Published: 04 Sep 2017
നോട്ടുനിരോധവും സ്വർണ്ണവും
ഇന്ത്യ 2016ൽ അഭിമുഖികരിച്ച നിരവധി വെല്ലുവിളികളിൽ ഏറ്റവും വലിയ പ്രതിസന്ധിയനുഭവിച്ചത് സ്വർണ്ണമാർക്കറ്റിലാണ് സ്വർണ്ണാഭരണങ്ങൾക്കുമേൽ എക്സൈസ് ഡ്യൂട്ടി ചുമത്തികൊണ്ട് അവതരിപ്പിച്ച 2016ലെ ബജറ്റ് നൽകിയ പ്രഹരത്തിൽ നിന്ന് വിമുക്തിനേടുന്നതിന് മുമ്പ് ഒട്ടും പ്രതീക്ഷിക്കാതെയാണ് നോട്ടുനിരോധനം നിലവിൽ വന്നത്.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിച്ചുകൊണ്ടുള്ള നരേന്ദ്രമോഡി സർക്കാരിന്റെ നടപ്പടി കള്ളപ്പണത്തിനും കള്ളനോട്ടുകൾക്കും, അതുവളർത്തുന്ന നിയമവിരുദ്ധപ്രവർത്തനങ്ങൾക്കും തീവ്രവാദത്തിനും അറുതി വരുത്തുമെന്നു പറഞ്ഞുകൊണ്ടായിരുന്നു.
പ്രധാനമന്ത്രിയുടെ നോട്ടുനിരോധന പ്രഖ്യാപനത്തെത്തുടർന്ന് സ്വർണ്ണത്തിന് പെട്ടെന്നുള്ള വിൽപ്പന വർദ്ധന അനുഭവപ്പെട്ടു. രാജ്യമെമ്പാടുമുള്ള ആളുകൾ തങ്ങളുടെ പഴയ നോട്ടുകൾ സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ പരക്കം പാഞ്ഞു. സ്വർണ്ണവ്യാപാരികളും ഈ വിൽപ്പനവർദ്ധവിനെ സ്വാഗതം ചെയ്ത് പരസ്പരം മത്സരിച്ചു. ഇതേത്തുടർന്ന് സ്വർണ്ണവില കുതിച്ചുയർന്നു.
എന്നാൽ തുടർന്നുള്ള ആഴ്ചകളിൽ ഈ അവസ്ഥയ്ക്ക് പെട്ടെന്നു മാറ്റം സംഭവിച്ചു. വിൽപ്പന കുത്തനെ താണു. കള്ളപ്പണത്തിനെതിരായുള്ള സർക്കാരിന്റെ നടപടികൾ ചിലപ്പോൾ സ്വർണ്ണം സൂക്ഷിച്ചുവെച്ചവർക്കും സ്വർണ്ണം വാങ്ങുന്നവർക്കുമെതിരായി തിരിയുമെന്നുള്ള ഭയം പരക്കെയുണ്ടായി. വേൾഡ് ഗോൾഡ് കൗൺസിലിന്റെ അഭിപ്രായത്തിൽ ഇത് ആളുകളെ പുതുതായി സ്വർണ്ണം വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു. യഥാർത്ഥ ആവശ്യക്കാർ പോലും കല്ല്യാണങ്ങൾക്കും മറ്റും സ്വർണ്ണം വാങ്ങാൻ വിമുഖത കാണിച്ചതായി വേൾഡ് ഗോൾഡ് കൗൺസിൽ അവരുടെ ‘ഇന്ത്യാസ് ഗോൾഡ് മാർക്കറ്റ്: ഇവല്യൂഷൻ ആൻറ് ഇനൊവേഷൻ’ എന്ന റിപ്പോർട്ടിൽ പറയുന്നു.
ഷോറുമുകൾ തിങ്ങിനിറയേണ്ട ഒരു വിവാഹസീസൺ യാതൊരു കോലാഹലവുമില്ലാതെ കടന്നുപോയി 2016 അവസാനിക്കാറായപ്പോൾ, സ്വർണ്ണവ്യാപാരികൾ അങ്കലാപ്പിലായി.
എന്നാൽ അതിനുശേഷം ഏതാണ്ട് ആറുമാസം പിന്നിട്ടപ്പോൾ സ്വർണ്ണവിൽപ്പന ഏതാണ്ട് സുസ്ഥിരമായിട്ടുണ്ട്. മാർക്കറ്റിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനായി സർക്കാർ നടപടികൾ എടുക്കാൻ ആഗ്രഹിക്കുമ്പോൾ സ്വർണ്ണം എന്നും ഇന്ത്യക്കാരുടെ ആശ്രയലോഹമായി തുടരുന്നു. ഭാവിയിലും അതങ്ങനെത്തന്നെ നിലനിൽക്കും.
ഇന്ത്യക്കാർക്ക് സ്വർണ്ണത്തോടുള്ള പ്രണയത്തിന് ചാഞ്ചാട്ടം സംഭവിക്കുക എളുപ്പമാകില്ല!