ (ഏകദേശം 0.001%) സ്വർണ്ണം ചേർത്താൽ മതി. സ്വർണ്ണത്തിന്റെ അളവ് തീരെ കുറവാണെങ്കിൽ, ഉദിപ്പില്ലാത്ത ചുവപ്പ് നിറമാണ് ലഭിക്കുക. ഇങ്ങനെ ഉണ്ടാക്കുന്ന ഗ്ലാസ്സുകൾ 'ക്രാൻബെറി ഗ്ലാസ്സ്' എന്നാണ് അറിയപ്പെട്ടിരുന്നത്.
ഗ്ലാസ്സിന്റെ, കൈകൾ കൊണ്ട് നിർമ്മിക്കുന്ന കരകൗശല ഇനങ്ങളിൽ മാത്രമാണ് ഗ്ലാസ്സ് നിർമ്മാതാക്കൾ സ്വർണ്ണം ഉപയോഗിച്ചിരുന്നത്, കാരണം സ്വർണ്ണത്തിന്റെയും ഗ്ലാസ്സിന്റെയും വില പൊതുവെ വളരെ ഉയർന്നതായിരുന്നു. റൂബി റെഡ് ഗ്ലാസ്സ് നിലവിൽ വന്നതിന് പിന്നിൽ ഒരു കഥയുണ്ടെന്ന് പറയപ്പെടുന്നു. ഉരികിയ ഗ്ലാസ്സിലേക്ക് ഒരു യൂറോപ്യൻ പ്രഭു സ്വർണ്ണം നാണയം ഇട്ടുവെത്രെ. ഈ അബദ്ധം, പിന്നീട് 'റൂബി റെഡ്' ഗ്ലാസ്സായി മാറുകയായിരുന്നു. ഈ കഥയിൽ എത്ര കണ്ട് സത്യമുണ്ടെന്ന് അറിയില്ല. കാരണം, ഉരുകിയ ഗ്ലാസ്സിലേക്ക് ആരും സ്വർണ്ണം നേരിട്ട് ചേർക്കാറില്ല. ഹൈഡ്രോക്ലോറിക്ക് ആസിഡ് - നൈട്രിക് ആസിഡ് എന്നിവയുടെ മിശ്രിതമായ അക്വാ റെജിയയിൽ അലിയിച്ചുകൊണ്ടാണ് സ്വർണ്ണം ഗ്ലാസ്സിൽ ചേർക്കേണ്ടത്.
ഇന്നും സ്വർണ്ണം ഈ രീതിയിൽ ഉപയോഗിക്കുന്നുണ്ട്. ഗ്ലാസ്സിന് നിറം പകരുക എന്ന ഉദ്ദേശ്യം മാത്രമല്ല ഇപ്പോഴുള്ളത്, മനുഷ്യന് ഹാനികരമായ അൾട്രാ വയലറ്റ് രശ്മികളിൽ നിന്നുള്ള പരിരക്ഷയായും ഇത്തരം ഗ്ലാസ്സുകൾ ഉപയോഗിച്ച് വരുന്നു. വിൻഡോ ഫിലിമിലേക്കോ ഗ്ലാസ്സിലേക്കോ സ്വർണ്ണത്തിന്റെ നന്നേ ചെറിയ തരികൾ ചേർത്താണ് ഗ്ലാസ്സ് നിർമ്മാതാക്കൾ യുവി പരിരക്ഷ ചേർക്കുന്നത്. ഇത്തരം ഗ്ലാസ്സുകളോ ഫിലിമുകളോ അൾട്രാ വയലറ്റ് രശ്മികളെ തടയുമെങ്കിലും ചൂടിനെ തടയുകയില്ല. അൾട്രാ വയലറ്റ് രശ്മി പതിക്കുന്നത് കുറഞ്ഞാൽ ഫർണ്ണിച്ചറും തറയും അപ്ഹോൾസ്റ്ററിയും കലാസൃഷ്ടികളും മങ്ങുന്നതും കുറയും.
ചൂടുള്ള കാലാവസ്ഥകളിൽ സ്വർണ്ണം ചേർത്ത ഗ്ലാസ്സ് ഉപയോഗിക്കുന്നുണ്ട്. സൂര്യനിൽ നിന്നുള്ള ചൂട് കുറയ്ക്കാനും മുറിക്കുള്ളിലെ ചൂട് കുറയ്ക്കാനും ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളിലും സ്വർണ്ണം ചേർത്ത് നിറം പിടിപ്പിച്ച ഗ്ലാസ്സുകൾ ഉപയോഗിക്കുന്നു.