Published: 14 Jul 2017

സ്വർണം വാങ്ങൽ-പുത്തൻ മാർഗങ്ങൾ സ്വീകരിക്കേണ്ട സമയമായി

സ്വർണം വാങ്ങുകയും സൂക്ഷിക്കുകയും ചെയ്യുക എന്നത് ക്ലേശകരമായ ജോലിയാണ്. ഗോൾഡ് മ്യൂച്വൽ ഫണ്ടുകളും ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളും (ഇടിഎഫ്) സൂക്ഷിച്ചുവയ്ക്കലിൻറെ ആശങ്കകളൊന്നുമില്ലാതെ സ്വർണത്തിലേയ്ക്ക് വൈവിധ്യവൽകരണം നടത്താൻ നിങ്ങളെ സഹായിക്കുന്നു

സ്വർണ നിക്ഷേപത്തിനുള്ള പരമ്പരാഗത സമീപനം
പുരാതനകാലം മുതൽക്കുതന്നെ സ്വർണം സുരക്ഷിതമെന്നു വിശ്വസിക്കാവുന്ന ആസ്തിയാണ്. പ്രതിസന്ധിഘട്ടത്തിൽ വില്പന നടത്തിയും കടംവീട്ടാൻ ഉപയോഗിച്ചും പിടിച്ചുനിൽക്കാൻ സഹായിക്കുന്ന അവസാന ആശ്രയമാണിത്

ആധുനിക സ്വർണ നിക്ഷേപ മാർഗങ്ങളെക്കുറിച്ചുള്ള അവലോകനം
നിക്ഷേപത്തുകയുടെ കൃത്യമായ സന്തുലിതാവസ്ഥ, മൂലധന സംരക്ഷണം, സുസ്ഥിരമായ വരുമാനം, കുറഞ്ഞ അപകട സാധ്യതകൾ എന്നിവ ആഗ്രഹിക്കുന്ന നിക്ഷേപകന് ഇനി പറയുന്ന സ്വർണ നിക്ഷേപ മാർഗങ്ങൾ പരിശോധിക്കാവുന്നതാണ്.

സ്വർണം പണമാക്കൽ
വാക്കുകളിൽനിന്നുതന്നെ അർഥം ഊഹിച്ചെടുക്കാവുന്നതേയുള്ളു. ഭാരത സർക്കാർ അവതരിപ്പിച്ചിരിക്കുന്ന ഈ പദ്ധതിയനുസരിച്ച് നിക്ഷേപകർക്ക് സ്വർണ ഓഹരികളെ പലിശ ലഭ്യമാക്കുന്ന ആസ്തിയാക്കി മാറ്റാം. ഇവിടെ ചെയ്യുന്നത്, പണം സ്ഥിരനിക്ഷേപമാക്കുന്നതുപോലെ സ്വർണവും ബാങ്ക് അക്കൌണ്ടുകളിൽ നിക്ഷേപിക്കുക എന്നതാണ്. തുടർന്ന് സ്വർണാഭരണങ്ങൾ ഉരുക്കി കട്ടിപ്പൊന്ന് ആക്കുന്നു.

നിക്ഷേപിക്കുന്ന സ്വർണത്തിൻറെ അസൽ വിലയാണ് നിക്ഷേപകനു ലഭിക്കുന്നത്. അഞ്ചു ലക്ഷം രൂപയുടെ സ്വർണം നിക്ഷേപിക്കുകയാണെങ്കിൽ സ്വർണത്തിൻറെ വില കുറഞ്ഞാലും കൂടിയാലും ഇത്രയും തുകയുടെ പലിശ നിങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കും. പലിശ നിങ്ങൾക്ക് പണമായി കൈയിൽ വാങ്ങുകയോ നിക്ഷേപത്തിൽ കൂട്ടിച്ചേർക്കുകയോ ചെയ്യാം. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപിച്ച സ്വർണത്തിൻറെ അപ്പോഴത്തെ വിപണിവിലയും പലിശയും ലഭിക്കും

സ്വർണ ഇടിഎഫ്
സ്വർണ കൈമാറ്റ-വ്യാപാര ഫണ്ട് (എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ട്, ഇടിഎഫ്) ലക്ഷ്യമിടുന്നത് നിലവിലുള്ള ആഭ്യന്തര സ്വർണവില കണക്കാക്കുന്നതിലാണ്. യഥാർഥ സ്വർണത്തിൻറെ പേപ്പർ വില അല്ലെങ്കിൽ ഇലക്ട്രോണിക് (ഡീമെറ്റീരിയലൈസ്ഡ്) ഫോം ആക്കിയ യൂണിറ്റുകളായാണ് ഇത് കണക്കാക്കുന്നത്. ഒരു സ്വർണ ഇടിഎഫ് എന്നു പറയുന്നത് ഏറ്റവും ശുദ്ധമായ ഒരു ഗ്രാം സ്വർണം ആണ്. ഒരു കമ്പനിയുടെ ഒരു ഓഹരി എന്ന കണക്കിലാണ് ഇടിഎഫുകളുടെ വ്യാപാരം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നടക്കുന്നത്. സ്വർണ ഇടിഎഫ് വാങ്ങുക എന്നതിനർഥം നിങ്ങൾ സ്വർണം ഇലക്ട്രോണിക് ഫോമിൽ വാങ്ങുന്നു എന്നതാണ്. സ്റ്റോക്എക്സ്ചേഞ്ചിൽ ഓഹരിവ്യാപാരം നടത്തുന്നതുപോലെ നിങ്ങൾക്ക് ഇടിഎഫ് വാങ്ങുകയും വിൽക്കുകയും ചെയ്യാം. നിങ്ങൾ ഇവ വിൽക്കുമ്പോൾ പകരം സ്വർണമല്ല, അതിനു തുല്യമായ വിലയ്ക്കുള്ള പണമാണ്.

സ്വർണ ഇടിഎഫുകളുടെ വ്യാപാരം ഡീമെറ്റീരിയലൈസ്ഡ് അല്ലെങ്കിൽ ഡീമാറ്റ് വഴിയും ബ്രോക്കർ വഴിയുമാണ് നടക്കുന്നത്. അതുകൊണ്ട് സ്വർണത്തിൻറെ ഇത്തരത്തിലുള്ള ഇലക്ട്രോണിക് നിക്ഷേപം വളരെയധികം സൌകര്യപ്രദമാണ്.

സ്വർണ സമ്പാദ്യ ഫണ്ടുകൾ
ഫണ്ട്സ് ഓഫ് ഫണ്ട്സ് എന്നുകൂടി അറിയപ്പെടുന്ന സ്വർണ സമ്പാദ്യ ഫണ്ടുകൾ ആത്യന്തികമായി മ്യൂച്വൽ ഫണ്ടുകളാണ്. ഇവ സ്വർണ ഇടിഎഫുകളിലും മറ്റ് ഹ്രസ്വകാല ഫണ്ടുകളിലുമാണ് നിക്ഷേപിക്കപ്പെടുന്നത്.

സ്വർണ ശേഖരണ പദ്ധതി
സ്വർണ ശേഖരണ പദ്ധതിയിലൂടെ നിങ്ങൾക്ക് പ്രതിമാസ തവണകളായി സ്വർണം വാങ്ങാനായി നിക്ഷേപിക്കാം. ഒരു വർഷം മുതൽ 15 വർഷം വരെ കാലാവധിയുള്ള ഈ പദ്ധതിയിലൂടെ നിങ്ങളുടെ നിക്ഷേപമനുസരിച്ച് സ്വർണം വാങ്ങാവുന്നതാണ്. ഏറ്റവും കുറഞ്ഞ പ്രതിമാസ തവണ ആയിരം രൂപയാണ്.

സമാപ്തി
സമകാലീന സ്വർണനിക്ഷേപ അവസരങ്ങളിലൂടെ നിക്ഷേപകർക്ക് സ്വർണത്തെ പ്രത്യുല്പാദനപരവും കാര്യക്ഷമവുമായ ആസ്തിവിഭാഗമായി ഉപയോഗിക്കാം. സാമ്പത്തികമാന്ദ്യം, പണപ്പെരുപ്പം എന്നിവയ്ക്കെതിരെ ഉപയോഗിക്കാവുന്ന വിശ്വസനീയവും ലാഭകരവുമായ മാർഗമാണിത്. മാത്രമല്ല ഈ മാർഗങ്ങൾ സുരക്ഷിതവും ചെലവുകുറഞ്ഞതും സൌകര്യപ്രദവുമാണ്.