Published: 20 Feb 2018
സ്വർണ്ണസമ്മാനത്തിന്റെ വില!
സമ്മാനങ്ങളുടെ കാര്യമെടുത്താൽ സ്വർണ്ണമാണെന്നു തോന്നുന്നു ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ, ഏറെ സമ്മാനിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ടതും പ്രാമുഖ്യമുള്ളതുമായ പാരിതോഷികം. ഈ തിളങ്ങുന്ന മഞ്ഞലോഹത്തെ അമൂല്യമായ സമ്മാനമായി മാത്രമല്ല കാണുന്നത്. മറിച്ച്, വളരെ മംഗളകരമായ ഒന്നായിട്ടുക്കൂടിയാണ്. വാസ്തവത്തിൽ ഇന്ത്യയിൽ ആളുകൾ സ്വർണ്ണം വാങ്ങാനുള്ള ശുഭദിനങ്ങൾക്കായി കാത്തിരിക്കാറുണ്ട്.
ഹിന്ദു കലണ്ടറിൽ അതിനുചിതമായ ദിനങ്ങൾ കൂടി പ്രതിപാദിക്കുന്നുണ്ട്. ദാന്തേരാ, ദസ്സേര, ഓണം, പൊങ്കൽ, ദുർഗാ പൂജ തുടങ്ങിയ ആഘോഷവേളകൾ സ്വർണ്ണവാങ്ങാനുള്ള ഏറ്റവും സൗഭാഗ്യപൂർണ്ണമായ ദിനങ്ങളായാണ് പരിഗണിക്കപ്പെടുന്നത്. ഹിന്ദു വിശ്വാസമനുസരിച്ച് അക്ഷയ ത്രിദീയ പുതുതായി എന്തെങ്കിലും ആരംഭിക്കാനുള്ള വിശേഷവേളയായി കണക്കാക്കപ്പെടുന്നു. ഈ സമയത്താണ് ആളുകൾ പുതിയ ബിസനിസ്സ് പങ്കാളിത്തങ്ങൾ തുടങ്ങുന്നതും വിവാഹങ്ങൾ ആഘോഷിക്കുന്നതും യാത്രാപരിപാടികൾ ആസൂത്രണം ചെയ്യുന്നതും.
അക്ഷയ ത്രിതീയ വേളയിൽ വാങ്ങുന്ന, സമ്മാനിക്കുന്ന, ധരിക്കുന്ന സ്വർണ്ണക്കട്ടികളും നാണയങ്ങളും ആഭരണങ്ങളും ഒരിക്കലും നശിക്കാത്ത സൗഭാഗ്യങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. ഈ സന്ദർഭത്തിൽ ബാങ്കുകളും വ്യാപാരികളും ആകർഷകമായ വിലകളും വിലക്കിഴിവുകൾ പ്രഖ്യാപിച്ച് സ്വർണ്ണവില്പനയെ പ്രോത്സാഹിപ്പിക്കാനായി വളരെയേറെ ഉത്സാഹം കാണിക്കാറുണ്ട്. അക്ഷയ ത്രിദീയ സമയത്ത് സ്വർണ്ണത്തിന് ആവശ്യക്കാർ ഏറെയാണ്. ആ സമയത്ത് വാങ്ങുന്ന സ്വർണ്ണം തങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിൽ ഏറെ സഹായിക്കുമെന്ന വിശ്വാസമാണ് ഇതിന് കാരണം.
ജീവിതത്തിലെ വലിയ ബാന്ധവങ്ങളിലൊന്ന് തുടങ്ങുന്നത് മോതിരങ്ങൾ, അതും സ്വർണ്ണമോതിരങ്ങൾ, കൈമാറിയാണെന്ന് പറയേണ്ടതില്ലല്ലോ! ഒരു ദീർഘകാല ബന്ധത്തിന്റെ ഉറപ്പായി വിവാഹമോതിരങ്ങൾ കാലാകാലങ്ങളിലായി സ്വർണ്ണംകൊണ്ട് ഉണ്ടാക്കിയവയാകുന്നതും അതുകൊണ്ടാണ്. സ്ത്രീകൾക്ക് സ്വർണ്ണത്തിന്റെ ഈ മൂല്യം കൂടുതലായറിയാം. അതുകൊണ്ടാണ് അവർ വിവിധതരത്തിലുള്ള സ്വർണ്ണാഭരണങ്ങൾ അണിഞ്ഞുനടക്കാൻ താല്പര്യപ്പെടുന്നത്. സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നത് ഒരിക്കലും ഒരു പഴഞ്ചൻ ശൈലിയാകാറില്ല എന്ന സത്യം അംഗീകരിച്ചേതീരു!
അതിലുപരി, അതിനേക്കാൾ പ്രധാനമായി, സ്വർണ്ണം പദവിയുടെയും സമ്പത്തിന്റെയും പ്രതീകമായും കണക്കാക്കപ്പെടുന്നു. ഒരു ഇന്ത്യൻ വധുവിനെ അണിയിക്കുന്ന അസംഖ്യം ആഭരണങ്ങൾ നോക്കിയാൽ ഇത് മനസ്സിലാക്കാവുന്നതാണ്. കൂടാതെ സ്വർണ്ണാഭരണങ്ങൾ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടാവുന്ന വസ്തുവായും കണക്കാക്കപ്പെടുന്നു. ഭാവിതലമുറകൾക്കുകൂടി ഉപകാരപ്രദമാകുമെന്ന വസ്തുത ഈ മംഗളകരമായ സമ്മാനത്തിൻറെ മൂല്യം വർദ്ധിപ്പിക്കുന്നേയുള്ളൂ.
ഇതായിരിക്കാം ഒരുപക്ഷേ സ്വർണ്ണത്തെ നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സമ്മാനിക്കാവുന്ന ഒരു സുപ്രധാന പാരിതോഷികമായി ഇപ്പോഴും കണക്കാക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്.