Published: 20 Feb 2018
സ്വർണ്ണ നിയന്ത്രണ ചട്ടവും സ്വർണ്ണ ബോണ്ടുകളും
1962-ൽ, ഇന്ത്യയും ചൈനയും തമ്മിൽ നടന്ന യുദ്ധത്തെ തുടർന്ന് ഇന്ത്യയുടെ കരുതൽ വിദേശനാണ്യ ശേഖരം ഗണ്യമായി ഇടിഞ്ഞു, രൂപയ്ക്ക് ശക്തമായി പിടിച്ചുനിർത്താൻ ഉതകിയിരുന്ന കരുതൽ ശേഖരമാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. രൂപ മോശപ്പെട്ട നിലയിൽ തകരാതിരിക്കാൻ, സർക്കാർ 1962-ൽ സ്വർണ്ണ നിയന്ത്രണ ചട്ടം കൊണ്ടുവന്നു. വാസ്തവത്തിൽ, 3 വർഷത്തോളം ഈ ചട്ടം തുടരാനാണ് സർക്കാർ ആരംഭത്തിൽ ഉദ്ദേശിച്ചിരുന്നതെങ്കിലും, 1971 വരെ ഇത് തുടരുകയായിരുന്നു.
1962-ലെ ഈ ചട്ടം നിലവിൽ വന്നതോടെ, ബാങ്കുകൾ നൽകിയ എല്ലാ സ്വർണ്ണ വായ്പകളും റദ്ദാക്കപ്പെട്ടു, ഗോൾഡ് ബുള്ളിയൻ കൈവശം വയ്ക്കുന്നതിൽ നിന്ന് സ്വകാര്യ വ്യക്തികളെയും സ്ഥാപനങ്ങളെയും വിലക്കി, സ്വർണ്ണത്തിൽ 'ഫോർവേർഡ് ട്രേഡിംഗ്' നടത്തുന്നതും നിരോധിച്ചു. 1963-ൽ, 14 കാരറ്റ് ഫൈൻനസ്സിന് മുകളിലുള്ള സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കുന്നതും നിരോധിക്കപ്പെട്ടു.
അഞ്ച് വർഷത്തിന് ശേഷം, സർക്കാർ സ്വർണ്ണ നിയന്ത്രണ ചട്ടം 1968 കൊണ്ടുവന്നു. ബാറുകളുടെയോ നാണയങ്ങളുടെയോ രൂപത്തിൽ പൗരന്മാർ സ്വർണ്ണം കൈവശം വയ്ക്കുന്നതിനെ ഈ ചട്ടം വിലക്കി. സ്വകാര്യ ഗോൾഡ് ബുള്ളിയനുകളെല്ലാം സ്വർണ്ണാഭരണങ്ങളാക്കി മാറ്റണമെന്ന് നിർബന്ധമാക്കി. 100 ഗ്രാമിലധികം സ്വർണ്ണം കൈവശം വയ്ക്കാൻ സ്വർണ്ണപ്പണിക്കാർ അനുവാദമുണ്ടായിരുന്നില്ല. ലൈസൻസുള്ള ഡീലർമാർക്ക് കൈവശം വയ്ക്കാവുന്ന സ്വർണ്ണത്തിന്റെ അളവ് 2 കിലോഗ്രാമാക്കി പരിമിതപ്പെടുത്തി. ഡീലർമാർക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്വർണ്ണപ്പണിക്കാരുടെ എണ്ണം കണക്കാക്കിയാണ് ഈ അളവ് നിർണ്ണയിച്ചിരുന്നത്. ഡീലർമാർ തമ്മിൽ ഇടപാടുകൾ നടത്തുന്നതും വിലക്കി. ഫലത്തിൽ, സ്വർണ്ണ വിപണിയെ കൊല്ലുകയായിരുന്നു എന്ന് ചുരുക്കം.
1965-ൽ സ്വർണ്ണ ബോണ്ട് പദ്ധതി - അത്തരത്തിലുള്ള രാജ്യത്തിന്റെ ആദ്യ ശ്രമമായിരുന്നു ഇത് - അവതരിപ്പിക്കപ്പെട്ടു. എന്നാൽ ഈ നടപടികളൊക്കെയും തന്നെ ലക്ഷ്യം നിറവേറ്റുന്നതിൽ പരാജയപ്പെട്ടു. സ്വർണ്ണ വിപണി നിയന്ത്രിക്കുന്നതിന് ഇതുവരെ സർക്കാർ പല പദ്ധതികളും കൊണ്ടുവന്നിട്ടുണ്ടെങ്കിലും മേൽപ്പറഞ്ഞവയായിരുന്നു ആദ്യ പദ്ധതികൾ.
കസ്റ്റമർമാരിൽ നിന്ന് സ്വർണ്ണം നിക്ഷേപമായി സ്വീകരിക്കുകയും അവർക്ക് നിശ്ചിത കാലത്തേക്ക് സർട്ടിഫിക്കറ്റുകളും (ബോണ്ടുകളും) പലിശയും നൽകുകയും ചെയ്യുക എന്നതായിരുന്നു സ്വർണ്ണ ബോണ്ട് പദ്ധതിയുടെ ആശയം. നവംബർ 1962-ൽ ഇഷ്യൂ ചെയ്ത ആദ്യത്തെ ബോണ്ടിൽ - 15 വർഷ സ്വർണ്ണ ബോണ്ട് - പലിശ 6.5 ശതമാനമായിട്ടായിരുന്നു നിശ്ചയിക്കപ്പെട്ടിരുന്നത്.
തുടർന്ന് 7 ശതമാനം പലിശ നൽകുന്ന സ്വർണ്ണ ബോണ്ട് 1980 പദ്ധതി (1965-ൽ ഇഷ്യൂ ചെയ്തു) അവതരിപ്പിക്കപ്പെട്ടു. പിന്നീട്, ദേശീയ പ്രതിരോധ സ്വർണ്ണ ബോണ്ട് 1080 പദ്ധതി (1965-ൽ ഇഷ്യൂ ചെയ്തു) കൊണ്ടുവന്നു . 1993-ൽ സർക്കാർ വീണ്ടും സ്വർണ്ണ ബോണ്ട് പദ്ധതി പരീക്ഷിച്ചു. ലക്ഷ്യം നേടുന്നതിൽ ഈ പദ്ധതികൾ വിജയിച്ചോ എന്ന കാര്യം വ്യക്തമല്ല.
എന്തായാലും സ്വർണ്ണത്തിന്റെ മൂല്യത്തിൽ - ഒരു ലോഹമെന്ന നിലയിൽ - ജനങ്ങളുടെ വിശ്വാസം ഒരിക്കലും തകർന്നില്ല.