Published: 27 Sep 2017
അമേരിക്കയുടെ ദേശീയ സ്വർണ്ണനാണയങ്ങൾ
ലോകത്ത് 22 രാജ്യങ്ങൾ സർക്കാർ വക സ്വർണ്ണനാണയങ്ങളും സ്വർണ്ണക്കട്ടികളും അടിച്ചിറക്കി വിതരണം ചെയ്യുന്നുണ്ട്. സർക്കാർ നിർമ്മിച്ച് വിതരണം ചെയ്യുന്ന സ്വർണ്ണനാണയങ്ങളും കട്ടികളും പ്രാഥമികമായും നൽകുന്നത് കലർപ്പില്ലാത്ത സ്വർണ്ണമെന്ന ഉറപ്പും ഇടപാടുകളിലെ നിയമസാധുതയുമാണ്. ഇത് ഈ അപൂർവ്വ ലോഹത്തിന്റെ വ്യാപാരം സുഗമമാക്കുന്നു.
അമേരിക്കൻ ഗവൺമെന്റ് മൂന്ന് വ്യത്യസ്ത സ്വർണ്ണനാണയങ്ങൾ ഇറക്കിയിട്ടുണ്ട്. അവയിൽ രണ്ടുതരം നാണയങ്ങൾ ഇപ്പോഴും നിർമ്മിച്ച് വില്പന ചെയ്യുന്നു. അതിലൊന്നാണ് ഗോൾഡ് ഈഗിൾ എന്ന് പേരുള്ള 22 കാരറ്റ് 9167 ഗുണമേന്മയുള്ള ശുദ്ധ സ്വർണ്ണനാണയം. യു.എസ്. ഗവൺമെന്റ് 1986ൽ ആദ്യമായി പുറത്തിറക്കിയ ഈ നാണയം നാല് വ്യത്യസ്ത വലിപ്പത്തിൽ ലഭ്യമാണ് (1/10, 1/4, 1/2, 1 എന്നീ ട്രോയ് ഔൺസുകളിൽ). ഗോൾഡ് ഈഗിളിൽ ആലേഖനം ചെയ്തിരിക്കുന്നത് അമേരിക്കൻ നവോത്ഥാനകാല ശില്പി അഗസ്റ്റസ് സെയ്ന്റ് ഗോഡൻസിന്റെ വലത് കൈയ്യിൽ തീപ്പന്തവും ഇടത് കൈയ്യിൽ ഒലീവ് ശിഖരവും പിടിച്ച് പാറിപ്പറക്കുന്ന തലമുടിയോടെ നിൽക്കുന്ന ലേഡി ലിബർട്ടിയുടെ മുഴുനീള ശില്പമാണ്. പിന്നിൽ ഇടതുഭാഗത്തായി പ്രശസ്തമായ കാപ്പിറ്റൊൾ കെട്ടിടവുമുണ്ട്. നാണയത്തിന്റെ മറുഭാഗത്ത് ഒലീവ് ശിഖരം വഹിച്ചുകൊണ്ട് പറക്കുന്ന ഒരാൺപരുന്തിന്റെ ചിത്രമാണ്. പെൺപരുന്തും കുട്ടികളുമുള്ള കൂടിനുമുകളിലൂടെയാണ് ആൺപരുന്ത് പറക്കുന്നത്.
ഇപ്പോഴും പ്രാബല്യത്തിലുള്ള രണ്ടാമത്തെ അമേരിക്കൻ സ്വർണ്ണനാണയമാണ് അമേരിക്കൻ ബഫലോ അഥവാ ‘ഗോൾഡ് ബഫലോ’. 24 കാരറ്റ് 9999 ഗുണമേന്മയുള്ള ലോകത്തിലെ ഏറ്റവും പരിശുദ്ധമായ സ്വർണ്ണനാണയങ്ങളിലൊന്നാണിത്. ഒരു നേറ്റീവ് അമേരിക്കന്റെ ചിത്രത്തിനൊപ്പം ‘ലിബർട്ടി’ എന്ന വാക്ക് മുകളിൽ വലത്തേ മൂലയിലും, അടിച്ചിറക്കിയ വർഷം താഴെ ഇടത്തേമൂലയിലും ആലേഖനം ചെയ്തതാണ് നാണയത്തിന്റെ മുൻവശം. മറുപുറത്ത് മൺകൂനയിൽ ചവിട്ടി നിൽക്കുന്ന ഒരു പോത്തിന്റെ ചിത്രമാണ്. ചിത്രത്തിനൊപ്പം പോത്തിന്റെ പുറത്ത് താഴ്ഭാഗത്ത് ‘അനേകത്തിൽ ഏകം’ എന്നർത്ഥം വരുന്ന ‘ഇ പ്ലുരിബസ് ഉനും’ എന്ന ലാറ്റിൻ ആപ്തവാക്യവും അച്ചടിച്ചിരിക്കുന്നു.