Published: 27 Sep 2017
രാജസ്ഥാനിലെ 'ഗോൾഡ് റഷ്'
2016 ഒക്ടോബർ മധ്യത്തോടെ, രാജസ്ഥാനിലെ ഒരു പ്രാദേശിക മാധ്യമം 'ഗോൾഡ് റഷ്' (നിധിവേട്ട) കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ടോങ്ക് ജില്ലയിലെ ഉപേക്ഷിച്ച ഒരു ക്വാറിയിലാണ് സ്വർണ്ണ നിക്ഷേപം കണ്ടെത്തിയത് എന്നായിരുന്നു വാർത്ത. വാർത്ത പരന്നതോടെ സ്വർണ്ണമോ സ്വർണ്ണ നാണയങ്ങളോ കിട്ടുമെന്ന പ്രതീക്ഷയിൽ പരിസരപ്രദേശങ്ങളിൽ നിന്നുള്ള ഗ്രാമവാസികൾ ക്വാറിയിൽ തടിച്ചുകൂടി.
സംഭവം അറിഞ്ഞതോടെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) ഇടപെട്ടു. എന്നാൽ അവർ ഏറെ വൈകിയിരുന്നു. കാരണം ഒക്ടോബറിൽ തുടങ്ങിയ ഗോൾഡ് റഷ്, രണ്ട് മാസം തുടർന്നതിന് ശേഷം മാത്രമാണ് ഇടപെടൽ ഉണ്ടായത്.
മറ്റൊരു പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തത് വിശ്വസിക്കാമെങ്കിൽ, ഭൂരിഭാഗം കോയിനുകളും - 2,000-ലധികം പീസുകൾ - ASI-യുടെ ഇടപെടലിന് മുമ്പേ അപ്രത്യക്ഷമായിരുന്നു. തുടർന്ന് പൊലീസ് ഗ്രാമീണരുടെ വസതികൾ പരിശോധിച്ചു. ഈ പരിശോധനയിൽ 108 നാണയങ്ങൾ കണ്ടെടുക്കുകയും ചെയ്തു.
നാണയങ്ങളിൽ നടത്തിയ പരിശോധനയുടെ ഫലം ഞെട്ടിക്കുന്നതായിരുന്നു. 106 നാണയങ്ങൾ ഗുപ്ത ചക്രവർത്തിമാരുടേതായിരുന്നു - സമുദ്രഗുപ്തൻ (335-380 AD), ചന്ദ്രഗുപ്തൻ II (380-415 AD), കുമാരഗുപ്തൻ (415-455 AD) - ബാക്കിയുടെ രണ്ടെണ്ണം കുഷൻ രാജവംശത്തിന്റേതും (30-230 AD).
കുഷൻ നാണയത്തിന്റെ ഒരു ഭാഗത്ത് അഗ്നിക്കരികിൽ ബലി നൽകാനൊരുങ്ങുന്ന ഒരു രാജാവിനെ കാണാം. മറുവശത്ത് ഗ്രീക്ക് ദേവിദേവന്മാരെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗ്രീക്കിൽ 'ഷാവോ നാനോ, കനിഷ്ക കുഷൻ' എന്ന് എഴുതിയിട്ടുള്ളതും കാണാം ('ചക്രവർത്തിമാരുടെ ചക്രവർത്തി, കനിഷ്ക കുഷൻ' എന്നാണ് ഇതിനർത്ഥം).
ഗുപ്ത നാണയങ്ങളിലും ദേവീദേവന്മാരുടെ ചിത്രങ്ങളുണ്ട്. കൂടാതെ വീണ (പുരാതനകാലത്ത് ഇന്ത്യയിൽ ഉത്ഭവിച്ച ഒരു തന്ത്രിവാദ്യം), മയിൽ, സിംഹാസനം എന്നിവയുടെ ചിത്രങ്ങളും ഉണ്ട്. നാണയങ്ങളിൽ എഴുതിയിരിക്കുന്നത് ബ്രാഹ്മി ഭാഷയിലാണ്. ചുമലിലൂടെ മുടി മുന്നിലേക്കിട്ട് ഒരു സിംഹാസനത്തിൽ ഒരു സ്ത്രീയിരിക്കുന്ന നാണയമാണ് ഇവിടെ നിന്ന് ലഭിച്ച നാണയങ്ങളിൽ അപൂർവമായത്. ഗുപ്തന്മാരുടേതാണ് ഈ നാണയം. ഈ സ്ത്രീ സാരിയാണ് ധരിച്ചിരിക്കുന്നത്. ഇതൊരു ദേവതയാണെന്നാണ് നാണയത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും ശാക്തീകരണത്തെയും കുറിച്ചും നാണയത്തിൽ എഴുതിച്ചേർത്തിട്ടുണ്ട്.
1946-ലും ഇത്തരമൊരു നിധി കണ്ടെത്തിയിരുന്നു. രാജസ്ഥാനിൽ ഭാരത്പൂരിനടുത്തുള്ള ബായനയിൽ നിന്ന് കണ്ടെടുത്ത നിധിയിൽ 1,821 നാണയങ്ങൾ ഉണ്ടായിരുന്നു.
ഗ്രാമീണർ വീണ്ടും നാണയവേട്ട നടത്താതിരിക്കാൻ രാജസ്ഥാൻ സായുധ പോലീസ് ഇപ്പോൾ ക്വാറിക്ക് കാവലുണ്ട്. ക്വാറി നിൽക്കുന്ന ഇടത്തിലെയും പരിസരത്തുള്ള 10 ഗ്രാമങ്ങളിലെയും താമസക്കാർ ഇപ്പോൾ ക്വാറിയിലേക്ക് കടക്കാൻ ധൈര്യപ്പെടാറില്ല. ക്വാറിയിലിപ്പോൾ ഭക്ഷണം കൊണ്ടുവന്ന പൊതികളും പ്ലാസ്റ്റിക് കുപ്പികളും ചെരിപ്പുകളും ചിതറിക്കിടക്കുന്നത് കാണാം.
എന്നാൽ, 'ഗോൾഡ് റഷ്' കഴിഞ്ഞിട്ടില്ലെന്നും തങ്ങളുടെ നിധിവേട്ട തടസ്സപ്പെടുക മാത്രമാണ് ഉണ്ടായതെന്നുമാണ് ഗ്രാമീണർ പറയുന്നത്.