Published: 04 Sep 2017
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ്ണ നിധി
പുരാതന നിധികൾ അന്വേഷിച്ച് ഏഴുകടലും കടന്ന് ചിലർ സഞ്ചരിക്കുമ്പോൾ, നമ്മുടെ ഇന്ത്യയിൽ തന്നെ വിലമതിക്കാനാവാത്ത നിധി സഞ്ചയങ്ങൾ ഉണ്ടെന്ന് അറിയുന്നത് അത്ഭുതമുണ്ടാക്കും.
കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പല വർഷങ്ങളായി വലിയ നിധി സഞ്ചയം മറഞ്ഞിരിപ്പുണ്ട്. ഇന്ത്യൻ രാജാക്കന്മാർ, പ്രായപൂർത്തിയാവുന്ന രാജകുമാരന്മാരെ സ്വർണ്ണം കൊണ്ട് തുലാഭാരം നടത്തി, ആ സ്വർണ്ണം ക്ഷേത്രങ്ങളിൽ കാണിക്കയായി സമർപ്പിക്കുന്ന ആചാരമുണ്ടെന്ന് ഐതിഹ്യങ്ങൾ പറയുന്നു. ഇങ്ങനെ കാണിക്കയായി ലഭിച്ച സ്വർണ്ണം, പത്മനാഭസ്വാമി ക്ഷേത്രത്തിലെ അറകളിൽ ഒളിഞ്ഞിരിക്കുന്നു.
ഇന്ത്യയിലെ പരമോന്നത കോടതിയായ സുപ്രീം കോടതിയുടെ നിർദ്ദേശത്തെ തുടർന്ന്, 2011-ൽ ക്ഷേത്രത്തിലെ ആറ് അറകൾ തുറക്കുകയുണ്ടായി. ഈ പുരാതന അറകളിൽ നിന്ന് പന്ത്രണ്ടാം നൂറ്റാണ്ട് മുതലുള്ള പലതരത്തിലുള്ള നിധികളും കണ്ടെത്തി. ഈ നിധികളിൽ ഏറ്റവും വിലപിടിപ്പുള്ളത് മഹാവിഷ്ണുവിന്റെ പ്രതിമയും അതിൽ ചാർത്തിയിരിക്കുന്ന അംഗവസ്ത്രവുമാണ്. ഇവ രണ്ടും കൂടി ഏകദേശം 30 കിലോഗ്രാം വരും.
മഹാവിഷ്ണുവിന്റെ സ്വർണ്ണ പ്രതിമ, 'ഉത്സവ വിഗ്രഹ'ത്തിന്റെ പതിപ്പാണെന്ന് കരുതപ്പെടുന്നു. ഉത്സവങ്ങളിലും മറ്റ് സവിശേഷ അവസരങ്ങളിലും ഉപയോഗിക്കുന്നതാണ് ഭഗവാന്റെ ഉത്സവ വിഗ്രഹം. ഇതിന് ഒരടി നീളമുണ്ട്. ശുദ്ധ സ്വർണ്ണം കൊണ്ടുള്ള മറ്റൊരു വിഗ്രഹം, ആകർഷകമായ പവിഴങ്ങളും മരതകങ്ങളും മറ്റ് വിലപിടിപ്പുള്ള കല്ലുകളും പതിച്ചിട്ടുള്ള രണ്ട് സ്വർണ്ണ ചിരട്ടകൾ എന്നിവയൊക്കെയാണ് കണ്ടെത്തപ്പെട്ടിട്ടുള്ള മറ്റ് നിധികളിൽ ചിലത്. ഭഗവാന്റെ വിഗ്രഹത്തിൽ ചാർത്താനുള്ള അങ്കിക്ക് 16 ഭാഗങ്ങളുണ്ട്. വിവിധ രാജവംശങ്ങൾ ഇറക്കിയ സ്വർണ്ണ നാണയങ്ങളും സ്വർണ്ണാഭരണങ്ങളും ഈ അങ്കിയിൽ പതിച്ചിരിക്കുന്നു. പുരാതന കാലം മുതൽ 1914 വരെയുള്ള പല കാലഘട്ടങ്ങളിലെയും നാണയങ്ങൾ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അറകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ക്രിസ്തുവിന് 200 വർഷം മുമ്പ് ഇറക്കിയ സ്വർണ്ണ നാണയങ്ങളുടെ ഏകദേശം 800 കിലോഗ്രാം വരുന്ന കൂമ്പാരമാണ് എ നിലവറയിൽ കണ്ടെത്തിയതെന്ന് മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ ആയിരുന്ന വിനോദ് റായി പറയുന്നു. ഇവയിൽ ഓരോ നാണയത്തിനും നിലവിൽ 2.7 കോടി രൂപാ (0.5 മില്യൺ യുഏസ് ഡോളർ) വിലമതിക്കും.
പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇപ്പോഴും തുറക്കാത്ത നിലവറകളുണ്ട്. സമയത്തെ അതിജീവിച്ച നിധികളെല്ലാം വരും തലമുറകൾക്ക് കാത്തുവച്ച പത്മനാഭസ്വാമി ക്ഷേത്രത്തിന് ലോക മാധ്യമങ്ങളിൽ വൻ ശ്രദ്ധയാണ് ലഭിക്കുന്നത്.