Published: 27 Sep 2017
ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയെ സ്വർണ്ണം രക്ഷിച്ചത് എങ്ങനെ
പലപ്പോഴും ഇന്ത്യ സാമ്പത്തിക പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. 1991-ൽ ഇന്ത്യ അഭിമുഖീകരിച്ച സാമ്പത്തിക പ്രതിസന്ധി അത്തരത്തിലുള്ള ഒന്നായിരുന്നു.
1980-കളിൽ, നിക്ഷേപകരുടെ വിശ്വാസം കുറഞ്ഞു, ഒപ്പം തന്നെ കറന്റ് അക്കൗണ്ട് കമ്മിയും കറൻസി മൂല്യത്തകർച്ചയും ഉണ്ടായി. ഇതെല്ലാം കൂടിയായപ്പോൾ ഓഹരി വിപണി ഇടിഞ്ഞു. 'പാത്ത്വേയ്സ് ത്രൂ ഫിനാൻഷ്യൽ ക്രൈസിസ്: ഇന്ത്യ' എന്ന ഗവേഷണ ഗ്രന്ഥത്തിൽ ഡോ. അരുണാഭ ഘോഷ് ഇതെ കുറിച്ച് വിശദമായി പറയുന്നുണ്ട്.
80-കളുടെ പകുതിയോടെ, ബാക്കിനിൽക്കുന്ന പേയ്മെന്റുകൾ കൊടുത്തുതീർക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് ഇന്ത്യയെത്തി. എൺപതുകളുടെ അവസാനമായപ്പോഴാവട്ടെ, ഇന്ത്യൻ രൂപയുടെ മൂല്യം ശോചനീയാവസ്ഥയിൽ എത്തി. അന്തർദ്ദേശീയ കരുതലുകൾ വിപുലമാക്കിക്കൊണ്ടും മൂല്യത്തിൽ കുറവ് വരുത്തുന്നത് പതുക്കെയാക്കിക്കൊണ്ടും കറൻസിയെ രക്ഷിക്കാൻ റിസർവ് ബാങ്ക് ശ്രമിച്ചു. എന്നാൽ ഈ പ്രയത്നങ്ങളെല്ലാം വിഫലമായി.
1991-ന്റെ മധ്യത്തോടെ, ഇന്ത്യയുടെ വിദേശ കരുതലുകളെല്ലാം ഏതാണ്ട് തീർന്നു. 1991 ജനുവരിയിൽ വിദേശ കരുതൽ $1.2 ബില്യൺ ആയിരുന്നുവെങ്കിൽ ആ വർഷം തന്നെ ജൂൺ ആയതോടെ ആ തുക പകുതിയായി. ഇതിനർത്ഥം, മൂന്ന് ആഴ്ചക്കാലത്തെ ഇറക്കുമതിയുടെ പണം നൽകാൻ ഇന്ത്യയ്ക്ക് കഴിയുമായിരുന്നില്ല എന്നാണ്. സർക്കാർ വളരെ പ്രതിസന്ധിയിലായി. സെൻട്രൽ ബാങ്ക് ആവട്ടെ പുതിയ വായ്പ നൽകാൻ വിസമ്മതിക്കുകയും ചെയ്തു. മൂന്ന് പ്രധാന കറൻസികളുമായി ബന്ധപ്പെട്ട് രൂപയ്ക്ക് മൂല്യത്തകർച്ച അനുവദിക്കേണ്ട ഗതികേടിൽ ഇന്ത്യയെത്തി. ഇത് ഗുരുതരമായ സാമ്പത്തിക പ്രസന്ധിയിലേക്ക് നയിക്കുമെന്ന് ഇന്ത്യ മനസ്സിലാക്കി.
ഇന്ത്യ പ്രതിസന്ധി പ്രതികരിക്കാൻ ചെയ്തത്, ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിൽ (IMF) നിന്ന് $2.2 ബില്യൺ മൂല്യമുള്ള വായ്പയെടുക്കുകയാണ്. ഈടായി 67 ടൺ കരുതൽ സ്വർണ്ണം നൽകിക്കൊണ്ടാണ് ഇന്ത്യ ഈ വായ്പ കരസ്ഥമാക്കിയത്. 47 ടൺ സ്വർണ്ണം വിമാനമാർഗ്ഗം ബാങ്ക് ഓഫ് ഇംഗ്ലണ്ടിലേക്കും 20 ടൺ സ്വർണ്ണം യൂണിയൻ ബാങ്ക് ഓഫ് സ്വിറ്റ്സർലന്റിലേക്കും ഇന്ത്യ മാറ്റി. അങ്ങനെ $600 മില്യൺ (ഇന്നത്തെ നിരക്ക് അനുസരിച്ച് 2,843.5 കോടി രൂപ) ഇന്ത്യ സമാഹരിച്ചു.
ഇന്ത്യയ്ക്ക് സ്വർണ്ണവുമായി അഭേദ്യമായ ബന്ധമാണുള്ളത് എന്ന് പറയേണ്ടതില്ലല്ലോ. വായ്പ വാങ്ങാൻ കരുതൽ സ്വർണ്ണം ഈടായി നൽകിയെന്ന വാർത്തയറിഞ്ഞ ഇന്ത്യൻ ജനത പ്രതിഷേധ സ്വരമുയർത്തി. സ്വർണ്ണം ഈടായി നൽകിക്കൊണ്ട് വായ്പ വാങ്ങി അധിക സമയം കഴിയാതെ ചന്ദ്രശേഖർ സർക്കാർ നിലംപൊത്തി. എന്നാൽ ബാലൻസ് പേയ്മെന്റ് പ്രതിസന്ധി മറികടക്കാനും സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ പുതിയൊരു യുഗം തുറക്കാനും സ്വർണ്ണം ഈടായി വച്ച് വായ്പയെടുക്കാനുള്ള തീരുമാനം സഹായിച്ചു.
ഇനി 18 വർഷം ഇപ്പുറത്തേക്ക് നമുക്ക് വരാം. നമ്മുടെ സർക്കാർ വീണ്ടും ശേഷിയിൽ എത്തിയതോടെ 200 ടൺ സ്വർണ്ണമാണ് നാം IMF-ൽ നിന്ന് വാങ്ങിയത്. അതായത്, 1991-ലെ പ്രതിസന്ധി ഘട്ടത്തിൽ പണയം വച്ച സ്വർണ്ണത്തിന്റെ മൂന്നിരട്ടിയോളം. മൂല്യത്തകർച്ച നേരിടുന്ന യുഎസ് ഡോളറിനെതിരെയുള്ളൊരു രക്ഷ മാത്രമായിരുന്നില്ല, സ്വർണ്ണം വാങ്ങാനുള്ള തീരുമാനം. സാമ്പത്തിക ഭൂപടത്തിൽ ഇന്ത്യ വീണ്ടും മിന്നിത്തിളങ്ങാൻ തുടങ്ങി എന്ന് മറ്റ് സമ്പദ്വ്യവസ്ഥകളെ ഓർമ്മപ്പെടുത്തുകയും കൂടിയായിരുന്നു.
പല നൂറ്റാണ്ടുകളിലൂടെയും ഇന്ത്യക്കാരെ കൈപിടിച്ച് നടത്തിയത് സ്വർണ്ണമായിരുന്നു. അങ്ങനെ, സമ്പദ്വ്യവസ്ഥയെ രക്ഷപ്പെടുത്താൻ ഇന്ത്യയെ സഹായിക്കാനും സ്വർണ്ണത്തിന് കഴിഞ്ഞു.