Published: 12 Sep 2017
എങ്ങനെയാണ് സ്വർണ്ണം വേർതിരിച്ചെടുക്കുന്നത്?
സ്വർണ്ണം വരുന്നത് ഖനികളിൽ നിന്നാണെന്ന് എല്ലാവർക്കും അറിയാം. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് നൂറുകണക്കിന് മീറ്ററുകൾ കുഴിച്ചാണ് സ്വർണ്ണം ഖനനം ചെയ്യുന്നത്. ഇത്രയും താഴെയാണ് 'ലോഡ് ഡെപ്പോസിറ്റ്' ആയോ "വെയിൻ ഡെപ്പോസിറ്റ്" ആയോ ഒളിഞ്ഞിരിക്കുന്ന സ്വർണ്ണത്തെ ഖനി തൊഴിലാളികൾ തേടുന്നത്. പാറകളുടെ ഇടുക്കുകളിൽ കാണപ്പെടുന്ന സ്വർണ്ണ നിക്ഷേപങ്ങളാണ് ഈ ഡെപ്പോസിറ്റുകൾ.
പാറകളെ തന്ത്രപരമായി ഡ്രിൽ ചെയ്തും പൊട്ടിച്ചും സ്വർണ്ണം വേർതിരിച്ചെടുക്കുന്ന പ്രക്രിയയാണ് ഖനനത്തിൽ നടക്കുന്നത്. ഖനനത്തിന് മുമ്പായി എഞ്ചിനീയർമാരും ജിയോളജിസ്റ്റുകളും വിശദമായ പ്ലാനുകൾ ആവിഷ്ക്കരിക്കുന്നു, ഇതിന് ഒരുപാട് തയ്യാറെടുപ്പ് ആവശ്യമാണ്. ഈ പ്ലാനുകളിൽ, പാറയ്ക്കുള്ളിൽ കൃത്യമായി സ്വർണ്ണം എവിടെയാണെന്ന് കാണിച്ചിരിക്കും. ഈ പ്ലാനുകളെ പിന്തുടർന്ന് കുഴിക്കുന്ന ഖനി തൊഴിലാളികൾ, സ്വർണ്ണം ഉൾച്ചേർന്നിട്ടുള്ള വലിയ അളവിലുള്ള പാറകൾ കുഴിച്ചെടുക്കുന്നു. ഈ പാറക്കഷണങ്ങളാണ് അയിര് (ഓർ) എന്ന് അറിയപ്പെടുന്നത്. അയിരിനുള്ളിലെ സ്വർണ്ണം വേർതിരിച്ചെടുക്കുന്നതിന് ഈ പാറക്കഷണങ്ങൾ മില്ലിലേക്ക് മാറ്റുന്നു. കണക്കുകൾ അപഗ്രഥിച്ചാൽ, നല്ലൊരു സ്വർണ്ണ ഖനിയിൽ നിന്ന് ലഭിക്കുന്ന 1000 കിലോഗ്രാം അയിരിൽ നിന്ന് ഏകദേശം 6.5 ഗ്രാം സ്വർണ്ണം ലഭിക്കുന്നു. അളവിലുള്ള വ്യത്യാസം ഒന്ന് ചിന്തിച്ചുനോക്കൂ.
സ്വർണ്ണത്തിന്റെ അയിരെന്ന് പറയുന്നത് ശുദ്ധസ്വർണ്ണമല്ല, അതിൽ വെള്ളി പോലുള്ള മറ്റ് ലോഹങ്ങളും ഉൾപ്പെടുന്നു. മില്ലിൽ വച്ച്, ഈ പാറക്കഷണങ്ങൾ പൂഴി പോലെ പൊടിക്കുന്നു. ഇത് സ്വർണ്ണവും വെള്ളിയും പാറത്തരികളും അടങ്ങിയ മിശ്രിതമായി മാറുന്നു. ഈ മിശ്രിതത്തിൽ ധാരാളം വെള്ളവും സയനൈഡും ചേർത്ത് കുഴമ്പ് രൂപത്തിലാക്കുന്നു, തുടർന്ന് വലിയ 'സെറ്റ്‌ലിംഗ് ടാങ്കു'കളിലേക്ക് ഒഴുക്കി അടിയാൻ വിടുന്നു. ഇതാണ് ശുദ്ധീകരണത്തിന്റെ ആദ്യ പ്രക്രിയ. ഭൂഗുരുത്വ ബലത്തെയാണ് ഈ പ്രക്രിയ ആശ്രയിക്കുന്നത്. കുഴമ്പിലെ ഭാരമേറിയ തരികൾ ടാങ്കിന്റെ അടിയിലായി അടിയുന്നു. ഇത് കുഴമ്പിൽ നിന്ന് വേർതിരിക്കപ്പെടുന്നു. കുഴമ്പിൽ ബാക്കിയുള്ള മിശ്രിതത്തിലേക്ക് കാറ്റലിസ്റ്റായ ഓക്സിജൻ കടത്തിവിടുന്നു. ഓക്സിജനും സയനൈഡും മിശ്രിതത്തിലെ സ്വർണ്ണവുമായി പ്രതിപ്രവർത്തനത്തിൽ ഏർപ്പെടുന്നു. അങ്ങനെ സ്വർണ്ണം 'ഗോൾഡ് ലീച്ച്' എന്നറിയപ്പെടുന്ന രൂപമായി മാറുകയും വെള്ളത്തിൽ ലയിക്കുകയും ചെയ്യുന്നു. അങ്ങനെ, ഈ ശുദ്ധീകരണ പ്രക്രിയ അവസാനിക്കുമ്പോൾ ലഭിക്കുന്നത് വെള്ളത്തിന്റെയും സ്വർണ്ണത്തിന്റെയും മിശ്രിതമാണ്.
ടാങ്കുകളിൽ നിന്ന് വെള്ളത്തിന്റെയും സ്വർണ്ണത്തിന്റെയും മിശ്രിതം വേർതിരിച്ചെടുത്ത്, കറങ്ങുന്ന ഒരു സിലിണ്ടറിന്റെ വളഞ്ഞ പ്രതലത്തിലേക്ക് ഇറ്റിറ്റായി വീഴിക്കുന്നു. സിലിണ്ടറിന്റെ പ്രതലത്തിൽ പതിക്കുന്ന മിശ്രിതത്തിൽ നിന്ന് വെള്ളം ബാഷ്പീകരിക്കപ്പെടുന്നു. ഇപ്പോൾ നമുക്ക് ലഭിക്കുക, സ്വർണ്ണത്തിന്റെ ശൽക്കങ്ങളാണ് (ഫ്ലേക്ക്).
ഇപ്പോഴും ആ സ്വർണ്ണ ശൽക്കങ്ങളിൽ മറ്റ് പലതും ഉണ്ടാകും. കാറ്റലിസ്റ്റുകളും റീഏജന്റുകളും ഉപയോഗിച്ചുകൊണ്ടും 1600 ഡിഗ്രി സെൽഷ്യസിൽ (അല്ലെങ്കിൽ 2912 ഡിഗ്രി ഫാരൻഹീറ്റ്) ചൂടാക്കിക്കൊണ്ടും വീണ്ടും സ്വർണ്ണം ശൂദ്ധീകരിക്കുന്നു. സ്വർണ്ണത്തിൽ നിന്ന് മാലിന്യങ്ങൾ മാറ്റാൻ വീണ്ടും ഭൂഗുരുത്വ ബലത്തെ ആശ്രയിക്കുന്നു. അങ്ങനെ, കനമേറിയ മാലിന്യങ്ങൾ താഴെ അടിയുകയും സ്വർണ്ണം മുകളിൽ പൊന്തിക്കിടക്കുകയും ചെയ്യുന്നു. വെള്ളത്തിന് മുകളിൽ എണ്ണ പൊന്തിക്കിടക്കുന്നത് കണ്ടിട്ടില്ലേ? അതേ പ്രതിഭാസമാണ് ഇവിടെയും അരങ്ങേറുന്നത്.
അവസാനം, ഉരുക്കിയ സ്വർണ്ണം വേർതിരിക്കുകയും തണുപ്പിക്കുകയും ചെയ്യുന്നു. സ്വർണ്ണ ബാറുകളുടെ രൂപത്തിലുള്ള സ്വർണ്ണം നമുക്ക് ലഭിക്കുന്നു. സ്വർണ്ണം ഖര പദാർത്ഥമായി മാറുന്നതിന് വെറും 4 മിനിറ്റ് മതി. തണുപ്പിക്കുന്നതിനാവട്ടെ, ഒരു മണിക്കൂർ നേരം വെള്ളം കൊണ്ടുള്ള സ്നാനവും മതി. ഈ സ്വർണ്ണബാറുകൾ 'ഇൻഗോട്ട്' എന്ന് അറിയപ്പെടുന്നു, ഇതിന്റെ ശുദ്ധി 80 ശതമാനമാണ്.
സ്വർണ്ണത്തെ കൂടുതൽ ശുദ്ധമായി മാറ്റുന്നതിന്, ഉരുക്കൽ പ്രക്രിയ പുനരാരംഭിക്കുന്നു. സ്വർണ്ണത്തിന് 99.5% കൈവരുന്നത് വരെ ഇത് തുടരും. തുടർന്ന് ഇലക്‌ട്രോലൈസിസ് ഉപയോഗിച്ച് സ്വർണ്ണത്തെ 99.9% ശുദ്ധമാക്കുന്നു. ഈ രൂപത്തെയാണ് നാം ശുദ്ധ സ്വർണ്ണം എന്ന് വിളിക്കുന്നത്.