Published: 04 Sep 2017
സുവർണ്ണ ദോശകൾ
ദാ, നമ്മുടെ എളിയ ദോശയ്ക്ക് ഇന്ത്യയുടെ ഐടി തലസ്ഥാനത്ത് ഒരു രാജകീയ പരിണാമം!
ഇന്ത്യൻ പാൻകെയ്ക് അഥവാ ദോശയുടെ ജനപ്രീതിയെപ്പറ്റി പറയേണ്ടതില്ലല്ലോ? ഏതാണ്ട് രണ്ടു നൂറ്റാണ്ടു മുമ്പാണ് ദക്ഷിണേന്ത്യയിൽ ഇതിന്റെ എളിയ തുടക്കം. ദോശയുടെ ജന്മസ്ഥലം എവിടെയാണെന്നത് ഊഹാപോഹങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെങ്കിലും, പൊതുവായി പറഞ്ഞാൽ കർണ്ണാടകയിലെ ഉടുപ്പിയിലാണ് ഇത് ജന്മമെടുത്തത്. എന്നാൽ, ദക്ഷിണേന്ത്യയിലെ ഭരണാധികാരിയായ സോമേശ്വരൻ മൂന്നാമൻ പന്ത്രണ്ടാം നൂറ്റാണ്ടിൽ സംഗ്രഹിച്ചെഴുതിയ മാനസോല്ലാസം എന്ന സംസ്കൃത വിജ്ഞാനകോശത്തിൽ ദോശയുടെ പാചകവിധി (ദോശകാ എന്ന പേരിൽ) പ്രതിപാദിച്ചിട്ടുണ്ടെന്ന് കെ.ടി. അച്ചായയുടെ ദ സ്റ്റോറി ഓഫ് അവർ ഫുഡ് എന്ന ഗ്രന്ഥത്തിൽ പറയുന്നു.
ഇന്ന് ദോശ പല പേരുകളിൽ പല രൂപങ്ങളിൽ, ഇന്ത്യയിൽ മാത്രമല്ല പലദേശങ്ങളിലും ലഭ്യമാണ്. പരമ്പരാഗതമായ മസാല ദോശ, റവ ദോശ എന്നിവയിൽ നിന്നും ആധുനിക വകഭേദങ്ങളായ ചൈനീസ് ദോശ, ചോക്ലേറ്റ് ദോശ മുതലായവ പരീക്ഷണകുതുകികൾക്ക് മുന്നിലെത്തിയിരിക്കുന്നു.
ബാംഗ്ലൂരിന്റെ ഹൃദയഭാഗത്തുള്ള ഒരു റസ്റ്റോറന്റ് ഉടമ ആരും ഇന്നുവരെ പരീക്ഷിക്കാത്ത ഒരു പ്രവർത്തി ചെയ്യാൻ ധീരത കാണിച്ചിരിക്കുന്നു. ചരിത്രത്തിലാദ്യമായി രാജ് ബോഗ് എന്ന റസ്റ്റോറന്റ് ശുദ്ധസ്വർണ്ണം പൂശിയ ദോശയുമായി രംഗത്തുവന്നിരിക്കുന്നു.
ഒരു മില്ലിഗ്രാം സ്വർണ്ണം പൂശിയ പ്ലെയിൻ ദോശ പന്ത്രണ്ടു സെന്റിമീറ്റർ നീളവും വീതിയുമുള്ള സ്വർണ്ണ ഫോയിലിലാണ് റസ്റ്റോറന്റിൽ എത്തുന്നവർക്ക് നൽകുന്നത്. ഈ രാജകീയ ദോശയുടെ വില കേട്ടാൽ നാം ഞെട്ടുമോ? 1,011 രൂപ (ഏകദേശം 20 സാദാ ദോശയുടെ വില). ബിബിസി തമിഴ് സർവീസിലെ പി. ശിവരാമകൃഷ്ണനാണ് ഈ വിവരം പുറത്തുവിട്ടത്.
സ്വർണ്ണം പ്രാചീന ഇന്ത്യക്കാരുടെ ഇഷ്ടലോഹമായിരുന്നു. പ്രമേഹത്തിനും സന്ധിവാതത്തിനുമുള്ള ആയുർവേദ മരുന്നുകളിൽ വരെ അവർ സ്വർണ്ണം ചേർത്തിരുന്നു. അപ്പോൾപ്പിന്നെ അത്ഭുതപ്പെടാനില്ല! നാം നമ്മുടെ പൂർവികരുടെ പാത പിന്തുടരുകയാണ്. ഒരൽപ്പം കൂടുതൽ പണം ഭക്ഷണത്തിനു ചിലവഴിക്കാൻ തയ്യാറുള്ള ആർക്കും ഈ രാജകീയ ദോശ ആസ്വദിക്കാം.