Published: 01 Sep 2017
വിശുദ്ധമായ സ്വർണ്ണ ദാനം
സമ്പന്നമായ ഇന്ത്യൻ സംസ്ക്കാരത്തിന്റെ ഏറ്റവും വ്യതിരിക്തമായ വശങ്ങളിലൊന്നാണ് "ദാനം" (സംഭാവന). പുരാതന കാലം മുതൽക്കേ ഇന്ത്യയിലെ എല്ലാ മതങ്ങളും പിന്തുടർന്ന് പോന്നിട്ടുള്ള വിശുദ്ധ കർമ്മമാണിത്. ഇത്തരം ദാനങ്ങൾ നിർവഹിക്കുന്നതിനുള്ള ആചാരങ്ങളും ചടങ്ങുകളും വ്യത്യസ്തമാണ് എന്നത് പോലെ, ദാനധർമ്മങ്ങൾക്ക് പിന്നിലെ ഉദ്ദേശ്യങ്ങളും വിഭിന്നങ്ങളാണ്.
ഒരു വലിയ ചടങ്ങ് പോലെയാണ് ധാനധർമ്മ ചടങ്ങുകൾ ഇന്ത്യയിൽ ആഘോഷിക്കപ്പെട്ടിരുന്നത്. ദാനധർമ്മ ചടങ്ങുകൾക്ക് ശേഷം ബന്ധുമിത്രാദികൾക്കും അതിഥികൾക്കും വിരുന്ന് സൽക്കാരവും ഒരുക്കിയിരുന്നു. പണം ദാനമായി നൽകിയാൽ ഒരു ജന്മം ലഭിക്കുമെന്നും സ്വർണ്ണമോ ഭൂമിയോ ദാനമായി നൽകിയാലോ കന്യാദാനം (ഹിന്ദു വിവാഹത്തിൽ മകളെ നൽകുന്ന ചടങ്ങ്) നടത്തിയാലോ ഏഴ് ജന്മങ്ങൾ വരെ ലഭിക്കുമെന്നും വിശ്വസിക്കപ്പെട്ടിരുന്നു.
മഞ്ഞലോഹം വിശുദ്ധമാണെന്നും ശുഭകരമാണെന്നും കണക്കാക്കപ്പെടുന്നു; ഏറ്റവും ബഹുമാനിക്കപ്പെടുന്ന ദാനങ്ങളിലൊന്ന് സ്വർണ്ണദാനമായാണ് പരിഗണിക്കപ്പെടുന്നത്. ഹിന്ദു വിശുദ്ധ ഗ്രന്ഥങ്ങൾ പ്രകാരം സ്വർണ്ണം സംഭാവനയായി നൽകുന്ന ദാനങ്ങൾ ഏതൊക്കെയാണെന്നാണ് ഈ ലേഖനത്തിൽ നാം അറിയാൻ പോകുന്നത്. വേദഗ്രന്ഥങ്ങളിൽ പതിനാറ് മഹാദാനങ്ങളുടെ ഭാഗമായി ഈ ദാനങ്ങൾ പരാമർശിക്കപ്പെട്ടിരിക്കുന്നു.
-
തുലാ പുരുഷ ദാനം
ഈ ദാനത്തിൽ ദാനകർത്താവ്, സായുധ വിഭൂഷിതനായി തുലാസിന്റെ ഒരു തട്ടിൽ ഇരിക്കുന്നു, മറുതട്ടിൽ ശുദ്ധ സ്വർണ്ണം വയ്ക്കുന്നു. തുലാസ്സിൽ ഇരിക്കുന്ന ആളിന്റെ ശരീരഭാരവും അണിഞ്ഞിരിക്കുന്ന ആയുധങ്ങളുടെ ഭാരവും അനുസരിച്ച് 125 കിലോ മുതൽ 200 കിലോ വരെ സ്വർണ്ണം ഉപയോഗിക്കപ്പെടും. തുടർന്ന്, ഈ ശുദ്ധ സ്വർണ്ണം അവിടെ സന്നിഹിതരായിരിക്കുന്ന ബ്രാഹ്മണന്മാർക്ക് സംഭാവന ചെയ്യുന്നു. തുലാഭാരം നടത്തുന്നതിന് ഉപയോഗിക്കുന്ന സ്വർണ്ണത്തുലാസും ബ്രാഹ്മണന്മാർക്ക് ദാനമായി ലഭിക്കുന്നു.
-
ഹിരണ്യഗർഭ ദാനം
ദൈവിക ഗർഭത്തെ പ്രതിനിധീകരിക്കുന്ന ഒരു സ്വർണ്ണകുംഭമാണ് ഈ ചടങ്ങിൽ ദാനം ചെയ്യുന്നത്. ഈ കുംഭത്തിന് 54 ഇഞ്ച് ഉയരവും 36 ഇഞ്ച് വിസ്താരവും ഉണ്ടായിരിക്കും, സ്വർണ്ണം കൊണ്ടുള്ള ഒരു മൂടിയും ഉണ്ടായിരിക്കും. ഏകദേശം 40 കിലോ മുതൽ 50 കിലോ വരെ സ്വർണ്ണം ഉപയോഗിച്ചാണ് ഈ കുംഭം നിർമ്മിക്കുന്നത്. ഇതിൽ നെയ്യും പാലും നിറച്ചിട്ടുണ്ടാകും.
-
ബ്രഹ്മാന്ദ് ദാനം
പ്രപഞ്ചത്തിന്റെ സ്വർണ്ണം കൊണ്ട് നിർമ്മിച്ചിട്ടുള്ള ഒരു പകർപ്പ് ദാനമായി നൽകുന്ന ചടങ്ങാണിത്. ദാനം നൽകുന്നയാളുടെ ആഗ്രഹത്തിനും ശേഷിക്കും അനുസരിച്ച് ഈ രൂപത്തിന് 1.25 കിലോ മുതൽ 66.2 കിലോ വരെ തൂക്കമുണ്ടായിരിക്കും.
ചടങ്ങിന് ശേഷം ഈ രൂപം പത്ത് കഷണങ്ങളായി വിഭജിക്കുന്നു. ഇതിൽ രണ്ട് ഭാഗം ഗുരുവിന് നൽകുന്നു. ബാക്കി 8 ഭാഗങ്ങൾ ബ്രാഹ്മണർക്ക് ദാനമായി നൽകുന്നു. -
കൽപ്പ്-പദാപ് ദാനം
ഈ ചടങ്ങിൽ, കൽപ്പകവൃക്ഷത്തിന്റെ (ഐതിഹ്യം അനുസരിച്ച്, നാം ആഗ്രഹിക്കുന്ന എന്തും തരാൻ കൽപ്പകവൃക്ഷത്തിന് കഴിവുണ്ടെത്രെ) സ്വർണ്ണ പകർപ്പാണ് ദാനമായി നൽകുന്നത്. പഴങ്ങളും പൂക്കളും പക്ഷികളും ആഭരണങ്ങളും വസ്ത്രങ്ങളും കൊണ്ട് ഈ മരം അലങ്കരിക്കുന്നു. ഗുരുവിനും അദ്ദേഹത്തിന്റെ ശിഷ്യന്മാർക്കും ഈ മരം ദാനമായി നൽകുന്നു. ഇത് പോലുള്ള മറ്റൊരു ദാനമാണ് കൽപ്പ്-ലത ദാനം. ഇവിടെ കൽപ്പകവൃക്ഷം ഉൾപ്പെടെ പത്ത് വിശുദ്ധ വള്ളിച്ചെടികളാണ് ദാനമായി നൽകുന്നത്. ഇവയെയും പഴങ്ങളും ആഭരണങ്ങളും കൊണ്ട് അലങ്കരിക്കുന്നു.
-
ഹിരണ്യ കാമധേനു ദാനം
എല്ലാ പശുക്കളുടെയും അമ്മയാണെന്ന് സങ്കൽപ്പിക്കപ്പെടുന്ന വിശുദ്ധ പശുവാണ് കാമധേനു. കുഞ്ഞിനെ മുലയൂട്ടുന്ന കാമധേനുവിന്റെ സ്വർണ്ണം കൊണ്ട് നിർമ്മിച്ചിട്ടുള്ള ചെറുപതിപ്പാണ് ഈ ചടങ്ങിൽ ദാനം ചെയ്യുന്നത്. സ്വർണ്ണാഭരണങ്ങൾ കൊണ്ട് ഈ കാമധേനുവിനെ അലങ്കരിക്കുന്നു.
-
ഹിരണ്യ അശ്വരഥ ദാനം
രണ്ട് മുതൽ എട്ട് കുതിരകളെ പൂട്ടിയ ഒരു രഥത്തിന്റെ സ്വർണ്ണം കൊണ്ടുണ്ടാക്കിയ പതിപ്പാണ് ഇവിടെ ദാനം ചെയ്യുന്നത്. കുതിരകളെ സ്വർണ്ണാഭരണങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കും. ഇതിന് സമാനമായ ചടങ്ങാണ് ഹെം ഹസ്തി രഥ ദാനം. ഇവിടെ നാല് ആനകൾ വലിക്കുന്ന രഥത്തിന്റെ സ്വർണ്ണം കൊണ്ടുണ്ടാക്കിയ രൂപമാണ് ദാനം ചെയ്യുന്നത്.
-
ധാരാ ദാനം
ധാരാ എന്നാൽ ഭൂമീദേവിയാണ്. വിശുദ്ധ നദികളും പർവ്വതങ്ങളും സമുദ്രങ്ങളും ചിത്രീകരിച്ചിട്ടുള്ള ഭൂമിയുടെ സ്വർണ്ണം കൊണ്ടുണ്ടാക്കിയ രൂപമാണ് ഇവിടെ ദാനം ചെയ്യപ്പെടുന്നത്.
-
സപ്ത സാഗർ ദാനം
പഞ്ചസാര, ഉപ്പ്, പാൽ, നെയ്യ്, ചക്കര, വിശുദ്ധ ജലം എന്നിവ നിറച്ചിട്ടുള്ള ഏഴ് സ്വർണ്ണക്കുടങ്ങളാണ് ഇവിടെ ദാനം ചെയ്യുന്നത്. ഏഴ് സമുദ്രങ്ങളെ സൂചിപ്പിക്കുന്നതാണ് ഈ സ്വർണ്ണക്കുടങ്ങൾ.
ഇത്തരത്തിലുള്ള ദാനങ്ങൾ നടത്തുന്നതിന് നിശ്ചിതമാർഗ്ഗങ്ങൾ ഉണ്ട്. ഗുരുക്കന്മാർക്കും ബ്രാഹ്മണന്മാർക്കും മറ്റ് ബഹുമാന്യ വ്യക്തികൾക്കും സ്വർണ്ണം ദാനം ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയുടെ സമ്പന്നവും രാജകീയവുമായ സംസ്ക്കാരമാണ് ഇത് സൂചിപ്പിക്കുന്നത്.