Published: 27 Sep 2017
ഇന്ത്യൻ കുടംബസ്വത്തുക്കൾക്ക് എന്നും സ്വർണ്ണത്തിളക്കം
ഇന്ത്യയ്ക്ക് ഒരു സ്വർണ്ണഹൃദയമുണ്ട്! ഉള്ളിന്റെയുള്ളിൽ ഒരോ ഇന്ത്യൻ ഹൃദയവും സ്വർണ്ണത്തിന് മൂല്യം കല്പിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. നമ്മുടെ അമ്മമാരും അമ്മായിമാരും മുത്തശ്ശിമാരും വിശിഷ്ട ദിവസങ്ങളിൽ മനോഹരമായ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ് സുന്ദരികളാവുന്നത് കണ്ടാണ് നാമെല്ലാം വളർന്നുവന്നത്. ആ ആഭരണങ്ങളിൽ പലതും തലമുറകളിലൂടെ കൈമാറി വന്ന കുടുംബസ്വത്തുക്കളായിരിക്കും. പെൺകുട്ടികൾ അവ തങ്ങൾക്ക് അണിയാൻ ലഭിക്കുന്ന അവസരം സ്വപ്നം കണ്ടാണ് വളരുന്നത്.
തലമുറകളിലൂടെ സ്വർണ്ണാഭരണങ്ങൾ കൈമാറുന്നത് ഒരാളുടെ പാരമ്പര്യത്തിന്റെ പ്രതീകാത്മകമായ സൗന്ദര്യപ്രദർശനമാണ്. അമ്മമാർ തങ്ങളുടെ ആഭരണങ്ങൾ പെൺമക്കൾക്ക് നൽകുന്നതും, അല്ലെങ്കിൽ വരാനിരിക്കുന്ന നവവധുവിനു വേണ്ടി കുടുംബസ്വത്തായ വളകളോ മോതിരങ്ങളോ പ്രത്യേകമായി കരുതിവെക്കുന്നതും ഇന്ത്യൻ കുടുംബങ്ങളിൽ അസാധാരണമല്ല. പലപ്പോഴും സ്വർണ്ണവളകൾ വിവാഹനിശ്ചയങ്ങളുടെ അടയാളമുദ്രകളാകാറുണ്ട്. മറ്റു ചിലപ്പോൾ മക്കളോടുള്ള അളവറ്റ സ്നേഹം പ്രകടിപ്പിക്കാനുള്ള മാർഗ്ഗങ്ങളാകുന്നു.
പല ഇന്ത്യയ്ക്കാരും കൂടികൊണ്ടിരിക്കുന്ന സ്വർണ്ണവിലയെ മുനിർത്തി ഭാവി സമ്പാദ്യത്തിനായി സ്വർണ്ണം വാങ്ങിക്കൂട്ടാറുണ്ട്. എങ്ങനെയായാലും ഈ കുടുംബസ്വത്തുക്കൾ ഇന്ത്യക്കാർ ഏറ്റവും മൂല്യം കല്പിക്കുന്ന ദീർഘകാല നിക്ഷേപങ്ങളായിരുന്നിട്ടുണ്ട്. ഇപ്പോഴും മിക്കവീടുകളിലും ഈ സമ്പ്രദായം തുടരുന്നുണ്ട്. ഒരു കുഞ്ഞ് ജനിച്ചാൽ അമ്മമാർ അവർക്കായി സ്വർണ്ണാഭരണങ്ങൾ വാങ്ങാനായി പണം സ്വരൂപിച്ചു തുടങ്ങും. ഈ ആഭരണങ്ങളെല്ലാം മകളോ മകനോ വിവാഹിതരാകുമ്പോൾ അവർക്ക് സമ്മാനമായി നൽകും. കൂടാതെ മാതാപിതാക്കൾ തങ്ങൾക്ക് വിവാഹസമയത്ത് ലഭിച്ച കുടുംബസ്വത്തുക്കളും കൈമാറും. അങ്ങനെ ആ പാരമ്പര്യം തുടർന്നു പോകുന്നു.
വിവാഹവും സ്വർണ്ണവും തമ്മിലുള്ള ബന്ധം ഇന്ത്യൻ സംസ്കാരത്തിന്റെ അവിഭാജ്യഘടകമാണ്. വിവാഹജീവിതം ആരംഭിക്കുമ്പോൾ പണമില്ലായ്മ ദമ്പതികാർക്ക് പലപ്പോഴും ഒരു പ്രശ്നമാകാതിരിക്കാനും, പുതുജീവിതം സുഗമമായി കൊണ്ടുപോകാൻ സാധിക്കുന്നതും പാരമ്പര്യമായ ലഭിക്കുന്ന സ്വർണ്ണസ്വത്തുകൊണ്ടാണ്. എന്നിരുന്നാലും കുടംബസ്വത്തുക്കൾ വിറ്റഴിക്കുന്ന രീതി ഇന്ത്യയിൽ സാധാരണമല്ല; പ്രത്യേകിച്ച് നിരവധി തലമുറകളിലൂടെ കൈമാറിവന്ന സ്വർണ്ണം. അതിനു കാരണം അവയോടുള്ള വൈകാരിക അടുപ്പമാണ്. അതിനാൽ ഭൂരിപക്ഷം ഇന്ത്യക്കാരും സാമ്പത്തികബുദ്ധിമുട്ട് വരുമ്പോൾ സ്വർണ്ണം വിൽക്കുന്നതിനു പകരം മറ്റു മാർഗ്ഗങ്ങളായിരിക്കും അന്വേഷിക്കുക.