Published: 12 Sep 2017
സ്വർണ്ണം മരണാനന്തര ജീവിതത്തെ വിശുദ്ധമാക്കുന്നു!
ജീവിച്ചിരിക്കുന്നവരുടെ ലോകത്തെ മരിച്ചവരുടെ ലോകത്തുനിന്ന് വേർത്തിരിക്കുന്ന നദിയ്ക്കു കുറുകെ മൃതിയടഞ്ഞവരുടെ ആത്മാക്കളെ കൊണ്ടുപോകുന്ന കേരോൺ എന്ന ഹെയ്ഡീസിൻറെ കടത്തുകാരനെക്കുറിച്ച് ഗ്രീക്ക് പുരാണത്തിൽ പ്രതിപാദിക്കുന്നുണ്ട്. കേരോണിനു കൂലിയായി ഒരു നാണയം, മിക്കപ്പോഴും സ്വർണ്ണനാണയം, മരിച്ചവരുടെ വായിൽ പുരാതന ഗ്രീക്കുകാർ ഇടാറുണ്ട്.
ആറായിരത്തിൽപരം കിലോമീറ്ററുകൾക്കകലെ, നിഗൂഢവിശ്വാസങ്ങളും ദിവ്യദൈവങ്ങളും നിറഞ്ഞ ഒരു നാട്ടിൽ, ഭാരതത്തിൽ, മരിച്ചവരുടെ വായിൽ നാണയമിട്ടിരുന്നത് മറ്റൊരു യുക്തിയുടെ പേരിലായിരുന്നു. ഇവിടെ സ്വർണ്ണത്തെ, ആപത്തിൽ നിന്നും അപകടത്തിൽ നിന്നും അസുഖത്തിൽനിന്നും സംരക്ഷണം നൽകുന്ന ഒരു രക്ഷാകവചമായാണ് കണ്ടുവന്നിരുന്നത്.
പ്രത്യേകിച്ച്, മരിച്ചവരുടെ വായിൽ സ്വർണ്ണമിടുന്ന ആചാരം വ്യാപകമായിക്കാണുന്ന വടക്കെ ഇന്ത്യയിൽ സ്വർണ്ണത്തെ വളരെ സംരക്ഷണസ്വാധീനമുള്ള വസ്തുവായാണ് കാണുന്നത്. ഈ അമൂല്യലോഹത്തിൻറെ ദൗർലഭ്യവും വിലയും ദുഷ്ടശക്തികളെ അകറ്റി നിർത്താൻ കഴിയുമെന്നു കരുതുന്ന അതിൻറെ നിറവുമാണ് ഈ വിശ്വാസത്തിനടിസ്ഥാനമെന്നാണ് വില്യം ക്രൂക് തന്റെ പുസ്തകമായ ‘ദി പോപുലർ റിലീജിയൻ ആൻറ് ഫോക്ലോർ ഓഫ് നോർത്തേൺ ഇന്ത്യ’യിൽ പറയുന്നത്.
സ്വർണ്ണം ആഭരണങ്ങളുടെ രൂപത്തിലാണെങ്കിൽ, പ്രത്യേകിച്ച് ദൈവങ്ങളുടെ രൂപത്തിലോ, അല്ലെങ്കിൽ പവിത്രമായ ഇലയുടെയോ, പൂവിന്റെയോ മൃഗത്തിന്റെയോ രൂപത്തിലാണെങ്കിൽ അതിന് ദുർഭൂതങ്ങളെ മരിച്ചവരിൽ നിന്ന് അകറ്റിനിർത്താനുള്ള സവിശേഷമായ കഴുവുണ്ടെന്നാണ് വിശ്വാസം.
മധ്യയിന്ത്യയിലെ കാന്ധേഷ് എന്ന സ്ഥലത്തെ ജനങ്ങൾ മരിച്ച പുരുഷന്റെ വായിൽ അയാളുടെ ഭാര്യയുടെ കണ്ഠാഭരണത്തിൽ നിന്നെടുത്ത സ്വർണ്ണത്തിൻറെ ഒരു മണിയ്ക്കൊപ്പം ഒരു വെറ്റിലയും ഇടാറുണ്ടെന്ന് ക്രൂക്ക് പറയുന്നു. ദൈവത്തിനടുത്തേക്കുള്ള യാത്രയിൽ സ്വർണ്ണമണി മൃതദേഹത്തെ സംരക്ഷിക്കുമെന്നാണ് വിശ്വാസം. മരിച്ചയാളുടെ ആത്മാവ് ഭൂലോകത്തിലോ മൃത്യുലോകത്തിലോ തങ്ങിനിൽക്കാതിരിക്കാനാണ് മരണാനന്തരച്ചടങ്ങുകൾ നടത്തുന്നത്. വായിൽ നിക്ഷേപിച്ച സ്വർണ്ണം ആത്മാവിന് നല്ല ചലനശക്തി ലഭ്യമാക്കാനും അങ്ങനെ ഉയരങ്ങൾ താണ്ടി ദൈവസന്നിധിയിൽ എത്തിച്ചേരാനും സഹായിക്കുമെന്നാണ് ഹിന്ദു ജനജാഗ്രതി സമിതിയുടെ അഭിപ്രായം. തത്ഫലമായി സ്വർണ്ണം മരിച്ചയാളുടെ ആത്മാവിനെ വിരുദ്ധശക്തികളുടെ തടവിലകപ്പെടാനുള്ള സാധ്യതയിൽ നിന്ന് മോചിപ്പിച്ച് തന്റെ കുടുംബാംഗങ്ങളെ ഉപദ്രവിക്കുന്നതിൽ നിന്ന് അകറ്റി നിർത്തുന്നു.
സ്വർണ്ണമടക്കമുള്ള പഞ്ചരത്നങ്ങൾ മരിച്ചയാളുടെ വായിൽ നിക്ഷേപിക്കുന്ന രീതിയാണ് വടക്കേ ഇന്ത്യയിലെ പഞ്ചാബിൽ വ്യാപകമായി കാണുന്നത്.
ഭൂപ്രദേശത്തിനും മതത്തിനും ജാതിക്കുമനുസരിച്ച് രൂപത്തിലും ആകൃതിയിലും മാറ്റമുണ്ടെങ്കിലും, സ്വർണ്ണം മരിച്ചവരുടെ ആത്മാവിനെയും ശരീരത്തെയും ഭൂമിയുടെ കെട്ടുപാടുകളിൽ നിന്ന് യാത്രയാകുമ്പോൾ ശുദ്ധിവിശുദ്ധികളോടെ കാത്തുസൂക്ഷിക്കുമെന്നാണ് പരക്കെയുള്ള വിശ്വാസം.