Published: 04 Sep 2017
റീസൈക്കിൾ ചെയ്യപ്പെടുന്നതിനാൽ, സ്വർണ്ണ ലഭ്യത ഒരിക്കലും കുറയില്ല
ചരിത്രാതീത കാലം മുതലേ മനുഷ്യനൊപ്പം സ്വർണ്ണവും ഉണ്ടായിരുന്നു. ചരിത്രം പറയുന്നത്, പുരാതന സംസ്ക്കാരങ്ങളായ അസെറ്റെക്‌സും ഈജിപ്തുകാരും സ്വർണ്ണം വിപുലമായി ഉൽപ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്തുവെന്നാണ്. ക്രിസ്തുവിന് മുമ്പ് 550-ൽ തന്നെ സ്വർണ്ണ നാണയങ്ങൾ നിലവിൽ വന്നുവെന്ന് ഗവേഷകർ കരുതുന്നുണ്ടെങ്കിലും, ക്രിസ്തുവിന് മുമ്പ് 1600-ൽ തന്നെ സ്വർണ്ണ നാണയങ്ങൾ നിലവിലുണ്ടായിരുന്നു എന്ന പരാമർശങ്ങൾ പല പുരാണ ഗ്രന്ഥങ്ങളിലും കാണാം. അപ്പോൾ, ചോദ്യം ഇതാണ് - ഈ വിലപിടിപ്പുള്ള ലോഹം ഒരിക്കലും ഉപയോഗിച്ച് തീരില്ലേ?
സ്വർണ്ണമൊരു ചരക്കാണ് (കൊമ്മോഡിറ്റി), മറ്റേതൊരു ചരക്കിന്റെയും കാര്യത്തിൽ എന്ന പോലെ, നമ്മുടെ ഗ്രഹത്തിൽ സ്വർണ്ണത്തിന്റെ വിതരണവും പരിമിതമാണ്. എന്നിരുന്നാലും, എത്ര കാലം സ്വർണ്ണം ഖനനം ചെയ്തെടുക്കുന്നത് തുടരുമെന്ന ചോദ്യത്തിന് ഉത്തരം തേടാൻ, സ്വർണ്ണം ഖനനം ചെയ്യുന്നതിന്റെ സാമ്പത്തികവും പാരിസ്ഥിതികവുമായ പരിമിതികൾ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.
സ്വർണ്ണം ഖനനം ചെയ്തെടുക്കുന്നത് വളരെ ചെലവേറിയതും ശ്രമകരവുമായ പ്രക്രിയയാണ്. എന്നിരുന്നാലും, ഖനനം ലാഭകരമാക്കുന്നതിന്, ഒരുപാട് സ്വർണ്ണ ശേഖരമുള്ള പരിമിതമായ ഇടമാണ് കമ്പനികളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കേണ്ടത്. ലാഭം ഉറപ്പാക്കാൻ ലോകത്തിന്റെ ഏതൊക്കെ ഭാഗത്ത് ഖനനം ചെയ്യാമെന്നതിനെ തൊഴിൽ വേതനവും മറ്റ് പാരിസ്ഥിതിക നിയന്ത്രണങ്ങളും സ്വാധീനിക്കുന്നു.
ഇത്തരം പ്രശ്നങ്ങൾ, പഴയ കാലത്ത് ഉണ്ടായിരുന്നില്ല, കാരണം ഖനികളിൽ അക്കാലങ്ങളിൽ സ്വർണ്ണ ശേഖരം സമൃദ്ധമായിരുന്നു. കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വളരെ കൂടുതൽ സ്വർണ്ണ ശേഖരമുള്ള ഖനികൾ കണ്ടെത്താൻ കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കഥ മാറിയിരിക്കുന്നു. കഴിഞ്ഞ 500 വർഷങ്ങളായി ഏകദേശം 173,000 മെട്രിക് ടൺ സ്വർണ്ണമാണ് ഇതുവരെയായി മനുഷ്യൻ ഭൂമിയിൽ നിന്ന് ഖനനം ചെയ്തെടുത്തിരിക്കുന്നത്. ഈ അളവിൽ 50 ശതമാനത്തിലേറെയും കഴിഞ്ഞ 50 വർഷത്തിലാണ് ഖനനം ചെയ്തെടുത്തിരിക്കുന്നത്. ഈയടുത്ത കാലത്ത് നടന്ന വിപുലമായ ഖനന പ്രക്രിയകളാൽ ഭൂമിയിലെ സ്വർണ്ണം ശേഖരം കുറഞ്ഞിരിക്കുന്നു. സ്വർണ്ണത്തിന്റെ അളവ് കൂടുതലുള്ള ഇടങ്ങൾ കണ്ടുപിടിക്കുന്നതും ഖനന പ്രക്രിയ ലാഭകരമാക്കുന്നതും ഇപ്പോൾ വളരെയധികം പ്രയത്നവും വിഭവസാമഗ്രികളും ആവശ്യമുള്ള സംഗതികളായിരിക്കുന്നു. ഇതിനർത്ഥം ഭൂമിയിലെ സ്വർണ്ണം തീർന്നുവെന്നല്ല, മുമ്പുണ്ടായിരുന്നത്ര ലാഭകരമായി നമുക്ക് ഖനനം ചെയ്യാൻ കഴിയില്ല എന്നാണ്.
ഗോൾഡ്‌മാൻ സാച്‌സ് പറയുന്നത് അനുസരിച്ച്, അടുത്ത 18 വർഷത്തേക്ക് (2035 വരെ) നിലവിലെ ഉൽപ്പാദന നിരക്കിൽ സ്വർണ്ണം ഖനനം ചെയ്യാൻ കഴിയുന്ന സ്വർണ്ണ ഖനികളെ കുറിച്ച് മാത്രമാണ് മനുഷ്യന് അറിവുള്ളത്. ഈ പതിനെട്ട് വർഷം തന്നെ നീണ്ട കാലയളവല്ലേ എന്ന് നിങ്ങൾ ചോദിച്ചേക്കാം. എന്നാൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തുന്നതും ഖനനം തുടങ്ങുന്നതിനും ഇടയിൽ നീണ്ട കാലയളവ് ആവശ്യമാണ്. പ്രായോഗികതാ വിലയിരുത്തലുകൾ, അനുവർത്തനം, ലൈസൻസുകൾ എന്നിങ്ങനെ നിരവധി പരിശോധനകളും മറ്റും കഴിഞ്ഞതിന് ശേഷമാണ് ഖനനം തുടങ്ങുക എന്നതിനാലാണ് ഈ നീണ്ട കാലയളവ് എടുക്കുന്നത്.
ഈ പ്രക്രിയയ്ക്ക് 20-ലധികം വർഷം എടുത്തേക്കാം, അതിനാൽ തന്നെ നമ്മുടെ ജീവിത കാലയളവോളം സ്വർണ്ണ ലഭ്യത അങ്ങനെ തന്നെ ഉണ്ടാകുമെന്ന് നമുക്ക് ഉറപ്പാക്കാം. ഇപ്പോൾ, നമുക്ക് കുടുംബത്തിന്റെ സ്വർണ്ണ ശേഖരത്തിലേക്ക് എന്തെങ്കിലും ചേർക്കാൻ കഴിയുമോ എന്ന് നോക്കാം.