Published: 20 Feb 2018
വെങ്കിടേശ്വര ഭഗവാന്റെ സുവർണ കഥ
തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 2016 എന്ന വർഷം ഒരു നാഴികക്കല്ലായിരുന്നു. ഭക്തരിൽ നിന്ന് ലഭിച്ച സംഭാവന 1000 കോടി കടന്ന വർഷമായിരുന്നു ഇത്. ശ്രീ വെങ്കടേശ്വര ഭഗവാനെ കുടി വച്ചിട്ടുള്ള തിരുപ്പതി ക്ഷേത്രമാണ് ഇന്ത്യയിലെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രം. ഈ ക്ഷേത്രത്തിനും അതിന്റെ സമ്പത്തിനും പിന്നിൽ ഒരു കഥയുണ്ട്.
കഥ തുടങ്ങുന്നത് ആയിരക്കണക്കിന് വർഷം മുമ്പാണ്. വൈകുണ്ഡത്തിൽ വിഷ്ണു ഭഗവാനും പത്നി ലക്ഷ്മീദേവിയും കഴിയുന്ന സമയം. സന്ദർശകനായി അവിടെ ഭൃഗു മുനി എത്തി. എന്നാൽ വിഷ്ണു ഭഗവാനോ ലക്ഷ്മീദേവിയോ അത് അറിഞ്ഞതുമില്ല. ആതിഥ്യ മര്യാദ കാണിക്കാത്ത വിഷ്ണുഭഗവാന്റെ നെഞ്ചിൽ ചവുട്ടിയാണ് ഭൃഗു മുനി കോപം കാണിച്ചത്.
എന്നാൽ ഭഗവാനാകട്ടെ, മുനിയോട് ആതിഥ്യ മര്യാദ കാണിക്കാൻ മറന്നതിന് മാപ്പ് പറഞ്ഞു. എന്നാൽ ലക്ഷ്മി ദേവിക്ക് ഇത് സഹിക്കാൻ കഴിഞ്ഞില്ല. നെഞ്ചിൽ ചവുട്ടിയ ഭൃഗു മുനിയെ ഭർത്താവ് ഒന്നും ചെയ്യാത്തതിൽ പ്രതിഷേധിച്ച് ലക്ഷ്മീദേവി ഭൂമിയിലേക്ക് പോന്നു.
വിരഹദുഃഖത്തിലാഴ്ന്ന വിഷ്ണു ഭഗവാനും പിന്നാലെ ഭൂമിയിലെത്തി. പത്നിയുടെ കോപം തണുക്കുന്നത് വരെ ഭൂമിയിൽ തന്നെ കഴിയാൻ തീരുമാനിച്ചു. അങ്ങനെ ഇരുവരും പുനരവതരിച്ചു. ശ്രീനിവാസനായി വിഷ്ണു ഭഗവാനും പർവത രാജാവിന്റെ മകളായ പത്മാവതിയായി ലക്ഷ്മീദേവിയും പുനർജന്മം കൊണ്ടു.
പത്മാവതിയെ വിവാഹം ചെയ്യാൻ ശ്രീനിവാസൻ ആഗ്രഹിച്ചുവെങ്കിലും, (ലക്ഷ്മി തന്റെ പക്കൽ ഇല്ലെങ്കിൽ) താൻ പരമദരിദ്രനാണെന്ന് പറഞ്ഞ് പർവ്വത രാജാവ് ശ്രീനിവാസനെ പിന്തിരിപ്പിച്ചു. എന്നാൽ ശ്രീനിവാസൻ മടങ്ങാൻ കൂട്ടാക്കുന്നില്ലെന്ന് വന്നപ്പോൾ, വലിയൊരു തുക സംഘടിപ്പിച്ച് നൽകിയാൽ മകളെ തരാമെന്നായി രാജാവ്. വേറെ നിവൃത്തിയില്ലാതെ ധനത്തിന്റെ ദേവനായ കുബേരനിൽ നിന്ന് ശ്രീനിവാസൻ വൻ തുക കടമായി വാങ്ങി.
കലിയുഗത്തിന്റെ അവസാനമാകുമ്പോൾ താൻ വാങ്ങിയ കടം തിരികെ നൽകാമെന്നായിരുന്നു ശ്രീനിവാസന്റെ വാഗ്ദാനം. എന്നാൽ തനിക്ക് ഭക്തർ നൽകുന്ന സംഭവനയുടെ പലിശയാണ് കുബേരന് നൽകാനുള്ള കടത്തിലേക്ക് ശ്രീനിവാസൻ അടച്ചുകൊണ്ടിരുന്നത്. കുബേരന്റെ കടം ഇന്നും വീടിയിട്ടില്ലെന്നും അതിലേക്കാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് ഭക്തർ സംഭാവന നൽകുന്നതെന്നും വിശ്വസിച്ച് പോരുന്നു.
ഭക്തർ തനിക്ക് നൽകുന്ന കാണിക്കകൾക്ക് പകരമായി ഭഗവാൻ ഭക്തർക്ക് സർവ്വൈശ്വര്യങ്ങളും നൽകുന്നു. സമ്പത്തും ഐശ്വര്യവും ലഭിക്കുന്ന മുറയ്ക്ക് ഭക്തർ സംഭാവനയുടെ അളവ് കൂട്ടുകയും ചെയ്യുന്നു.
ഈ ചക്രം അങ്ങനെ ആവർത്തിച്ച് കൊണ്ടിരിക്കുന്നതിനാൽ ഇന്ത്യയിലെ ഏറ്റവും സമ്പന്ന ക്ഷേത്രങ്ങളിലൊന്നായി തിരുപ്പതി മാറിയിരിക്കുന്നു. ശ്രീകോവിലിന്റെ മോപ്പ് മുഴുവനായും സ്വർണ്ണം കൊണ്ട് മൂടിയിരിക്കുന്നു എന്ന് പറഞ്ഞാൽ തന്നെ ക്ഷേത്രത്തിന്റെ സമ്പത്ത് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.
ഓരോ വർഷവും ഒരു ലക്ഷത്തിലധികം ഭക്തരാണ് തിരുപ്പതിയിലേക്ക് ഒഴുകി എത്തുന്നത്. ബ്രഹ്മോത്സവം പോലുള്ള സവിശേഷാവസരങ്ങളിലാകട്ടെ, സന്ദർശകരുടെ എണ്ണം അഞ്ച് ലക്ഷത്തിൽ കവിയും.
എന്തായാലും, ഭക്തർക്ക് സന്തോഷിക്കാവുന്ന ഒരു കാര്യമുണ്ട്. ശ്രീനിവാസ ഭഗവാന്റെ കടം ഇപ്പോഴും ബാക്കിയാണ്. കടം വീടാതെ ശ്രീനിവാസ ഭഗവാന് വൈകുണ്ഡത്തിലെത്തി വിഷ്ണുവുമായി ലയിക്കാനുമാവില്ല. അതിനാൽ ശ്രീനിവാസ ഭഗവാൻ തിരുപ്പതി മലയിൽ തന്നെ വസിക്കുന്നു.