Published: 12 Sep 2017
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണനിധിക്ക് പിന്നിലെ രഹസ്യം
ഭാരതീയ രാജവംശങ്ങളുടെയും സമ്പന്നമായ സംസ്ക്കാരങ്ങളുടെയും ചരിത്രം പരിശോധിക്കുമ്പോൾ, ഇന്ത്യയിൽ പലയിടങ്ങളിലും പുരാതനകാലത്ത് സമുദ്രവ്യാപാരം വൻതോതിൽ നടന്നിരുന്നു എന്ന കാര്യം പലരും വിസ്മരിച്ച് കാണാറുണ്ട്. നമുക്കുള്ളത് 7,500 കിലോമീറ്റർ നീളത്തിൽ വ്യാപിച്ച് കിടക്കുന്ന കടൽത്തീരമാണ്. പ്രതിസന്ധികളെ തൃണവൽഗണിച്ച് സമുദ്രവ്യാപാരം നടത്തിയിരുന്ന അനേകം വ്യാപാരികൾ പുരാതന കാലത്തുണ്ടായിരുന്നു. സമുദ്രവ്യാപാരങ്ങളിൽ ഇവരിൽ പലരും വൻ വിജയം കൈവരിക്കുകയും ചെയ്തു.
ഇന്ത്യയുടെ സുഗന്ധവ്യഞ്ജനങ്ങളും പരുത്തി വസ്ത്രങ്ങളും സങ്കീർണ്ണമായ ആഭരണങ്ങളും തേടിയാണ് പാശ്ചാത്യരും മറ്റ് വിദേശികളും ഇന്ത്യയിൽ എത്തുന്നത്. വിദേശികൾ കൊണ്ടുവന്ന സാധനങ്ങൾക്ക് പകരമായി തങ്ങളുടെ തനത് ഉൽപ്പന്നങ്ങൾ നൽകാൻ ഇന്ത്യക്കാർ തയ്യാറായിരുന്നില്ല. വിദേശികൾ വാഗ്ദാനം ചെയ്യുന്ന സാധനങ്ങൾക്ക് തങ്ങളുടെ സാധനങ്ങളോളം വിലയില്ലെന്നായിരുന്നു ഇന്ത്യക്കാർ മുന്നോട്ട് വച്ച ന്യായം. അതിനാൽ, മൂല്യത്തിലെ ഈ വ്യത്യാസത്തിന് പകരും സ്വർണ്ണവും വെള്ളിയും നൽകാൻ വിദേശികൾ നിർബന്ധിതരായി.
2011-ൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ രഹസ്യ നിലവറകൾ തുറന്നപ്പോൾ 100,000 കോടി രൂപയിലധികം വിലമതിപ്പുള്ള സ്വർണ്ണവും മറ്റ് ആഭരണങ്ങളുമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. നൂറ്റാണ്ടുകളായി ഈ നിലവറകളിൽ ഈ സ്വർണ്ണനിധി ഒളിഞ്ഞിരിപ്പായിരുന്നു.
ഏകദേശം 2,000 വർഷത്തോളം പഴക്കമുള്ള റോമൻ സ്വർണ്ണ നാണയങ്ങളുടെ വിപുലമായ ശേഖരം, വെനീസ് വലിയ സമുദ്രവ്യാപാര കേന്ദ്രമായിരുന്നപ്പോൾ ഇറക്കിയിരുന്ന, പതിനാലാം നൂറ്റാണ്ടിലെയും പതിനഞ്ചാം നൂറ്റാണ്ടിലെയും വെനീസ് സ്വർണ്ണനാണയങ്ങൾ, പതിനാറാം നൂറ്റാണ്ടിന്റെ മഹിമ വിളിച്ചോതുന്ന പോർച്ചുഗീസ് കറൻസി, ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി ഇറക്കിയ പതിനേഴാം നൂറ്റാണ്ടിലെ നാണയങ്ങൾ, പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത് നെപ്പോളിയൻ ഇറക്കിയ നാണയങ്ങൾ എന്നിവയൊക്കെ ഈ നിധി ശേഖരത്തിൽ ഉണ്ടായിരുന്നുവെന്ന് ഗുരുചരൺ ദാസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഗാരി കീത്ത് യംഗ് എഴുതിയ "റോംസ് ഈസ്റ്റേൺ ട്രേഡ്: ഇന്റർനാഷണൽ കൊമേഴ്സ് ആൻഡ് ഇമ്പീരിയൽ പോളിസി, 31 ബിസി-എഡി 305" എന്ന പുസ്തകത്തിൽ, ഭാര്യമാരെ സന്തോഷിപ്പിക്കാൻ ഇന്ത്യയിൽ നിന്ന് സുഗന്ധവ്യഞ്ജനങ്ങളും പട്ടും കൊണ്ടുവന്ന കണക്കിൽ ഒരുപാട് സ്വർണ്ണം റോമിന് നഷ്ടപ്പെട്ടുവെന്ന് റോമൻ രാഷ്ട്രീയക്കാരും ചരിത്രകാരന്മാരും കുറ്റപ്പെടുത്തിയതായി പരാമർശിച്ചിട്ടുണ്ട്. അങ്ങനെ, സമുദ്രവ്യാപാരം വഴി, ദക്ഷിണേന്ത്യയിലെ പ്രധാന തുറമുഖ പട്ടണങ്ങളിലേക്ക് വിദേശത്ത് നിന്നുള്ള ധാരാളം സ്വർണ്ണം ഒഴുകിയെത്തിയിട്ടുണ്ടെന്ന് നമുക്ക് അനുമാനിക്കാം.
എന്നാൽ, ഇത്രയും സ്വർണ്ണം എങ്ങനെയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേർന്നത്?
ഈ വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം, മതപരവും സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തിന്റെ ഒരു കേന്ദ്രമായി പണ്ട് മുതൽക്കേ കേളികേട്ട സ്ഥലമാണ്. സത്യത്തിൽ, 1741-ൽ, കൊളച്ചിൽ യുദ്ധത്തിൽ ഡച്ചുകാരെ നിലംപരിശാക്കിയപ്പോൾ, മാർത്താണ്ഡ വർമ്മ രാജാവാണ് തന്റെ രാജ്യവും സമ്പത്തുമെല്ലാം പത്മനാഭസ്വാമിക്ക് അടിയറവ് വച്ചത്.
നീണ്ട കാലമായി ഈ ക്ഷേത്രത്തിന് വ്യാപാരികളും ഭൂവുടമകളും രാജാക്കന്മാരും പിന്തുണ നൽകിവരുന്നുണ്ട്. അവർ, ഒരുപാട് സ്വർണ്ണവും പണവും ഈ ക്ഷേത്രത്തിന് സംഭാവന നൽകിയിട്ടുമുണ്ട്. നൂറ്റാണ്ടുകളായി ക്ഷേത്രത്തിൽ എത്തിച്ചേർന്ന ദാനവസ്തുക്കൾ, അർപ്പിക്കുന്നവർക്ക് പുണ്യം മാത്രമല്ല നൽകിയത്, ദേശവാസികളുടെ ആദരവും അവർക്ക് ലഭിച്ചു. ഇങ്ങനെ, കാലാകാലങ്ങളായി എത്തിയ സ്വർണ്ണവും പണവുമാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമായി അനന്ത പത്മനാഭസ്വാമി ക്ഷേത്രത്തെ മാറ്റിയത്.