Published: 27 Sep 2017
രഹസ്യ അറകളിലെ സ്വർണ്ണശേഖരങ്ങൾ
കുട്ടിക്കാലത്ത് നമ്മെ ഏറ്റവുമധികം രസിപ്പിച്ചിരുന്ന കഥയായിരുന്നല്ലോ ‘ആലിബാബയും നാൽപ്പത് കള്ളന്മാരും’? നിധിവേട്ടയ്ക്കിറങ്ങുക വലിയ സാഹസികത തന്നെയാണ്. അപ്പോൾ, നിങ്ങൾക്ക് കണ്ടെത്താനായി ശരിക്കും നിധികുംഭങ്ങൾ ഒളിച്ചിരിക്കുന്നുണ്ടെന്ന് ഞങ്ങൾ പറഞ്ഞാലോ?
ഇന്ത്യയെ ആക്രമിച്ച പല വിദേശീയരും നമ്മുടെ രാജ്യത്തെ കണക്കറ്റ് കൊള്ളയടിച്ചിട്ടുണ്ട്. പക്ഷേ, സമർത്ഥരായ നമ്മുടെ രാജാക്കന്മാർ രഹസ്യ അറകളിൽ ഒളിപ്പിച്ചുവെച്ച വൻനിക്ഷേപങ്ങൾ അവർക്ക് കണ്ടെടുക്കാനായില്ല. എന്താണ് പറയാൻ പോകുന്നതെന്ന് ഊഹിച്ചുനോക്കൂ! ഞങ്ങൾക്ക് അങ്ങനെയുള്ള അഞ്ച് രഹസ്യ നിധിയറകൾ അറിയാം. ഇതാ അതിന്റെ പട്ടിക: (ഏറ്റവും നല്ലത് ഏറ്റവും അവസാനത്തേക്കായി കരുതിയിട്ടുണ്ട്!)
-
കിംഗ് കോത്തി കൊട്ടാരം, ഹൈദരാബാദ്
ഫോർബ്സ് മാസിക 2008ൽ പുറത്തിറക്കിയ അതിസമ്പന്നരുടെ പട്ടികയിൽ, ഹൈദരാബാദിലെ അവസാനത്തെ നിസാമായ മിർ ഒസ്മാൻ അലി 210.8 ബില്ല്യൺ ഡോളറിന്റെ മൊത്തം ആസ്തിയുമായി ലോകത്തിലെ അഞ്ചാമത്തെ സർവ്വകാല സമ്പന്നനായി വാഴ്ത്തപ്പെട്ടു. 1937ൽ ടൈം മാസിക അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി കണക്കാക്കി. കിംഗ് കോത്തി കൊട്ടാരത്തിലാണ് അദ്ദേഹം ഏറെക്കാലം താമസിച്ചത്. കൊട്ടാരത്തിലെ ഭൂഗർഭ അറകൾ നിറയെ അദ്ദേഹത്തിന്റെ സമ്പാദ്യങ്ങളാണെന്ന് കരുതപ്പെടുന്നു.
-
ശ്രീ മൂകാംബിക ക്ഷേത്രം, കർണ്ണാടകം
കർണ്ണാടകയിലെ പശ്ചിമഘട്ട താഴ്വരയായ കൊല്ലൂരിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ വാർഷിക വരുമാനം വളരെ വലുതാണ് – 17 കോടി രൂപ! ക്ഷേത്രത്തിനകത്തുള്ള സർപ്പത്തിന്റെ ചിഹ്നം സൂചിപ്പിക്കുന്നത് അതിനടിയിൽ ഒളിഞ്ഞിരിക്കുന്ന നിധിയെയാണെന്നാണ് പൂജാരികൾ വിശ്വസിക്കുന്നത്. നിധി മാറ്റിനിർത്തിയാൽ ക്ഷേത്രത്തിനകത്തുള്ള രത്നങ്ങളുടെ മൂല്യം തന്നെ 100 കോടി രൂപയിലേറെ വരും!
-
ബാലകില, അൽവാർ, രാജസ്ഥാൻ
മുഗൾ ചക്രവർത്തി ജഹാംഗീർ തന്റെ ഒളിവുവാസക്കാലത്ത് അഭയം പ്രാപിച്ചത് രാജസ്ഥാനിലെ അൽവാറിലുള്ള ബാലകിലയിലാണെന്നും അവിടത്തെ കാട്ടിൽ തന്റെ സമ്പത്ത് കുഴിച്ചിട്ടെന്നുമാണ് നാടോടിക്കഥ. നിധിയുടെ വലിയൊരു ഭാഗം ഇനിയും കണ്ടെടുക്കാനുണ്ടെന്നാണ് പറയുന്നത്. ഒറ്റ മരതകക്കല്ലിൽ കൊത്തിയെടുത്ത ഒരു കോപ്പയാണ് ആ നിധിയിലെ ഏറ്റവും അമൂല്യവസ്തു എന്നാണ് കരുതുന്നത്.
-
ജെയ്ഗട്ട് കോട്ട, ജെയ്പൂർ
ജെയ്പൂരിന്റെ മുൻ ഭരണാധികാരിയായ മാൻ സിംഗ് ഒന്നാമൻ അക്ബർ ചക്രവർത്തിയുടെ രാജസഭയിലെ നവരന്തങ്ങളിൽ ഒരാളും അദ്ദേഹത്തിന്റെ സേനാനായകനും ആയിരുന്നു. 1580 കളിലെ അഫ്ഗാൻ കീഴടക്കലിനുശേഷം അദ്ദേഹം തിരിച്ചുവരുമ്പോൾ കൊള്ളമുതൽ അക്ബറുമായി പങ്കിടാതെ ജെയ്ഗട്ട് കോട്ടയുടെ നടുമുറ്റത്ത് കുഴിച്ചിട്ടെന്നാണ് ഐതിഹ്യം പറയുന്നത്. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ ആ നിധി കണ്ടെത്താൻ കൽപ്പനയിറക്കിയെങ്കിലും ആ അന്വേഷണം വൃഥാവിലായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ നിധി പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് കടത്തികൊണ്ടുപോയി എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. പക്ഷേ അതിന് യാതൊരു തെളിവും ഇന്നുവരെ ലഭിച്ചിട്ടില്ല. ആ നിഗൂഢത തുടരുന്നു.
-
പദ്മനാഭസ്വാമി ക്ഷേത്രം, കേരളം
ഭൂമിയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം എന്നറിയപ്പെടുന്ന പദ്മനാഭസ്വാമി ക്ഷേത്രം അന്താരാഷ്ട്ര പ്രശസ്തി നേടിയത് ജൂൺ 2011ൽ അവിടുത്തെ ആറ് ഭൂഗർഭ അറകളിലൊന്നായ ‘എ’ നിലവറ തുറന്നതിന് ശേഷമാണ്. ദേവന് ചാർത്താനുള്ള സ്വർണ്ണാഭരണങ്ങളും മറ്റുമായി 22 ബില്ല്യൺ ഡോളർ വിലവരുന്നതാണ് സമ്പത്ത്. ഇന്ത്യൻ റുപ്പിയൽ കണക്കാക്കുമ്പോൾ അതൊരു ഞെട്ടിപ്പിക്കുന്ന തുകയാണ് – 14,16,69,00,00,000 രൂപ! ക്ഷേത്രത്തിൽ മറ്റൊരു നിഗൂഢ അറകൂടിയുണ്ട്. വലിയ സർപ്പങ്ങൾ കാവൽ നിൽക്കുന്നുണ്ടെന്ന് കരുതുന്ന ‘ബി’ നിലവറ. അടഞ്ഞ വാതിലുകൾപ്പുറം എന്താണ് ഒളിഞ്ഞിരിക്കുന്നതെന്ന് ആർക്കും അറിയില്ല. ആരെങ്കിലും അത് തുറക്കുന്നത് വലിയ ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തലാകുമെന്നാണ് വിശ്വാസം.
ആരു പറഞ്ഞു, “സ്വർണ്ണപ്പക്ഷി” എന്ന വിളിപ്പേര് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടെന്ന്? ഒളിഞ്ഞിരിക്കുന്ന നിധികുംഭങ്ങളെല്ലാം കണ്ടെടുക്കപ്പെടുകയാണെങ്കിൽ നാം ഈ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമായി മാറും.