Published: 27 Sep 2017
സ്വർണ്ണത്തിന്റെ കണ്ടെത്തൽ
ആദ്യമായി കണ്ടെത്തിയതും ഉപയോഗിച്ചതുമായ ലോഹമാണോ സ്വർണ്ണം? പലരും ചോദിക്കുന്ന ഒരു ചോദ്യമാണിത്. എന്നാൽ വ്യക്തവും തൃപ്തികരവുമായൊരു ഉത്തരം ഇതുവരെയും ലഭിച്ചിട്ടില്ല.
തുടക്കത്തിൽ, കണ്ടെത്തിയ ഇടത്തിൽ തന്നെ സ്വർണ്ണം വേർതിരിക്കുകയും സംസ്ക്കരിക്കുകയുമാകാം ചെയ്തിരുന്നത്. തുടർന്ന്, മറ്റ് സ്ഥലങ്ങളിലേക്ക് കണ്ടെത്തിയ ഇടത്തിൽ നിന്ന് മറ്റെവിടേക്കെങ്കിലും കൊണ്ടുപോയിട്ടായിരിക്കാം സ്വർണ്ണം സംസ്ക്കരിക്കപ്പെട്ടിരുന്നത്. എവിടെ നിന്ന് കിട്ടിയാലും സ്വർണ്ണം ഒരുപോലെയാണ്. അതിനാൽ കണ്ടുകിട്ടിയിട്ടുള്ള സ്വർണ്ണ ഇനങ്ങളിൽ പരീക്ഷണം നടത്തിക്കൊണ്ട് സ്വർണ്ണത്തിന്റെ ഉത്ഭവസ്ഥാനം കണ്ടെത്താൻ ആർക്കിയോളജിസ്റ്റുകൾക്കും ആത്രോപോളജിസ്റ്റുകൾക്കും കഴിയില്ല.
ഇന്ന് നമുക്ക് അറിയാവുന്ന ഏറ്റവും പ്രശസ്തമായ ചില കലാശിൽപ്പമാതൃകകൾ നമുക്ക് പരിഗണിക്കാം. ഡെൻമാർക്കിലെ ട്രുന്ധോലത്തിൽ നിന്ന് 1902-ൽ കണ്ടെടുത്ത സൂര്യരഥം നിർമ്മിക്കപ്പെട്ടത് ബിസി പതിനാലാം നൂറ്റാണ്ടിലാണ്. ജർമ്മനിയിലെ ഹല്ലേയ്ക്ക് അരികിൽ ഉള്ള നെബ്രയിൽ നിന്ന് കണ്ടെടുക്കപ്പെട്ട ഡിസ്ക്കിന് 3,200 വർഷം പഴക്കമുണ്ട്. സൂര്യരഥം നിർമ്മിച്ച അതേ സംസ്ക്കാരം തന്നെയാകും ഇതും നിർമ്മിച്ചതെന്ന് അനുമാനിക്കപ്പെടുന്നു. വെങ്കലയുഗത്തിൽ സൂര്യ ഭഗവാനെ മരണ ദേവനായും ആളുകൾ വിശ്വസിച്ച് പോന്നു. കാരണം, പകലറുതിയിൽ ചക്രവാളത്തിന് താഴേക്ക് മറയുകയാണല്ലോ സൂര്യൻ ചെയ്യുന്നത്. അടുത്ത ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും.
ദശകങ്ങളായി മിക്ക ആർക്കിയോളജിക്കൽ വിദഗ്ധരും വിശ്വസിച്ചിരുന്നത് കണ്ടെടുക്കപ്പെട്ടതിൽ വച്ച് ഏറ്റവും പഴയ സ്വർണ്ണ കലാശിൽപ്പമാതൃക, ഈജിപ്തിൽ നിന്നോ മെസോപ്പട്ടോമിയയിൽ (ഭൂരിഭാഗവും ഇറാക്ക്, കൂടാതെ ഇറാൻ, സിറിയ, തുർക്കി എന്നീ രാജ്യങ്ങളുടെ ഭാഗങ്ങളും) നിന്നോ കണ്ടെടുക്കപ്പെട്ടവയാണെന്നാണ്. ബിസി നാലാം നൂറ്റാണ്ടിലേതാണിതെന്ന് വിശ്വസിച്ച് പോന്നു. എന്നാൽ ഈയടുത്ത്, ബൾഗേറിയയിലെ വർണയിൽ നിന്ന് ചെമ്പ് യുഗത്തിൽ നിന്നുള്ള ചില വസ്തുക്കൾ കണ്ടെടുക്കുകയുണ്ടായി. ഇവയിൽ പല വസ്തുക്കൾക്കും 13 പൗണ്ട് വരെ ഭാരമുണ്ടായിരുന്നു. ബിസി 4400 മുതൽ ബിസി 3900 വരെയുള്ള കാലഘട്ടത്തിൽ നിന്നുള്ളതാണ് ഈ വസ്തുക്കൾ.
2005-ൽ, ബൾഗേറിയൻ അക്കാദമി ഓഫ് സയൻസിലെ ശാസ്ത്രജ്ഞർ, പ്ലേസർ സ്വർണ്ണ നിക്ഷേപങ്ങൾ പഠിക്കുമ്പോൾ, മോതിരങ്ങളുടെയും മാലക്കണ്ണികളുടെയും ഭാഗങ്ങൾ കണ്ടെത്തുകയുണ്ടായി. ബിസി അഞ്ചാം നൂറ്റാണ്ടിലെ വസ്തുക്കളായിരുന്നു ഇവ. പുരാതന ഈജിപ്ത് സംസ്ക്കാര കാലത്തുനിന്ന് ലഭിച്ച വസ്തുക്കളേക്കാൾ അതിപുരാതനമായിരുന്നു ഇവയെന്ന് സാരം.
വെങ്കലയുഗത്തിൽ നിന്നുള്ള (ഏതാണ്ട് ബിസി 3000 മുതൽ ബിസി 1200 വരെയുള്ള കാലഘട്ടം), സ്വർണ്ണം കൊണ്ട് നിർമ്മിച്ചിട്ടുള്ള കലാശിൽപ്പമാതൃകകൾ, അയർലണ്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവയിലൊന്നാണ് ലുനുലായി എന്ന് വിളിക്കുന്ന അർദ്ധചന്ദ്രാകൃതിയിലുള്ള കോളറുകൾ. സ്വർണ്ണത്തിന്റെ ഒരു നേർത്ത തകിട് കൊണ്ടാണ് ഇതുണ്ടാക്കിയിരിക്കുന്നത്. ഇവയ്ക്ക് ഏകദേശം 4000 വർഷത്തെ പഴക്കം അനുമാനിക്കപ്പെടുന്നു! 1897-ൽ, ഹംഗറിയിലെ ഒരു ശവക്കല്ലറ തുറന്നപ്പോൾ, സ്വർണ്ണം കൊണ്ട് അലങ്കരിച്ചിട്ടുള്ള ഒരു അസ്ഥികൂടം ലഭിച്ചിരുന്നു.
മധ്യ അമേരിക്കയിലെ ഇൻക വംശക്കാർ വിശ്വസിച്ചിരുന്നത് സൂര്യ ഭഗവാന്റെ കണ്ണീരാണ് സ്വർണ്ണം എന്നായിരുന്നു.