Published: 04 Sep 2017
തെവയുടെ കഥ
ഇന്ത്യൻ ആഭരണങ്ങളുടെ ചരിത്രം ഇവിടുത്തെ സാമൂഹ്യ സാംസ്കാരിക സാഹചര്യങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. ഇന്ത്യയുടെ ചരിത്രം ഇന്ത്യൻ ആഭരണങ്ങളിൽ നിന്ന് വായിച്ചെടുക്കാം. അയ്യായിരം വർഷത്തോളം നീണ്ടുകിടക്കുന്ന ഇന്ത്യൻ സംസ്കാരത്തിന്റെയും സൗന്ദര്യസങ്കൽപ്പങ്ങളുടെയും ആവിഷ്കാരമാണ് ഇന്ത്യൻ ആഭരണകല. അത് ഇവിടുത്തെ ജനങ്ങളേയും അവരുടെ ജീവിതത്തെയും അവരുടെ രാജവംശങ്ങളേയും വർ ണ്ണിക്കുന്ന, സ്വർണ്ണത്തിൽ കൊത്തിവെച്ച തിരുശേഷിപ്പുകളാണ്. വിഭിന്ന നിർമ്മാണ രീതികൾ അവലംബിച്ചും വ്യത്യസ്ത കലാരൂപങ്ങളെ വിളക്കിച്ചേർത്തും സൃഷ്ടിച്ച വൈശിഷ്ട്യമാർന്ന രൂപകല്പനകൾ രാജാക്കൻമാരും രാജകുടുംബങ്ങളും മാത്രമല്ല വിദേശീയരും നെഞ്ചിലേറ്റി. കാലക്രമേണ, ഇന്ത്യൻ സംസ്കാരത്തിൽ നിന്നും ജീവതശൈലികളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് വാർത്തെടുത്ത വൈവിധ്യങ്ങളായ രൂപകല്പനകൾ വിദേശരാജ്യങ്ങളിലും പ്രചുരപ്രചാരം നേടി. അത് ഇന്ത്യൻ കരകൗശലവിദ്യയ്ക്കും ശില്പവൈദഗ്ദ്യത്തിനും കീർത്തിയും യശസ്സും കൊണ്ടുവന്നു.
തെവ എന്ന കലയെ 400 കൊല്ലം പിറകിലേക്ക് അന്വേഷിച്ചു ചെല്ലാം. വടക്കേ ഇന്ത്യയിലെ പ്രതാപ്ഗഡ് ഭരണാധികാരികൾ ഈ കല അഭ്യസിക്കുന്നവരുടെ കുടുംബങ്ങൾക്കു പാർക്കാൻ ഭൂമി അനുവദിച്ചതു മുതലാണത്. ഒരു ആഭരണനിർമ്മാണകലയെന്ന നിലയിൽ തെവ അതിനുമുമ്പും ബംഗാളി കൈവേലക്കാർക്കിടയിൽ നിലനിന്നിരുന്നതായി പറയപ്പെടുന്നു. തങ്ങൾ ആഗ്രഹിച്ച പ്രോത്സാഹനം കിട്ടാതെ വന്നപ്പോൾ അഭ്യുദയകാംക്ഷികളെ തേടി ഇവർ പടിഞ്ഞാറുഭാഗത്തേക്ക് നീങ്ങിയെന്നും ഒടുവിൽ രാജസ്ഥാനിൽ സ്ഥിരതാമസമാക്കിയെന്നും ചില തദ്ദേശവാസികളെ ഈ വിദ്യ പഠിപ്പിച്ചുവെന്നും പറയുന്നു. പിന്നീടങ്ങോട്ട് തെവ എന്ന കലയുടെ തേരോട്ടത്തിനാണ് ചരിത്രം സാക്ഷിയായത്. ഈ കല അഭ്യസിക്കുന്നവർ അത് തങ്ങളുടെ മാത്രം കുടുംബവ്യവസായമായി പരിരക്ഷിക്കാൻ പാടുപെട്ടു. സ്ത്രീകളെ അവർ ഈ വിദ്യ പഠിപ്പിച്ചില്ല. കാരണം, അവർ വിവാഹിതരായി മറ്റു കുടുംബങ്ങളിൽ പോയാൽ ഈ കലയുടെ രഹസ്യം പുറത്താവും!
പിൽക്കാലത്ത്, പരിരക്ഷയും പരിപോഷണവും ലഭിക്കാതെ കൊഴിഞ്ഞുപോയ പല പാരമ്പര്യങ്ങളെയും കലാരൂപങ്ങളെയും പോലെ, തെവയും ക്ഷയിച്ചു. എന്നാൽ ആധുനികകാലത്തെ ഇന്ത്യൻ ഡിസൈനർമാർ ഈ കലയുടെ മഹത്വം തിരിച്ചറിയുകയും അതിന്റെ പ്രതാപം വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. തെവ എന്നു പറയുന്ന അതേ ശ്വാസത്തിൽ ഉച്ചരിക്കപ്പെടുന്ന ഒരു നാമമാണ് രൂപ വോറയുടേത്. അവരാണ് 1990കളിൽ ഈ കലാരൂപത്തിന്റെ പുനരുദ്ധാരണത്തിന് തുടക്കം കുറിച്ച് ഇന്നു കാണുന്ന പ്രചാരം നേടികൊടുത്തത്.
തെവ ആഭരണങ്ങൾ സ്വർണ്ണത്തിന്റെയും സ്ഫടികത്തിന്റെയും അനുപമ മിശ്രിതമാണ്. ചിത്രവേല ചെയ്ത സ്വർണ്ണപാളികൾ സ്ഫടികവുമായി സംയോജിപ്പിച്ചാണ് ഈ അമൂല്യ കലാസൃഷ്ടിയ്ക്ക് രൂപം നൽകുന്നത്. വളരെയേറെ ശ്രദ്ധയും ക്ഷമയും ആവശ്യപ്പെടുന്ന ഒരു വൈദഗദ്ധ്യമാണിത്. ഏറ്റവും വിശുദ്ധിയുള്ള സ്വർണ്ണപാളികളാണ് ഇതിനായി ഉപയോഗിക്കുന്നത്. രൂപ വോറയുടെ അതീവശ്രദ്ധയും ദൃഢനിശ്ചയവും നിറഞ്ഞ പ്രയത്നങ്ങളാണ് തെവയെ ഇന്ന് ഇത്രയേറെ ജനപ്രിയമാക്കിയത്. മുഗൾ രാജസഭാ ദൃശ്യങ്ങൾ ഹിന്ദുപുരാണദൃശ്യങ്ങൾ, പുഷ്പാലങ്കാരങ്ങൾ, ചരിത്രമുഹൂർത്തങ്ങൾ, മാനുകൾ, ആനകൾ, മാലാഖമാർ തുടങ്ങി ചരിത്രത്തിലെയും പുരാണങ്ങളിലെയും പ്രകൃതിയിലെയും ദൃശ്യങ്ങളടങ്ങിയ ഡിസൈനുകളുടെ നീണ്ട നിരയുമായി തെവ എന്ന ആഭരണനിർമ്മാണ കല ഇന്ന് ഇന്ത്യയ്ക്ക് അതിന്റെ രാജപ്രൗഢി വിണ്ടെടുത്ത് നൽകിയിരിക്കുന്നു.
അതിവിശിഷ്ടമായ കണ്ഠാഭരണങ്ങളും കമ്മലുകളും പതക്കങ്ങളും മോതിരങ്ങളും തലമുടിയിൽ ധരിക്കുന്ന ആഭരണങ്ങളും വിവിധ നിരക്കുകളിലും ഡിസൈനുകളിലും നിറങ്ങളിലും അവതരിപ്പിച്ചുകൊണ്ട് തെവ എന്ന കല യുവജനങ്ങളെയും പ്രായമായവരേയും ഒരുപോലെ ആകർഷിച്ചുകൊണ്ട് ഗതകാലപ്രൗഢിയോടെ മുന്നേറുകയാണ്. സൂക്ഷ്മദൃഷ്ടിയിൽ തെവ ഒരു കലാസൃഷ്ടിയാണ്. തന്റെ ദർശനങ്ങൾ കാൻവാസിലേക്ക്, ഒരു സ്വർണ്ണ കാൻവാസിലേക്കു പകർത്തിയ ചിത്രകാരന്റെ/ചിത്രകാരിയുടെ സൃഷ്ടി!