Published: 08 Feb 2018
സ്വർണ്ണ മൂക്കുത്തികൾ
നൂറ്റാണ്ടുകളായി ഇന്ത്യയിൽ ആദരിക്കപ്പെടുന്ന ഭാരണങ്ങളിലൊന്നാണ് മൂക്കുത്തി അല്ലെങ്കിൽ നാത്ത്.
പല ചരിത്രകാരന്മാരും കരുതുന്നത് നാത്ത് ഉത്ഭവിച്ചത് മിഡിൽ ഈസ്റ്റിൽ നിന്നാണെന്നാണ്, മുഗളന്മാർ ഈ ആഭരണത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരികയാണ് ഉണ്ടായതെന്നും അവർ വിശ്വസിക്കുന്നു. അയ്യായിരം വർഷങ്ങൾക്ക് മുമ്പ് നിർമ്മിക്കപ്പെട്ടിട്ടുള്ള പാർവതീദേവിയുടെയും ശ്രീകൃഷ്ണ ഭഗവാന്റെയും വിഗ്രഹങ്ങളിൽ മൂക്കുത്തി ഉണ്ടെന്നത് ഈ ആഭരണത്തിന്റെ പഴമയെ സൂചിപ്പിക്കുന്നു.
ഒൻപതാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലുമാണ് മൂക്കുത്തി ജനപ്രിയമായതെന്നും വിവാഹിതരായ സ്ത്രീകളെ പ്രത്യേകമായി മനസ്സിലാക്കാൻ മൂക്കുത്തി ഉപയോഗിച്ചിരുന്നുവെന്നും ഈയടുത്ത കാലത്ത് നാം മനസ്സിലാക്കുകയുണ്ടായി. രാജാക്കന്മാരുടെയും മന്ത്രിമാരുടെയും സമ്പന്നരുടെയും ഭാര്യമാർ, മുത്തുകളും പവിഴവും മറ്റ് വിലപിടിപ്പുള്ള കല്ലുകളും പതിച്ച മൂക്കുത്തികൾ അണിഞ്ഞിരുന്നു. തങ്ങളുടെ സമ്പത്തും പദവും ആളുകളെ കാണിക്കുന്നതിനുള്ളൊരു അടയാളമായാണ് അവരിത് ചെയ്തിരുന്നത്.
പതിനഞ്ചാം നൂറ്റാണ്ടിൽ ജനപ്രീതി വർദ്ധിക്കുകയും ഇന്നുവരെ ഈ ആഭരണം പരിണമിക്കുകയും ചെയ്തതിനാൽ മൂക്കുത്തിക്ക് പല തരത്തിലുള്ള രൂപകൽപ്പനകളും വലിപ്പ വ്യത്യാസങ്ങളും ഉണ്ടായി.
ഇന്ത്യയിലെ സംസ്ക്കാരങ്ങളും പ്രദേശങ്ങളും അനുസരിച്ച് മൂക്കുത്തിയുടെ പ്രതീകാത്മകത്വവും മാറുന്നു. മഹാരാഷ്ട്രയിൽ, മുഖത്തിന്റെ ഒരു ഭാഗം മുഴുവൻ മറയ്ക്കുന്ന തരത്തിലുള്ള മൂക്കുത്തിയാണ് അണിയുന്നത്. ബംഗാളി സ്ത്രീകളാവട്ടെ, മൂക്കിന്റെ നടുക്ക് ദ്വാരമുണ്ടാക്കിയാണ് മൂക്കുത്തി ധരിക്കുന്നത്. വടക്കുകിഴക്കൻ മേഖലയിലെ കുമാവൂൺ അല്ലെങ്കിൽ ഗാർഹ്‌വാൾ സ്ത്രീകളാവട്ടെ, വിവാഹ ദിവസത്തിലാണ് മൂക്കുത്തി അണിയുന്നത്.
രാജ്യത്തിലെ പല ഭാഗത്തും പല തരത്തിലുള്ള മൂക്കുത്തികൾ അണിയുന്നുണ്ടെങ്കിലും, ഗാർഹ്‌വാളിലെ 'തേഹ്രി നാത്തി'ന്റെ ഭംഗി എടുത്ത് പറയേണ്ടതാണ്. കുമാവോൺ സ്ത്രീകൾ അണിയുന്ന നാത്തുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഗാർഹ്‌വാലി നാത്തുകൾ അസാമാന്യ വലിപ്പം ഉള്ളവയാണ്, മോട്ടിഫുകൾ, മയിൽ പാറ്റേൺ, പൂക്കളുടെ പാറ്റേൺ എന്നിവ ഉപയോഗിച്ച് ഈ മൂക്കുത്തികൾ പൊതുവെ അലങ്കരിച്ചിരിക്കും. ഉത്തരാഖണ്ഡിൽ സ്ത്രീധനത്തിന്റെ ഭാഗമായാണ് ഈ വിലപിടിപ്പുള്ള ആഭരണം കണക്കാക്കപ്പെടുന്നത്, കാരണം മറ്റ് മൂക്കുത്തികളെ അപേക്ഷിച്ച് ഉത്തരാഖണ്ഡിലെ മൂക്കുത്തികളിൽ വളരെയധികം സ്വർണ്ണം ഉപയോഗിക്കുന്നുണ്ട്. ശുദ്ധിയെയും വധുവിന്റെ കന്യകാത്വത്തെയുമാണ് മൂക്കുത്തി പ്രതീകവൽക്കരിക്കുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഇന്ന്, മൂക്കുത്തികൾ വീണ്ടും പരിണമിക്കുന്ന കാഴ്ചയാണ് കാണുന്നത്, കാരണം ആഗോളതലത്തിൽ എമ്പാടുമുള്ള സംസ്ക്കാരങ്ങൾ ഇന്ത്യയിൽ ഏറെ ജനപ്രിയമായ മൂക്കുത്തിയെന്ന ആഭരണത്തെ ഏറ്റെടുക്കുന്ന കാലമാണിത്. സ്ത്രീകൾ അണിയുന്ന ഈ ആഭരണം ഒരു അമൂല്യ വസ്തു മാത്രമല്ല, വിലപ്പെട്ട വികാരങ്ങൾ അടങ്ങിയിരിക്കുന്ന ഒരു വസ്തു കൂടിയാണ്.