Published: 27 Sep 2017
ഇന്ത്യയിലെ സുവർണ്ണ നദി
ഝാർക്കണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ചോട്ടാ നാഗ്പൂർ സമതലത്തിൽ നിന്ന് ഉത്ഭവിച്ച്, ഏതാണ്ട് 400 കിലോമീറ്റർ സഞ്ചരിച്ച്, പശ്ചിമ ബംഗാളും ഒറീസ്സയും കടന്ന് ബംഗാൾ ഉൾക്കടലിൽ ലയിക്കുന്ന ഒരു നദിയെ കുറിച്ചാണ് ഈ ലേഖനം.
സുബർണരേഖ എന്നാണ് ഈ നദിയുടെ പേര്, പേരിൽ നിന്ന് മനസ്സിലാവുന്നത് പോലെ അർത്ഥം 'സ്വർണ്ണ രേഖ' എന്നുതന്നെ. നദിയുടെ ഉത്ഭവസ്ഥാനത്തെ ഗ്രാമത്തിന്റെ പേര് പിസ്ക എന്നാണ്. നിരവധി വർഷങ്ങളായി ഇവിടത്തെ ഗ്രാമീണർ സുബർണരേഖയിൽ നിന്ന് സ്വർണ്ണം ഖനനം ചെയ്യുന്നുണ്ട്. ഐതിഹ്യം അനുസരിച്ച്, ഈ നദിയിൽ സ്വർണ്ണത്തരികളുണ്ട്. ഗ്രാമീണർ ഈ നദിയുടെ കരയിലും അടിത്തട്ടിലും തിരഞ്ഞാണ് സ്വർണ്ണം കണ്ടെത്തുന്നത്.
രവീന്ദ്രനാഥ ടാഗോറും ബിഭൂതിഭൂഷൻ ബന്ധോപാധ്യയും, തങ്ങളുടെ സൃഷ്ടികളിലൂടെ സുബർണരേഖാ നദിയെ അനശ്വരമാക്കിയിട്ടുണ്ട്.
ഇന്ത്യൻ സിനിമാ സംവിധായകനായ ഋഥ്വിക്ക് ഘട്ടക്കിനെയും (1925-76) ഈ നദി പ്രചോദിപ്പിച്ചിട്ടുണ്ട്. അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ഡക്കയിലാണ് ഋഥ്വിക്ക് ഘട്ടക്ക് ജനിച്ചത്. അദ്ദേഹമെടുത്ത ഒരു പ്രശസ്തമായ സിനിമയുടെ പേരും സുബർണരേഖ എന്നായിരുന്നു. ഏറ്റവും മികച്ച ഇന്ത്യൻ സിനിമകളിൽ ഒന്നായിട്ടാണ് ഈ സിനിമ പരിഗണിക്കപ്പെടുന്നത്. വിഭജകാലത്ത് കഷ്ടപ്പാട് ഏറ്റുവാങ്ങേണ്ടി വന്ന നിസ്സഹായരായ ഇന്ത്യക്കാരുടെ പ്രതീകമായിട്ടാണ് ഈ സിനിമയിൽ നദിയെ ഉപയോഗിച്ചിരിക്കുന്നത്. നദിയുടെ കരയിൽ താമസിച്ചിരുന്നവർക്ക് അവരുടെ ഭൂമിയും ഉപജീവനമാർഗ്ഗവും നഷ്ടപ്പെടുന്നതിനെ കുറിച്ചും ഈ സിനിമ പറയുന്നു. അവരുടെ ആശകളും നിരാശയും അന്യവൽക്കരണവുമാണ് സിനിമ പ്രതിഫലിപ്പിക്കുന്നത്.
മുനിസിപ്പാലിറ്റിക്കും മറ്റ് വ്യവസായങ്ങൾക്കും ജലം നൽകുന്ന ഒരു സ്രോതസ്സായി ഈ നദി ഇന്ന് മാറിയിയിരിക്കുന്നു. ഒരു ഹൈഡൽ പ്രൊജക്റ്റും നദിയിലുണ്ട്. നദിയുടെ കരകളിൽ നിരവധി ഖനന കമ്പനികളും കാണാം. ഈ നദി ഒഴുകിച്ചെന്നെത്തുന്ന, ഒഡീഷയിലെ മയൂർബഞ്ചിലും സിംഗ്ബമ്മിലുമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചെമ്പ് നിക്ഷേപം കാണപ്പെടുന്നത്.
നിലവിൽ ഈ നദിയുടെ അടുത്തട്ടിൽ സ്വർണ്ണത്തരികൾ അധികം കാണില്ലെങ്കിലും, ഈ നദിയുടെ സ്വർണ്ണച്ഛവി ഇപ്പോഴും ഓർമ്മകളിൽ തിളങ്ങിത്തന്നെ നിൽക്കുന്നു.