Published: 09 Feb 2018
ഹാൾമാർക്കിംഗ് മാനദണ്ഡങ്ങളിലെ സമീപകാല മാറ്റങ്ങൾ
സ്വർണ്ണം ഹാൾമാർക്ക് ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ പരക്കെ അംഗീകരികപ്പെട്ടിട്ടുള്ളതാണ്. ആഭ്യന്തര ഉപഭോക്താക്കളിൽ വിശ്വാസം ഊട്ടിയുറപ്പിക്കാനും അന്തർദ്ദേശീയ തലത്തിൽ സ്വർണ്ണം വാങ്ങുന്നവർക്ക് ആത്മവിശ്വാസം പകരാനും ഹാൾമാർക്ക് ചെയ്ത സ്വർണ്ണം സഹായിക്കുമെന്ന് നയരൂപീകരണ കർത്താക്കളും നിയന്ത്രണാധികാരികളും ആഗോള വിപണിയിലെ പങ്കാളികളും ഒരുപോലെ സമ്മതിക്കുന്നു.
ഇന്ത്യയിൽ ഹാൾമാർക്കിംഗ് നിർബന്ധമാകുന്നതോടെ ഒട്ടേറെ അനുകൂല പ്രഭാവങ്ങൾ ഉണ്ടാകും. ഒന്നാമത്തെ കാര്യം ദേശീയ സ്വർണ്ണ വ്യവസായം ഔദ്യോഗികമാക്കപ്പെടും എന്നതാണ്. വിപണിയിലുള്ള ഉപഭോക്താവിന്റെ വിശ്വാസം വർദ്ധിക്കും. ലോകതലത്തിൽ ഇന്ത്യൻ ജ്വല്ലർമാർ പ്രധാനപ്പെട്ടൊരു പങ്ക് നിർവഹിക്കുന്നുവെന്നും ഇതുറപ്പാക്കും. കൂടുതൽ പക്വതയും അന്തർദ്ദേശീയ സ്വീകരണീയതയും സ്വർണ്ണ വ്യവസായ മേഖലയെ വിപുലമാക്കും, ഇതിൽ നിന്ന് ആഭ്യന്തര വ്യവസായമേഖല ഊർജ്ജമുൾക്കൊള്ളും, ഗണ്യമായ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
ഇത്തരം കാര്യങ്ങൾ മനസ്സിൽ വച്ചുകൊണ്ടാണ്, ഏപ്രിൽ 2000-ത്തിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS), സ്വർണ്ണത്തിന്റെ സ്വമേധയായുള്ള ഹാൾമാർക്കിംഗ് അവതരിപ്പിച്ചത്. മൻമോഹൻ സിംഗിന്റെ ഭരണക്കാലത്ത്, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) ആക്‌ട്, 1986-ലേക്ക് ചില ഭേദഗതികൾ പാസ്സാക്കിയെടുത്തത്. സ്വർണ്ണം പോലുള്ള ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തുന്ന തരത്തിൽ നിർബന്ധമായ ഹാൾമാർക്കിംഗിന്റെ വ്യാപ്തി വർദ്ധിപ്പിക്കുകയായിരുന്നു ഈ ഭേദഗതികളുടെ ലക്ഷ്യം.
നീണ്ട കാലമായി സ്വർൺനത്തിന്റെ ഹാൾമാർക്കിംഗ് നടത്തിയിരുന്നത് സ്വമേധയാ ആയിട്ടായിരുന്നു. ഹാൾമാർക്കിംഗ് നിർബന്ധമായിരുന്നില്ല എന്ന് സാരം. ആഭരണ റീട്ടെയിലർമാരും നിർമ്മാതാക്കളും നിശ്ചിത മുദ്രയൊന്നും ആഭരണങ്ങളിൽ പതിക്കേണ്ടിയിരുന്നില്ല. എന്നാൽ മന്മോഹൻ സിംഗ് പാസ്സാക്കിയ ഭേദഗതികളാവട്ടെ, നിർബന്ധമായ സർട്ടിഫിക്കേഷൻ നടപ്പാക്കാൻ സർക്കാരിനെ പ്രാപ്തമാക്കി, തട്ടിപ്പ് നടത്തുന്ന ജ്വല്ലറിക്കാരിൽ നിന്ന് ഉപഭോക്താക്കളെ പരിരക്ഷിക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ടായിരുന്നു. ഇപ്പോൾ BIS ഹാൾമാർക്കിന് പ്രചുരപ്രചാരമുണ്ട്. തങ്ങൾ വാങ്ങുന്ന ഉൽപ്പന്നത്തിന്റെ ഗുണനിലവാരം മികച്ചതാണെന്ന ആത്മവിശ്വാസം ഉപഭോക്താക്കൾക്ക് പകരുന്ന ഹാൾമാർക്കാണിത്.
ജനുവരി 2017-ൽ, ഹാൾമാർക്കിംഗുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ BIS പരിഷ്ക്കരിച്ചു. ഹാൾമാർക്കിംഗ് ചെയ്ത ജ്വല്ലറി വിൽക്കാൻ ലൈസൻസുള്ള ജ്വല്ലർമാർ 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെയുള്ള ഗ്രേഡുകളിലുള്ള ആഭരണങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂവെന്ന് ഈ മാനദണ്ഡങ്ങൾ നിഷ്കർഷിക്കുന്നു.
"സ്വർണ്ണവും സ്വർണ്ണ സങ്കരങ്ങളും, അവയുടെ ഫൈൻനസ്സിനെ അടിസ്ഥാനമാക്കി 22, 18, 14 കാരറ്റുകൾ എന്ന ഗ്രേഡുകളിൽ വിഭാഗീകരിക്കപ്പെടുന്നു. സ്വർണ്ണം കൊണ്ട് നിർമ്മിക്കുന്ന ആഭരണങ്ങൾക്കും / കരകൗശല വസ്തുക്കൾക്കും ഈ വിഭാഗീകരണങ്ങൾ ബാധകമാണ്." BIS മാർഗ്ഗനിർദ്ദേശങ്ങൾ പറയുന്നു. എന്നിരുന്നാലും, ഈ ഉത്തരവ്, ജ്വല്ലറി സ്ഥാപനങ്ങളെ സമ്മർദ്ദത്തിലാഴ്ത്തി, കാരണം ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത് പല കാരറ്റുകളിലുള്ള ആഭരണങ്ങളാണ്. ജ്വല്ലറി സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും ഇടയിലുള്ള അവിശ്വാസം കൂട്ടുകയാണ് ഈ ഉത്തരവ് ചെയ്യുക. കേന്ദ്ര സർക്കാർ നിലവിലുള്ള മാനദണ്ഡങ്ങളിലേക്ക് വീണ്ടും ഭേദഗതികൾ കൊണ്ടുവരാൻ പോവുകയാണ്. വിഭാഗീകരണങ്ങളിൽ സർക്കാർ കൂടുതൽ കാരറ്റേജുകൾ ഉൾപ്പെടുത്തും. 2018-ൽ സ്വർണ്ണാഭരണങ്ങളുടെ ഹാൾമാർക്കിംഗ് നിർബന്ധമാക്കുകയും ചെയ്യും.
ഇത്തരം നിയന്ത്രണങ്ങൾ സ്വർണ്ണത്തിന്റെ ശുദ്ധി ഉറപ്പാക്കും, എന്നാൽ നിയമങ്ങളിലും നിയന്ത്രണങ്ങളിലും കൂടുതൽ വ്യക്തത ഉണ്ടെങ്കിൽ കൂടുതൽ നന്നായി ഉപഭോക്താക്കൾക്ക് സേവനം നൽകാൻ കഴിയുമെന്ന് വ്യവസായമേഖല കരുതുന്നു.