Published: 09 Feb 2018
ഈ സ്വർണ്ണ സിംഹാസനമൊന്ന് കണ്ടുനോക്കൂ
വർഷങ്ങളായി ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട പഴയ നിധികളെ കുറിച്ച് ചിന്തിക്കുമ്പോൾ, അവയിൽ ഏറ്റവും പ്രധാനപ്പെട്ട നിധി 'മയിൽ സിംഹാസനം' ആണെന്ന് മനസ്സിലാക്കാം. അത്രയ്ക്കും സുന്ദരമായിരുന്നു ഈ സിംഹാസനം. സഞ്ചാരികളും ചരിത്രകാരന്മാരും ഈ സിംഹാസനത്തിന്റെ ഗാംഭീര്യത്തിനും പ്രൗഢിക്കും മുന്നിൽ സ്വയം മറന്ന് നിന്നിട്ടുണ്ട്.
ഷാജഹാൻ ചക്രവർത്തി ഭരിച്ചിരുന്ന കാലഘട്ടമാണ് മുഗൾ സാമ്രാജ്യത്തിന്റെ സുവർണ യുഗമായി പലരും വിശേഷിപ്പിക്കുന്നത്. ഷാജഹാനാബാദിൽ നിന്നായിരുന്നു ഷാജഹാൻ ഭരണം നടത്തിയിരുന്നത്. വലിയ വിരുന്നുകലും മതപരമായ ഗംഭീര ഉത്സവങ്ങളും അവിടെ കൊണ്ടാടപ്പെട്ടു. രാജകൊട്ടാരത്തിലേക്ക് എത്തുന്ന അതിഥികൾക്ക് പ്രൗഢമായ വരവേൽപ്പാണ് നൽകിയിരുന്നത്. എന്തൊക്കെ ചടങ്ങുകൾ നടന്നാലും എല്ലാ കണ്ണുകളും ഷാജഹാൻ ചക്രവർത്തിയിൽ തന്നെയായിരുന്നു.
ഷാജഹാന് പല തരത്തിലുള്ള പേരുകൾ നൽകപ്പെട്ടിരുന്നു. മഹാനായ രാജാവ്, ദൈവത്തിന്റെ നിഴൽ എന്നിങ്ങനെയായിരുന്നു പേരുകൾ. ദൈവത്തിന്റെ ഇച്ഛ ലോകത്തിൽ നടപ്പാക്കാൻ ജനിക്കപ്പെട്ടവനാണ് ഷാജഹാനെന്ന് പൗരന്മാർ കരുതിപ്പോന്നു. തന്റെ പ്രാധാന്യം പ്രതിഫലിപ്പിക്കുന്ന ഒരു സിംഹാസനം അല്ലെങ്കിൽ തക്ത്-ഇ-സുലൈമാൻ നിർമ്മിക്കാൻ അദ്ദേഹം ആഗ്രഹിച്ചു.
തക്ത്-ഇ-സുലൈമാൻ പോലെയൊരു സിംഹാസനം നിർമ്മിക്കാൻ ഗിലാനിയോടും അദ്ദേഹത്തിന്റെ പണിക്കാരോടും ചക്രവർത്തി കൽപ്പിച്ചു. സ്വർണ്ണവും വിലപിടിച്ച കല്ലുകളും ഉപയോഗിച്ചുകൊണ്ടാണ് സിംഹാസനം നിർമ്മിച്ചത്. അതിലേക്ക് കയറുന്നതിന് പടികളും ഉണ്ടായിരുന്നു.
ഏഴ് വർഷം എടുത്താണ് സിംഹാസനം നിർമ്മിച്ചത്. ശുദ്ധ സ്വർണ്ണവും വിലപിടിപ്പുള്ള കല്ലുകളും മുത്തുകളും സിംഹാസനത്തെ അലങ്കരിച്ചു. എത്ര പണം ചെലവിടാനും ഷാജഹാന് മടിയുണ്ടായിരുന്നില്ല. വാസ്തവത്തിൽ, താജ് മഹാൽ നിർമ്മിക്കുന്നതിന് ചെലവിട്ട പണത്തേക്കാൾ ഈ സിംഹാസത്തിന് ചക്രവർത്തി ചെലവിട്ടു!
ചക്രവർത്തി പദം ഏറ്റെടുത്ത് ഏഴാമത്തെ വർഷം പൂർത്തിയായ മുഹൂർത്തത്തിൽ 22 മാർച്ച് 1625-ന് സിംഹാസനം ഉദ്ഘാടനം ചെയ്തു. ജ്യോതിഷികളാണ് ഉദ്ഘാടന ദിവസം ഗണിച്ചത്. റംസാൻ മാസത്തിന്റെ അവസാനമായ ഈദുൽ ഫിത്തറിനാണ് നറുക്ക് വീണത്.
ഏറ്റവും പ്രമുഖരായവർക്ക് ദർശിക്കാൻ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു ഈ സിംഹാസനം. ആരംഭത്തിൽ തക്ത്-മുരസ്സ അല്ലെങ്കിൽ ആഭരണ സിംഹാസനം എന്നാണ് ഈ സിംഹാസനത്തെ വിളിച്ചിരുന്നത്. സിംഹാസനത്തിൽ ഉണ്ടായിരുന്ന മയിൽ പ്രതിമകളെ പിന്നീടാണ് ചരിത്രകാരന്മാർ കണ്ടത്, തുടർന്ന് മയിൽ സിംഹാസനമെന്ന് ഇതിനെ വിളിക്കാൻ തുടങ്ങി.
ചരിത്രകാരനും സഞ്ചാരിയുമായ അബ്ദുൾ ഹമീദ് ലാഹോറി ഇങ്ങനെ വിവരിക്കുന്നു:
“കാലങ്ങളായി രാജകൊട്ടാരത്തിലെ സ്വർണ്ണ - രത്ന ശേഖരത്തിലേക്ക് വിലപിടിപ്പുള്ള പലതും എത്തിക്കൊണ്ടിരുന്നു. ഇത്തരത്തിലുള്ള അമൂല്യ വസ്തുക്കളുടെ ശേഖരം വലുതായപ്പോഴാണ് ഷാജഹാന് സിംഹാസനം പണിയണമെന്നും ഈ അമൂല്യ വസ്തുക്കളൊക്കെ സിംഹാസനത്തിൽ പിടിപ്പിക്കണമെന്നും തോന്നിയത്. രാജകൊട്ടാരത്തിലെ അമൂല്യ വസ്തുക്കൾ പ്രദർശിപ്പിക്കാനൊരിടം എന്ന് മാത്രമല്ല, തന്റെ പ്രൗഢിക്ക് മോടി കൂട്ടാനും ഇത്തരമൊരു സിംഹാസനം പ്രയോജനപ്പെടുമെന്ന് ഷാജഹാൻ കരുതി.”
എന്നാൽ, ഇറാനിൽ നാദിർ ഷാ അധികാരത്തിൽ വന്നതോടെ സിംഹാസനത്തിന് കഷ്ടകാലം തുടങ്ങി. ഹൊടാകി സേനയുമായി നാദിർ യുദ്ധം ചെയ്തു. ഗത്യന്തരമില്ലാതെ ഹൊടാകികൾ മുഗളന്മാരുടെ പക്കൽ സഹായത്തിനെത്തി. എന്നാൽ പിന്നെ, മുഗളന്മാരെ തോൽപ്പിച്ചിട്ട് തന്നെ കാര്യമെന്ന് നാദിർ ഷായ്ക്ക് തോന്നി. എന്നാൽ, വിപുലമായ മുഗൾ സാമ്രാജ്യത്തെ തോൽപ്പിച്ചാൽ തന്നെ തനിക്ക് ഭരിക്കാൻ കഴിയില്ലെന്ന് നാദിർ ഷായ്ക്ക് അറിയാമായിരുന്നു. ചില്ലറ വ്യവസ്ഥകൾ പാലിക്കാമെങ്കിൽ, യുദ്ധം ഒഴിവാക്കാമെന്ന് മുഗളന്മാരോട് നാദിർ ഷാ പറഞ്ഞു. ആ വ്യവസ്ഥകളിൽ മയിൽ സിംഹാസനവും നാദിർ ഷാ ഉൾപ്പെടുത്തിയിരുന്നു.
നാദിർ ഷാ കൊല്ലപ്പെട്ടതിന് ശേഷം, മയിൽ സിംഹാസനം അഴിച്ചെടുത്തെന്ന് ചിലർ വിശ്വസിക്കുന്നു. ചിലർ പറയുന്നത് ഓട്ടോമാൻ ചക്രവർത്തിക്ക് മയിൽ സിംഹാസനം സമ്മാനമായി നൽകിയെന്നാണ്. മയിൽ സിംഹാസനത്തിന്റെ മൂല്യത്തെ കുറിച്ച് ഇപ്പോഴും ചരിത്രകാരന്മാർ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്, എന്നാലും അതിന്റെ അതിശയിപ്പിക്കുന്ന മനോഹാരിതയുടെ കാര്യത്തിൽ എല്ലാവരും യോജിക്കുന്നു.