Published: 31 Aug 2017
സൗന്ദര്യവർദ്ധക വസ്തുക്കളും സ്വർണ്ണവും
ഏതാണ്ട് 30 നൂറ്റാണ്ടുകളോളം, മെഡിറ്ററേനിയൻ ലോകത്തിലെ ഏറ്റവും മഹത്തായ സംസ്ക്കാരം പുരാതന ഈജിപ്ത് ആയിരുന്നു. ലോകത്തിൽ ഏറ്റവുമാദ്യം സൗന്ദര്യവർദ്ധക വസ്തുവായി സ്വർണ്ണം ഉപയോഗിക്കപ്പെട്ടത് ഇവിടെയാണെന്ന് കരുതുന്നു. വാസ്തവത്തിൽ, ടോളമായിക്ക് ഈജിപ്തിന്റെ അവസാനത്തെ ഫറവോ ആയിരുന്ന ക്ലിയോപാട്ര, 24 കാരറ്റ് സ്വർണ്ണത്തിൽ നിർമ്മിച്ച മുഖംമൂടി ധരിച്ചാണ് ഉറങ്ങിയിരുന്നതെന്ന് ഒരു കഥയുണ്ട്. തന്റെ മുഖകാന്തിക്ക് കോട്ടം തട്ടാതിരിക്കാനാണ് പൊന്ന് കൊണ്ടുണ്ടാക്കിയ മുഖംമൂടി ക്ലിയോപാട്ര ധരിച്ചിരുന്നത്. പുരാതന ചൈനീസ് സംസ്ക്കാരത്തിലും ചർമ്മ പരിചരണത്തിന് സ്വർണ്ണം ഉപയോഗിച്ചിരുന്നതിന്റെ പരാമർശങ്ങൾ കാണാവുന്നതാണ്. പല ചക്രവർത്തിമാരും സ്വർണ്ണം അരച്ച് ദേഹച്ച് തേച്ച് ചർമ്മ പരിചരണം നടത്തിയിരുന്നു.
കോസ്മറ്റ്ക്ക് ഡെർമാറ്റോളജി ആൻഡ് കോസ്മറ്റിക്ക് ലേസർ സർജറി മേഖലയിൽ പ്രവർത്തിക്കുന്ന ചർമ്മപരിചരണ ഡോക്ടറായ തമാസും മിർ പറയുന്നത് മുഖക്കുരു ഉണ്ടാകുന്നത് തടയാനും ചർമ്മത്തിൽ ചുവപ്പ് നിറം വരുന്നത് ഇല്ലാതാക്കാനും ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാക്കുന്ന ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ പരിരക്ഷിക്കാനും വെയിൽ കൊണ്ടുണ്ടാകുന്ന കേടുപാടുകൾ ഇല്ലാതാക്കാനും സ്വർണ്ണത്തിന് കഴിയുമെന്നാണ്. റുമാറ്റോയിഡ് ആർത്രൈറ്റിസ് ചികിത്സിക്കുന്നതിനുള്ള മരുന്നിൽ ഒരു 'ആന്റി-ഇൻഫ്ലമേറ്ററി' ആയി സ്വർണ്ണം ഉപയോഗിക്കുന്നത് ഇപ്പോഴും തുടർന്ന് വരുന്നു.
പുരാതന കാലത്ത് സൗന്ദര്യ പരിചരണത്തിൽ സ്വർണ്ണം ഉപയോഗിച്ചിരുന്നതിനെ പിൻപറ്റിക്കൊണ്ട്, സ്പാകളും പ്രധാന കോസ്മെറ്റിക്ക് ബ്രാൻഡുകളും ചർമ്മ പരിചരണ ഉൽപ്പന്നങ്ങളിൽ ഒരു ചേരുവയായി സ്വർണ്ണം ഉൾപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ അനുസരിച്ച്, ജപ്പാൻ പോലുള്ള മിക്ക ഏഷ്യൻ രാജ്യങ്ങളിലും സ്വർണ്ണ ഇല ഉപയോഗിച്ചുകൊണ്ടുള്ള ഫേഷ്യലുകൾ വളരെ ജനപ്രിയമായിട്ടുണ്ട്. ചർമ്മം പുനരുജ്ജീവിപ്പിക്കാനും മുഖത്തെ വരകളും ചുളിവുകളും കുറയ്ക്കാനും സ്വർണ്ണത്തിന് കഴിയുമെന്ന് വാദിക്കുന്നവരും കുറവല്ല. ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും ചർമ്മത്തെ ദൃഢമാക്കാനും സ്വർണ്ണത്തിന് കഴിവുണ്ട് എന്നതിനാലാണ് ചർമ്മ പരിചരണത്തിൽ സ്വർണ്ണത്തിന് പ്രമുഖ സ്ഥാനം കിട്ടുന്നതിന് കാരണം.