Published: 06 Feb 2020
ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നത് നിങ്ങളെ എങ്ങനെ ബാധിക്കും
നിങ്ങളുടെ സ്വർണത്തിന്റെ പരിശുദ്ധിയെ പറ്റി നിങ്ങൾ എപ്പോഴെങ്കിലും ആശങ്കപ്പെട്ടിട്ടുണ്ടെങ്കിൽ, നിങ്ങൾക്കായി ഞങ്ങളുടെ പക്കൽ ചില വിലയേറിയ വിവരങ്ങൾ ഉണ്ട്. 2021 ജനുവരി 15 മുതൽ ഹാൾമാർക്ക് പ്രക്രിയ നിയമപ്രകാരം ഇന്ത്യയിൽ ഉടനീളം നിർബന്ധമാക്കിയിട്ടുണ്ട്!
സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നതിനായി സർക്കാർ അംഗീകരിച്ചിട്ടുള്ള ഒരേയൊരു മാർഗമാണ് ഹാൾമാർക്ക് പ്രക്രിയ, BIS (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) നിശ്ചയിച്ചിട്ടുള്ള നിലവാരത്തിനനുസരിച്ച് ആണ് ‘ഗോൾഡ് ഹാൾമാർക്ക്’ ഉപയോഗിച്ച് സ്വർണം മുദ്രണം ചെയ്യുന്നത്.
എന്റെ സ്വർണാഭരണം ഹാൾമാർക്ക് ചെയ്തതാണെന്ന് എനിക്ക് എങ്ങനെ തിരിച്ചറിയാം?
സ്വർണം ഹാൾമാർക്ക് ചെയ്യുന്നത് നിർബന്ധമാകുമ്പോൾ, ഓരോ സ്വർണാഭരണങ്ങളിലും / 2 ഗ്രാമിൽ കൂടുതൽ തൂക്കം വരുന്ന സ്വർണത്തിലും ഈ 4 ചിഹ്നങ്ങൾ അടങ്ങുന്ന ഒരു ഹാൾമാർക്ക് അടയാളം നിങ്ങൾക്ക് കണ്ടെത്താനാവും:
നിങ്ങളുടെ സ്വർണത്തിന്റെ കാരറ്റേജ് വ്യതാസം അനുസരിച്ച് പരിശുദ്ധിയുടെ ചിഹ്നവും വ്യത്യാസപ്പെടും. 22 കാരറ്റ് സ്വർണത്തിന്റെ ചിഹ്നം 22K916 ആണ്. 18 കാരറ്റ് സ്വർണത്തിന് ഇത് 18K750-ഉം 14 കാരറ്റ് സ്വർണത്തിന് 14K585-ഉം ആണ്. സ്വർണത്തിന്റെ ഏറ്റവും ശുദ്ധമായ രൂപമാണ് 24 കാരറ്റ് എങ്കിലും ആഭരണ നിർമാണത്തിന് പറ്റാത്ത തരത്തിൽ ഇത് വളരെ മൃദുലവും മയമുള്ളതും ആണ്.
ഹാൾമാർക്ക് ചെയ്ത സ്വർണത്തിന്റെ പ്രയോജനങ്ങൾ എന്തെല്ലാം?
ഹാൾമാർക്ക് ചെയ്ത സ്വർണം നിങ്ങളെ അനവധി സന്ദർഭങ്ങളിൽ സഹായിക്കുന്നു:
- നിങ്ങൾ സ്വർണം വാങ്ങാനും നൽകുന്ന പണത്തിന് അനുസരിച്ചുള്ള മൂല്യം നിങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ
- നിങ്ങൾക്ക് പാരമ്പര്യമായി ലഭിച്ച ആഭരണങ്ങൾ നവീകരിക്കുന്നതിനും അല്ലെങ്കിൽ റീസൈക്കിൾ ചെയ്യുന്നതിനും അത് കൂടുതൽ ആധുനികവും സമകാലികവുമായ ഡിസൈനുകളായി രൂപാന്തരപ്പെടുത്തുന്നതിനും ആഗ്രഹിക്കുന്നുവെങ്കിൽ
- നിങ്ങൾ സ്വർണാഭരണങ്ങൾ വിൽക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ
- നിങ്ങൾ സ്വർണാഭരണം പണയം വെച്ച് വായ്പ എടുക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ
പരിശുദ്ധിയുടെ ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് ലഭിക്കുന്നതിനാൽ, ഹാൾമാർക്ക് ചെയ്ത സ്വർണം നിങ്ങളുടെ സ്വർണത്തിന്റെ പരിശുദ്ധി തെളിയിക്കാൻ നിങ്ങളെ സഹായിക്കുന്നു. ഹാൾമാർക്ക് സർട്ടിഫിക്കറ്റും സ്വർണ ഹാൾമാർക്കിന്റെ 4 ചിഹ്നങ്ങൾ പരിശോധിക്കുന്നതിനായി ഒരു ഭൂതക്കണ്ണാടിയും ജ്വല്ലറി സ്ഥാപനത്തോട് നിർബന്ധമായും ആവശ്യപ്പെടുകയാണ് നിങ്ങൾ ചെയ്യേണ്ട കാര്യം. പണിക്കൂലി, വേസ്റ്റേജ് നിരക്ക്, വാങ്ങുന്ന തിയതി, സ്വർണത്തിന്റെ തൂക്കം, സ്വർണത്തിന്റെ പരിശുദ്ധി, നികുതികൾ, വാങ്ങുന്ന ദിവസത്തെ സ്വർണവില എന്നിവ ഉൾപ്പെടുത്തിയ വിശദമായ ഒരു പക്കാ ബില്ല് നിങ്ങൾ ആവശ്യപ്പെടണം.
ഈ പുതിയ നിയമം എപ്പോഴാണ് പ്രാബല്യത്തിൽ വരിക?
ഇന്ത്യയൊട്ടാകെ 2021 ജനുവരി പതിനഞ്ചാം തിയ്യതി നിർബന്ധിതമായ സ്വർണ ഹാൾമാർക്ക് പ്രക്രിയ ഔദ്യോഗികമായി നിലവിൽ വരും. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാന്റെ നിർദ്ദേശപ്രകാരം, പുതിയ ഹാൾമാർക്കിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കാനും ജ്വല്ലറികളുടെ നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കുന്നതിനും 2020 ജനുവരി 15 മുതൽ ഒരു വർഷത്തെ കാലയളവ് അനുവദിച്ചിട്ടുണ്ട് . അതിനുശേഷം, BIS-ൽ രജിസ്റ്റർ ചെയ്ത ജ്വല്ലറികൾക്ക് മാത്രമേ ഹാൾമാർക്ക് ചെയ്ത സ്വർണം വിൽക്കാൻ അനുവാദമുള്ളൂ.
ജ്വല്ലറികൾക്ക് എങ്ങനെ BIS ലൈസൻസ് നേടാനാകും?
ഹാൾമാർക്ക് ചെയ്യുന്ന കേന്ദ്രങ്ങൾ (ഔദോഗികമായി അസേയിംഗ് ആൻഡ് ഹാൾമാർക്കിംഗ് സെന്ററുകൾ അല്ലെങ്കിൽ AHC-കൾ എന്ന് വിളിക്കപ്പെടുന്നു) സ്ഥാപിക്കുന്നതിനും പരിശീലനം നൽകുന്നതിനും നിരീക്ഷിക്കുന്നതിനും ഉത്തരവാദിത്തമുള്ള സ്ഥാപനം BIS ആണ്.
BIS ലൈസൻസ് ലഭിക്കുന്നതിനായി ജ്വല്ലറി സ്ഥാപനങ്ങൾ കർശനമായ രജിസ്ട്രേഷൻ നടപടിക്രമങ്ങൾക്കും നിരന്തരമായ പരിശോധനകൾക്കും വിധേയമാകേണ്ടതുണ്ട്. രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള AHC-കൾ സ്വർണ ഹാൾമാർക്ക് പ്രക്രിയ ശരിയായി തന്നെയാണോ നടപ്പാക്കിയിട്ടുള്ളതെന്ന് പരിശോധിക്കുന്നതിനായി സ്വർണ ഭാഗങ്ങളെ ഇടവിട്ടുള്ള പരിശോധനക്ക് വിധേയമാക്കുന്നു. AHC-കളും BIS ഉദ്യോഗസ്ഥരുടെ സമയാസമയങ്ങളിലുള്ള പരിശോധനയ്ക്ക് വിധേയമാക്കപ്പെടും, ഇതിൽ യന്ത്രങ്ങൾ പരിശോധിക്കലും സാങ്കേതിക വിദഗ്ധരുടെ കഴിവുകൾ വിലയിരുത്തലും ഉൾപ്പെടുന്നു.
ഇത് വരെയുള്ള കണക്കുകൾ പ്രകാരം, സ്വർണം ഹാൾമാർക്ക് ചെയ്യുന്നതിന് 894 AHC-കൾക്കും ഹാൾമാർക്ക് ചെയ്ത സ്വർണം വിൽക്കാൻ 25,838 ജ്വല്ലറികൾക്കും BIS ലൈസൻസ് നൽകിയിട്ടുണ്ട്. ബാക്കിയുള്ള ജ്വല്ലറി സ്ഥാപനങ്ങൾ കൂടി, ഈ പുതിയ നിയമം അനുസരിച്ച് 2021 ജനുവരി മുതൽ ഹാൾമാർക്ക് ചെയ്ത സ്വർണം വിൽക്കുന്നതിനായി ലൈസൻസ് വാങ്ങേണ്ടതുണ്ട്.
ഹാൾമാർക്ക് ചെയ്യുന്നതിനാൽ സ്വർണത്തിന് വില കൂടാൻ സാധ്യതയുണ്ടോ?
തീർച്ചയായും ഇല്ല! ഹാൾമാർക്ക് ചെയ്ത ഓരോ സ്വർണ ഇനത്തിനും (2 ഗ്രാമിന് മുകളിലുള്ള) കുറഞ്ഞത് 35 രൂപയാണ് അധിക നിരക്ക്. എന്നിരുന്നാലും, നിങ്ങളുടെ സ്വർണാഭരണങ്ങൾ ഒരു AHC-യിൽ കൊണ്ട് പോയി ഹാൾമാർക്ക് ചെയ്യുന്നതിനുള്ള ചെലവ് ഈ ജ്വല്ലറി സ്ഥാപനം വഹിക്കും.
നിങ്ങൾ സ്വർണം വാങ്ങുന്നത് സൗന്ദര്യാത്മകമോ സാംസ്കാരികമോ സാമ്പത്തികമോ ആയ മൂല്യങ്ങളിൽ നിന്ന് പ്രയോജനം നേടാനാണെന്നിരിക്കട്ടെ, #മുദ്ര_എവിടെ_ആണ് എന്ന് ചോദിക്കുകയും നൽകുന്ന പണത്തിനുള്ള മൂല്യം സ്വന്തമാക്കുകയും ചെയ്യുക!