Published: 04 Sep 2017
പൈത്താണി: ദൈവങ്ങളുടെ ഉടയാട
ചരിത്രത്തിൽ ആഴത്തിൽ വേരോടിയ ഒരു കഥയാണ് പൈത്താണി സാരിയ്ക്കു പറയാനുള്ളത്. ഡെക്കാൻ നാഗരികതയുടെ ഉദയകാലത്തേക്ക് നീളുന്ന രണ്ടായിരം വർഷത്തെ പാരമ്പര്യം. പട്ടിന്റെയും ചിത്രപട്ടാംബരത്തിന്റെയും അഴകിന്റെയും ആഡംബരത്തിന്റെയും പുരാവൃത്തം. മഹാരാഷ്ട്രയിലെ പൈത്താൺ എന്ന സ്ഥലത്ത്, ഗോദാവരി നദിയുടെ തീരത്ത് ജന്മംകൊണ്ട വസ്ത്രകലാവിദ്യയാണ് പൈത്താണി. ഈ കലാപാരമ്പര്യം ഔന്നത്യലെത്തുന്നത്, ബി സി 200-ൽ ശതവാഹന രാജവംശത്തിന്റെ കാലത്താണ്.
പൂർണമായും കൈത്തറിയിൽ നെയ്തെടുക്കുന്ന പൈത്താണി, ശ്രേഷ്ഠമായ പട്ടും ആകർഷകമായ വർണ്ണങ്ങളും സ്വർണ്ണത്താൽ നെയ്ത സങ്കീർണ ചിത്രപ്പണികളും സംഗമിക്കുന്ന ഒരു പുരാതന അലങ്കാരവേലയാണ്. ലോകമെമ്പാടും ആരാധകരുള്ള, പ്രഥമമായും പട്ടും സ്വർണവും ചേരുവയാകുന്ന പൈത്താണി സാരികൾ നിർമ്മിക്കാൻ 18 മുതൽ 24 മാസം വരെ സമയമെടുക്കും. ഈ സുന്ദരസുവർണ്ണ വസ്ത്രത്തിന്റെ സൃഷ്ടാക്കൾ ആദ്യമായി ഇത് വ്യാപാരം ചെയ്തത് റോമാക്കാരുമായിട്ടായിരുന്നു എന്നും അതിനു വിലയായി അവർ വാങ്ങിയത് തൂക്കത്തിനുള്ള സ്വർണമായിരുന്നു എന്നും യുനെസ്കോ രേഖപ്പെടുത്തുന്നു.
വാസ്തവത്തിൽ ശതവാഹന രാജാക്കന്മാരാണ് ദൂതന്മാരെ പാശ്ചാത്യരാജ്യങ്ങളിലേക്കയച്ചും മറ്റും പൈത്താണിയുടെ രാജ്യാന്തര വ്യാപാരത്തിന് മുൻകൈയെടുത്തതെന്ന് ഇന്ത്യാ സർക്കാരിന്റെ ടെക്സ്റ്റൈൽസ് മന്ത്രാലയം പറയുന്നു.
പൈത്താണിലേക്ക് ഗോദാവരിയുടെ സംമ്പുഷ്ടമായ പോഷകനദികൾ കൊണ്ടുവന്ന ധാതുസമ്പത്തും ഫലഭൂയിഷ്ഠമായ മണ്ണും വനസമ്പത്തും പൈത്താണി സാരികളുടെ സാംസ്കാരികമായ വ്യാപനത്തിന് കാരണമായിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ പൈത്താണിയുടെ യശസ്സ് തിരികെ കൊണ്ടുവരികയും അതിനെ രാജയോഗ്യമായ കലയായി സ്ഥാപിക്കുകയും ചെയ്ത മുഗൾ ചക്രവർത്തി ഔറംഗസേബ്, ഹൈദരാബാദ് നിസാം, പുതിയ അലങ്കാരഘടകങ്ങളായി പൂക്കളും മറ്റും അവതരിപ്പിച്ച മുഗളന്മാർ തുടങ്ങിയവരടങ്ങിയ നൂറ്റാണ്ടുകളുടെ ഭാരതീയ സ്വാധീനവും സംസ്കാരവും പാരമ്പര്യവും ഉൾക്കൊള്ളുന്നതാണ് ഈ രമണീയ ഉൽപ്പന്നം.
മുഗൾ കാലഘട്ടം അവസാനിച്ചപ്പോൾ പൂനയിലെ പെഷവാമാർ, പൈത്താണി സാരി നിർമാണകല തങ്ങളുടെ ചിറകിൻ കീഴിൽ കൊണ്ടുവരികയും ഷിർദിക്കടുത്തുള്ള ഒരു ചെറുപട്ടണത്തിൽ കൈവേലക്കാരെ പാർപ്പിക്കുകയും ചെയ്തു. എന്നാൽ പിന്നീട് രാജസംരക്ഷണം നഷ്ടമായപ്പോൾ പൈത്താണി കലയ്ക്ക് അധഃപതനം സംഭവിച്ചു.
പൈത്താണി സാരികൾ മഹാരാഷ്ട്രയുടെ നഷ്ടസൗഭാഗ്യമായി മാറാൻ തുടങ്ങിയിരുന്നു. അപ്പോഴാണ് 2016-ൽ കേന്ദ്രസർക്കാരും മഹാരാഷ്ട്ര സർക്കാരും ഒത്തുചേർന്ന് നെയ്ത്തുകാരെ സംഘടിപ്പിച്ച് പൈത്താണിയുടെ പുനരുദ്ധാരണത്തിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഈ കലാരൂപത്തിന്റെ ഭാവി സംരക്ഷിക്കുന്നതിനായി കയറ്റുമതിയിലും ഉയർന്നമൂല്യമുള്ള തുണിത്തരങ്ങൾ നിർമ്മിക്കുന്നതിലുമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
പൈത്താണി ഒരു നിധിയാണ്. അത് കൈവശം വെച്ചിരിക്കുന്നവർക്ക് ചില തലമുറകളിലേക്കുള്ളതായിരിക്കാം, എന്നാൽ ഭാരതത്തിനത് നുറ്റാണ്ടുകളിലേക്കുള്ള ഈടുവയ്പാണ്.