Published: 28 Aug 2017
മുഗൾ യുഗത്തിലെ സ്വർണ്ണനാണയങ്ങൾ
നാണയങ്ങൾ പലപ്പോഴും ഒരു രാജവംശത്തിന്റെയോ ഭരണകൂടത്തിന്റെയോ അധികാരം, മതം, സമ്പദ്ഘടന എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ഇന്ത്യയിൽ സാമ്രാജ്യങ്ങളും രാജവംശങ്ങളും പുറത്തിറക്കിയ നാണയങ്ങൾ അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെയും സാമ്പത്തിക സുസ്ഥിരതയെയും എടുത്തുകാട്ടുന്നവയും അതതു ഭരണാധികാരിയുടെ ആധിപത്യത്തിന്റെ സൂചകങ്ങളുമായിരുന്നു. ചരിത്രകാരൻമാരുടെ അഭിപ്രായത്തിൽ നാണയങ്ങൾ ഉടലെടുത്ത ബി.സി. ആറാം നൂറ്റാണ്ട് മുതൽ വ്യാപകമായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇവ ഉപയോഗിച്ചുപോന്നിട്ടുണ്ട്.
സാമ്പത്തികമായി മുൻപന്തിയിൽ നിന്നിരുന്ന ഇന്ത്യയ്ക്ക് അവകാശപ്പെടാനായി വിവിധ സമ്പന്ന രാജവംശങ്ങളുടേതും ബ്രിട്ടീഷ് ഭരണത്തിന്റേതുമായ നിരവധി നാണയങ്ങളുണ്ട്. മുഗളൻമാരാണ് ഇന്ത്യ ഭരിച്ച രാജവംശങ്ങളിൽ ഏറ്റവും കീർത്തിയാർജിച്ചത്. മുഗൾ കാലഘട്ടത്തിൽ ഇന്ത്യയുടെ വ്യാപാരവും സമ്പദ്ഘടനയും പുഷ്ടിപ്രാപിച്ചതായി കരുതപ്പെടുന്നു.
സുർ സാമ്രാജ്യത്തിന്റെ സ്ഥാപകനും 1540നും 1545നും ഇടയിൽ മുഗൾ സാമ്രാജ്യത്തിന്റെ അധിപനുമായിരുന്ന ഷെർ ഷാ സൂരിയാണ് മുഗൾ നാണയങ്ങൾ ആദ്യമായി അവതരിപ്പിച്ചത്. ദാം, മൊഹർ എന്നീ പേരുകളിൽ അറിയപ്പെടുന്ന നാണയങ്ങളുടെ വ്യാപകമായ ഉപയോഗം ആരംഭിച്ചത് അക്കാലത്താണ്.
ദാമും മൊഹറും ചെറിയ ചെമ്പു നാണയങ്ങളായിരുന്നു. സ്വർണ്ണനാണയങ്ങളെയും വെള്ളിനാണയങ്ങളെയും റുപിയ എന്നാണ് വിളിച്ചിരുന്നത്. മൊഹർ നാണയങ്ങൾ അഷ്റഫി എന്ന പേരിലും അറിയപ്പെട്ടിരിന്നു. വിവിധ ലോഹങ്ങളിൽ നിർമ്മിക്കപ്പെട്ടിരുന്ന ഈ നാണയങ്ങളെ ക്രമീകരിച്ചുകൊണ്ടുള്ള ധനവ്യവസ്ഥ നടപ്പാക്കിയത് പിന്നീടുവന്ന മുഗൾ ചക്രവർത്തിമാരായിരുന്നു.
അക്ബർ ചക്രവർത്തി പ്രൗഢമായ മുഗൾ രാജവംശത്തിന്റെ അധിപനായപ്പോൾ ഇന്ത്യൻ നാണ്യമുദ്രണചരിത്രത്തിലെ നാഴികക്കല്ലുകളായി കണക്കാക്കപ്പെടുന്ന പുത്തൻ ഡിസൈനുകളും അലങ്കാരങ്ങളും നാണയങ്ങളിൽ അവതരിപ്പിച്ചു. അക്കാലത്ത് പുറത്തിറങ്ങിയ ഡയമണ്ട് ആകൃതിയിലുള്ള നാണയങ്ങൾ അതുല്യമായ ഡിസൈൻ ഘടകങ്ങളായ പുള്ളികുത്തിയ അരികുകൾ, പുഷ്പാലങ്കാരങ്ങൾ, ലക്ഷണമൊത്ത അലങ്കാരബോർഡറുകൾ തുടങ്ങിയവയാൽ സമ്പുഷ്ടമായിരുന്നു. ആ നാണയങ്ങളിൽ ഉപയോഗിച്ചിരുന്ന കൈയെഴുത്തുരീതി ഇസ്ലാം വിശ്വാസത്തെ പ്രതിനിധാനം ചെയ്തു. അക്കാലത്തിറങ്ങിയ അക്ബറുടെ ഛായചിത്രമടങ്ങിയ സ്വർണ്ണനാണയം അദ്ദേഹത്തിന്റെ മകനായ സലീമിന്റെ സംഭാവനയായി അറിയപ്പെടുന്നു. പിതാവിനെതിരായുള്ള തന്റെ കലഹം അനുരഞ്ജനത്തിലെത്തിയതിന്റെ സൂചകമായി അക്ബർ ചക്രവർത്തിക്ക് സലീം സമർപ്പിച്ചതാണിതെന്ന് പറയപ്പെടുന്നു.
മുഗളൻമാർ പുറത്തിറക്കിയ സ്വർണ്ണനാണയങ്ങളാണ് ഇന്ന് ലോകത്ത് ഏറ്റവുമധികം ആവശ്യക്കാരുള്ള ശേഖരണനാണയങ്ങൾ. പലപ്പോഴും വൻതുകകൾക്കാണ് ഇവ ലേലംചെയ്തു പോകാറുള്ളത്. ഈ കുതൂഹലമുണർത്തുന്ന നാണയങ്ങൾ ഇന്ത്യയിലെ പല മ്യൂസിയങ്ങളിലും പൊതുദർശനത്തിന് വെച്ചിട്ടുണ്ട്.