Published: 27 Sep 2017
സ്വർണ്ണം ദന്തചികിത്സയിൽ
പുരാതന ഈജിപ്തുകാരുടെ കാലം മുതൽക്കുതന്നെ സ്വർണ്ണം ദന്തവൈദ്യത്തിൽ ഉപയോഗിച്ചുപോന്നിട്ടുണ്ട്. മഹത്തായ ഗിസാ പിരമിഡിനുള്ളിൽ നിന്ന് കണ്ടെടുത്ത സ്വർണ്ണക്കമ്പി വിഘടിപ്പിച്ച രണ്ടണപ്പല്ലുകൾ അതിനു ദൃഷ്ടാന്തമാണ്. സ്വർണ്ണം ഇന്നും ദന്തവേലകളിൽ വ്യാപകമായി ഉപയോഗിക്കുന്നു. ദന്തചികിത്സാവ്യവസായം വർഷത്തിൽ 80 ടൺ സ്വർണ്ണം ഉപയോഗിച്ചുതീർക്കുന്നത് വെറുതെയല്ല.
ഏതൊരു വസ്തുവിനും വസിക്കാൻ ദുർഘടമായ ഒരന്തരീക്ഷമാണ് വായ്ക്കകത്തുള്ളത്. വായയുടെ ഉദ്ദേശ്യം തന്നെ ഭക്ഷണപദാർത്ഥങ്ങളെ ദ്രവിപ്പിക്കുക എന്നതാണതാണല്ലോ. അതിനു സഹായിക്കുന്ന ഉമിനീരും ഭക്ഷണപദാർത്ഥങ്ങളെ മുറിക്കുന്ന ഉളിപ്പല്ലുകളും ചതയ്ക്കുന്ന അണപ്പല്ലുകളും എല്ലാംകൂടി വായയിൽ വല്ലാത്തൊരു ആവാസവ്യവസ്ഥയാണുള്ളത്.
എന്നാൽ വായയുടെ ഏതു ദണ്ഡനവും നേരിടാൻ കെൽപ്പുള്ള അപൂർവ്വം ചില ലോഹങ്ങളിൽ ഒന്നാണ് സ്വർണ്ണം എന്ന് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. സ്വർണ്ണത്തിന്റെ പ്രത്യേകമായ അണുഘടന അതിനെ ഏറെക്കുറെ നിർജീവമായി നിലനിർത്തുന്നു. അതിനാൽത്തന്നെ അത് മറ്റേതൊരു വസ്തുവുമായും ഒട്ടും പ്രതിപ്രവർത്തനത്തിൽ ഏർപ്പെടുന്നില്ല എന്നുതന്നെ പറയാം. ഇത് സ്വർണ്ണത്തെ ദ്രവിക്കാതെ സൂക്ഷിച്ച് ദീർഘകാലം നിലനിർത്തുന്നു. മരിക്കുന്നതുവരെ പല്ലിനുമുകളിൽ ഉണ്ടാവണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന സ്വർണ്ണശിഖരത്തിനുവേണ്ട സവിശേഷതയുടെ ഉത്കൃഷ്ടമാതൃകയല്ലേ ഇത്?
പക്ഷേ, വായ്ക്കകത്തെ കഠിനമായ പരിതസ്ഥിതി കണക്കിലെടുക്കുമ്പോൾ കലർപ്പില്ലാത്ത 24 കാരറ്റ് സ്വർണ്ണമുപയോഗിക്കുന്നത് ആശാവഹമല്ല. 24 കാരറ്റ് സ്വർണ്ണം വളരെ മൃദുവും മയമുള്ളതുമാകയാൽ അതിന് പെട്ടെന്ന് രൂപമാറ്റം സംഭവിക്കാം. അതിനാൽ ഉത്തമമായ ഒരു ദന്തശിഖരമാകാൻ അതിന് സാധിക്കുകയില്ല. അതുകൊണ്ടാണ് ഡെന്റിസ്റ്റുകൾ 16 കാരറ്റിന്റെ (അഥവാ 66% സ്വർണ്ണത്തിന്റെ) ലോഹമിശ്രിതം ഉപയോഗിക്കുന്നത്. ഇതിനായി സ്വർണ്ണത്തിനൊപ്പം മറ്റു ലോഹങ്ങളായ വെള്ളി, പലേഡിയം, ചെമ്പ് മുതലായവ മിശ്രണംചെയ്യുന്നു. അങ്ങനെ ലഭിക്കുന്ന ലോഹക്കൂട്ട് കൂടുതൽ ബലമുള്ളതും വായ്ക്കകത്തെ സമ്മർദ്ദങ്ങളെ ചെറുത്തുനിൽക്കാൻ ശേഷിയുള്ളതും ആകുന്നു.
ദന്തചികിത്സയിൽ സ്വർണ്ണത്തിനുള്ള പങ്ക് ഇന്ന് എല്ലാവർക്കുമറിയാം. എന്നാൽ പുരാതന ഈജിപ്തുകാർക്ക് നാമിന്നറിയുന്ന സ്വർണ്ണത്തിന്റെ അതേ സവിശേഷതകൾ അറിയുമായിരുന്നുവോ? അഥവാ, സ്വർണ്ണപ്പല്ലുവെക്കാനും പല്ലുകളെ സ്വർണ്ണക്കമ്പികൊണ്ടു കെട്ടാനുമുള്ള പ്രേരണ അവർക്ക് മറ്റെന്തെങ്കിലുമായിരുന്നുവോ? അത് ഊഹിക്കുക ദുർഘടവും ഒപ്പം ജിജ്ഞാസയുണർത്തുന്നതുമാണ്!