Published: 08 Feb 2018
ആരോഗ്യപരിപാലന രംഗത്ത് സ്വർണ്ണത്തിന്റെ പങ്ക്
ആയിരക്കണക്കിന് വർഷങ്ങളായി സ്വർണ്ണവും ഔഷധങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്, ഈയടുത്ത കാലങ്ങളിലാവട്ടെ, സ്വർണ്ണം ചേരുവയായ ഔഷധങ്ങൾക്കും രോഗനിർണ്ണയ ഉപാധികൾക്കും ലോകമെമ്പാടുമുള്ള സർക്കാർ സ്ഥാപനങ്ങൾ അനുമതി നൽകിക്കൊണ്ടിരിക്കുന്നത് വാർത്തയാവുകയാണ്. 1980-കളിൽ, റുമാറ്റോയിഡ് ആർത്രൈറ്റിസ് എന്ന രോഗം ചികിത്സിക്കുന്നതിന് സ്വർണ്ണം അടിസ്ഥാനമാക്കിയുള്ള ഔറാനോഫിൻ എന്ന ഔഷധത്തിന് അനുമതി ലഭിക്കുകയുണ്ടായി. ഇതിനെ തുടർന്ന്, അണ്ഡാശയ ക്യാൻസർ തൊട്ട് വയറിളക്കം വരെയുള്ള നാനാവിധ രോഗങ്ങളിൽ സ്വർണ്ണം ചേരുവയായ ഔഷധങ്ങൾക്ക് ഫലപ്രാപ്തി ഉണ്ടാകുമോ എന്നറിയുന്നതിന് ക്ലിനിക്കൽ ട്രയലുകളിൽ സ്വർണ്ണം വളരെയധികം പരീക്ഷിക്കുന്ന സ്ഥിതിവിശേഷം സംജാതമായിട്ടുണ്ട്.
സ്വർണ്ണം ഉപയോഗിക്കുന്ന സമാനഗതിയിലുള്ള പല ഔഷധങ്ങളും നിലവിൽ ആന്റീബയോട്ടിക്കുകളായി വികസിപ്പിച്ച് കൊണ്ടിരിക്കുന്നു, ഇതിന്റെ ഒരു പ്രധാന കാരണം ലോകമെമ്പാടും ആന്റീമൈക്രോബൽ പ്രതിരോധം വർദ്ധിച്ച് വരുന്നുണ്ട് എന്നതാണ്, ഇതിനെതിരെ പ്രവർത്തിക്കുന്ന ഔഷധങ്ങൾ വികസിപ്പിച്ചെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മലേറിയ, എച്ച്ഐവി/എയിഡ്സ് എന്നിവ പോലെയുള്ള രോഗങ്ങൾ തിരിച്ചറിയുന്നതിനുള്ള ചെലവ് കുറഞ്ഞ മാർഗ്ഗങ്ങളിൽ സ്വർണ്ണം അടിസ്ഥാനമാക്കിയ രോഗനിർണ്ണയ ഉപാധികൾ പരക്കെ ഉപയോഗിച്ച് വരുന്നു.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ആഫ്രിക്കയിലും ഏഷ്യയിലും, മലേറിയുടെ രോഗനിർണ്ണയത്തിന് സഹായിക്കുന്നതിന്, 2016-ൽ സ്വർണ്ണം അടങ്ങിയിട്ടുള്ള 312 മില്യൺ ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്യുകയുണ്ടായി.
ലോകമെമ്പാടുമുള്ള മനുഷ്യരുടെ ജീവിതത്തിൽ സ്വർണ്ണം എങ്ങനെയാണൊരു പ്രഭാവം ഉണ്ടാക്കുന്നത് എന്നതിന്റെ പ്രധാന ഉദാഹരണങ്ങളാണിവ.