Published: 27 Sep 2017
സ്വർണ്ണത്തിന് എങ്ങനെ സാമ്പത്തിക ഉൾച്ചേർക്കലിനെ സഹായിക്കാൻ കഴിയും?
കഴിയില്ല എന്നായിരിക്കാം പല സാമ്പത്തിക വിദഗ്ധരും പറയുക. എന്നാൽ ഗ്രാമീണ ഇന്ത്യയുടെ കാര്യം മറിച്ചാണ്. ഗ്രാമീർക്ക് സ്വർണ്ണമെന്നതിന് കൈവശം വയ്ക്കുന്നതിന് അത്യാവശ്യവും അഭിലഷണീയവുമായ അസറ്റാണ്. ഇതിന്റെ പിന്നിലെ കാരണങ്ങളിൽ പലതും സാംസ്ക്കാരികമാണ്. ഗ്രാമീണ മേഖല ആശ്രയിക്കുന്നത് കൃഷിയെ ആയതിനാൽ അവരുടെ വരുമാനം ക്രമരഹിതവും ചാഞ്ചാടുന്നതുമാണ്. ഗ്രാമീണർക്ക് വരുമാനം ലഭിക്കുന്നത്, വിളവെടുപ്പ് സമയങ്ങളിലാണ്. വർഷത്തിൽ രണ്ട് തവണയാണ് വിളവെടുക്കുന്നത്. പെട്ടെന്ന് പണമാക്കി മാറ്റാൻ പറ്റുന്നു എന്നതിനാൽ ഗ്രാമീണർക്ക് പ്രിയപ്പെട്ട നിക്ഷേപ അസറ്റാണ് സ്വർണ്ണം.
വേറൊരു പ്രധാനപ്പെട്ട ഘടകം കൂടിയുണ്ട്. ഗ്രാമീണരിൽ ഭൂരിഭാഗത്തിനും ക്രെഡിറ്റ് കാർഡുകളില്ല. ബാങ്കിംഗ് സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള സൗകര്യവും ഗ്രാമീണ മേഖലയിൽ കുറവാണ്. ക്യാഷ് ഫ്ലോയുടെ അടിസ്ഥാനത്തിലാണ് ഔദ്യോഗിക ബാങ്കുകൾ വായ്പ നൽകുന്നത്. എന്നാൽ ഗ്രാമീണ മേഖല തങ്ങളുടെ സ്വത്തുക്കൾ സ്വരൂപിക്കുന്നത് ഭൂമിയുടെയും സ്വർണ്ണത്തിന്റെയും രൂപത്തിലാണ്. ഇതിൽ ഒന്നാമത്തേത് പണമാക്കുന്നതിന് ഒരൽപ്പം ബുദ്ധിമുട്ടുണ്ട്. രണ്ടാമത്തെ ഘടകമായ സ്വർണ്ണത്തിന്റെ കാര്യത്തിൽ ബാങ്കുകൾക്ക് വേണ്ടത്ര വൈദഗ്ധ്യമില്ലതാനും.
വായ്പയ്ക്ക് ഈടായി നൽകിയ സ്വർണ്ണം, വായ്പ തിരിച്ചടയ്ക്കുന്നില്ലെങ്കിൽ വിൽക്കാനാവുമെന്ന് ചില വിദഗ്ധർ വാദിക്കുന്നു. എന്നാൽ പണം കടം വാങ്ങുന്നവർ ഈ കടക്കെണിയിൽ വീഴില്ല. വലിയ പലിശനിരക്ക് അവർക്ക് താങ്ങാനാകില്ല. കൂടാതെ, മഴ ചതിച്ചാൽ അവരുടെ ഭാവി ഇരുളടയുകയും ചെയ്യും.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങൾ വായ്പാ വിപണിയിലേക്ക് എത്തിയിട്ടുണ്ട്. അവർ സ്വർണ്ണം നൽകിയാൽ വായ്പ നൽകുന്നു. ഇത്തരം ബാങ്കിതര സ്ഥാപനങ്ങളുടെ പ്രോസസ്സുകൾ ലളിതമാണ്. ഡോക്യുമെന്റേഷൻ നടപടിക്രമം ഹ്രസ്വമാണ്. ആവശ്യമുള്ളപ്പോൾ കർഷകർക്കും ഗ്രാമീണ കുടുംബങ്ങൾക്കും അവർ വായ്പ നൽകുന്നു. പല വിദഗ്ധരുടെയും അഭിപ്രായത്തിൽ, സാമ്പത്തില ഉൾച്ചേർക്കലിന് ഉപയോഗിക്കേണ്ട മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് സ്വർണ്ണ വായ്പകൾ. ഇതിനേക്കാൾ മികച്ചതൊന്ന് ചൂണ്ടിക്കാട്ടാൻ ഔദ്യോഗിക സാമ്പത്തിക സംവിധാനത്തിന് കഴിയില്ല.
സംഖ്യകളും പ്രധാനമാണ്. ഇന്ത്യയിൽ, സ്വകാര്യ ഉടമസ്ഥതയിൽ മാത്രം 24,000 ടൺ സ്വർണ്ണമുണ്ടെന്നും അതിന്റെ മൂല്യം ഒരു ട്രില്യൺ ഡോളറിനടുത്താണെന്നും അനുമാനിക്കപ്പെടുന്നു. ഈ സ്വർണ്ണത്തിൽ ഭൂരിഭാഗവും കൈവശം വച്ചിരിക്കുന്നത് കുടുംബങ്ങളാണ്. ഈ കുടുംബങ്ങളിൽ ഭൂരിഭാഗവും താമസിക്കുന്നത് ഗ്രാമീണ മേഖലയിലാണ്. ഇനി, ഈ സമവാക്യത്തിന്റെ മറുവശം കൂടി കാണാം. ഇന്ത്യയുടെ ഉൽപ്പാദനത്തിന്റെ പകുതിയിലധികവും വരുന്നത് അസംഘടിത മേഖലയിൽ നിന്നാണ്. തൊഴിൽ ചെയ്യാൻ കഴിവുള്ള ജനസംഖ്യയുടെ 70 ശതമാനത്തിനും തൊഴിൽ നൽകുന്നത് ഈ അസംഘടിത മേഖലയാണ്. ഈ മേഖലയിൽ ബിസിനസ്സുകൾ നടത്തുന്നവരാണ് ഈടായി സ്വർണ്ണം നൽകാൻ സാധ്യതയുള്ളവർ.
സാമ്പത്തിക ഉൾച്ചേർക്കലിന്റെ സാഹചര്യത്തിൽ, എളുപ്പം പണമാക്കി മാറ്റാവുന്ന അസറ്റാണ് (ലിക്വിഡ് അസറ്റ്) സ്വർണ്ണമെന്ന കാര്യം പ്രധാനപ്പെട്ടതാണ്. ദീർഘകാലാടിസ്ഥാനത്തിൽ ഇതിന്റെ വില കുറയുകയുമില്ല. ബിസിനസ്സുകൾക്ക് പുതുജീവൻ പകരാൻ സ്വർണ്ണം ഉപയോഗിച്ച് വായ്പയെടുക്കാം. വെല്ലുവിളികൾ അഭിമുഖീകരിക്കുമ്പോഴോ പ്രതിസന്ധി ഘട്ടങ്ങളിലോ സ്വർണ്ണം എളുപ്പത്തിൽ വിറ്റ് പണമാക്കുകയും ചെയ്യാം.