Published: 04 Oct 2018

സ്വർണ്ണ വിലയെ അമേരിക്കൻ ഡോളർ സ്വാധീനിക്കുന്നത് എങ്ങനെ?

Facts about gold - Correlation between US dollar and gold

നമുക്ക് അറിയാവുന്നതിൽ വച്ച് ഏറ്റവും പഴയ വിനിമയ മാർഗ്ഗങ്ങളിലൊന്നാണ് സ്വർണ്ണം. വിനിമയ മാർഗ്ഗമെന്ന റോൾ ഇപ്പോൾ വിവിധ കറൻസികൾ ഏറ്റെടുത്തെങ്കിലും, ആധുനിക പണത്തിനും സ്വർണ്ണത്തിനും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടില്ല.

'ഗോൾഡ് സ്റ്റാൻഡേർഡ്' ഇല്ലാതായിക്കഴിഞ്ഞതിന് ശേഷം, സ്വർണ്ണത്തിനും അന്തർദ്ദേശീയ വ്യാപാരത്തിനുമായുള്ള യഥാർത്ഥ ബെഞ്ച്മാർക്ക് പ്രൈസിംഗായി അമേരിക്കൻ ഡോളർ മാറി. അതിന്റെ ഫലമായി, സ്വർണ്ണത്തിനും അമേരിക്കൻ ഡോളറിനും തമ്മിൽ അഭേദ്യ ബന്ധമുണ്ട്. എങ്ങനെയാണ് സ്വർണ്ണ വിലയെ അമേരിക്കൻ ഡോളർ ബാധിക്കുന്നതെന്ന് നമുക്ക് സൂക്ഷ്മമായി വിശകലനം ചെയ്യാം.

സ്വർണ്ണവും ഡോളറും

വളരെയധികം വ്യാപ്തിയുള്ള ഒരു അസറ്റാണ് സ്വർണ്ണം, ലോകമെമ്പാടുമുള്ള കറൻസികളുടെ കണക്കാക്കപ്പെടുന്ന മൊത്തത്തിലുള്ള മൂല്യത്തിനോട് സ്വർണ്ണ വിലയ്ക്ക് സെൻസിറ്റീവിറ്റി ഉണ്ട്. ഭയത്തിന്റെയോ ജിയോപൊളിറ്റിക്കൽ പ്രശ്നങ്ങളുടെയോ സമയത്ത്, സ്വർണ്ണ വില ഉയരാൻ സാധ്യതയുണ്ട്. ജൂലൈ മാസത്തിൽ അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയിൽ വ്യാപാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടലെടുത്തപ്പോൾ സ്വർണ്ണ വില ഉയരുന്ന പ്രവണത കാണിച്ചു. എന്നിരുന്നാലും, ജിയോപോളിറ്റിക്കൽ പ്രശ്ണങ്ങൾ ഉണ്ടായിട്ടും, ആഗസ്റ്റ് മാസത്തിൽ 20 മാസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വർണ്ണം കൂപ്പുകുത്തി. ഇതിന്റെ പ്രധാന കാരണം യുഎസ് ഡോളർ കരുത്താർജ്ജിച്ചതാണ്. എന്നാൽ, ഡോളർ കരുത്താർജ്ജിക്കുന്നതിനാലോ അമേരിക്കൻ സമ്പദ്വ്യവസ്ഥ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതിനാലോ സ്വർണ്ണത്തിന്റെ വില താഴ്ന്ന ആദ്യ സംഭവമല്ല ഇത്.

ഡോളറിനും സ്വർണ്ണത്തിനും ഇടയിലുള്ള മൂല്യ ബന്ധം വളരെ പ്രധാനപ്പെട്ടതാണ്, എന്നാൽ സ്വർണ്ണ വിലയെ സ്വാധീനിക്കുന്ന ഏക ഘടകം ഡോളർ മാത്രമല്ല. സ്വർണ്ണം വെറുതെ കയ്യിൽ വച്ചാൽ നിങ്ങൾക്ക് പലിശ ലഭിക്കുകയില്ല. അതിനാൽ നിക്ഷേപവുമായി ബന്ധപ്പെട്ട പലിശ തരുന്ന മറ്റ് അസറ്റുകളുമായി സ്വർണ്ണം മത്സരിക്കുന്നു. പലിശ നിരക്ക് കൂടുമ്പോൾ, സ്വർണ്ണത്തിന്റെ വില കുറയാനാണ് സാധ്യത. കാരണം ഈ സമയത്ത്, പലിശ നിരക്ക് കൂടുന്നതിന്റെ ഭാഗമായി കൂടുതൽ ആദായം തരുന്ന മറ്റ് അസറ്റുകൾക്കായുള്ള ഡിമാൻഡ് ഉയരുന്നു.

അപ്പോൾ സ്വർണ്ണത്തെ എങ്ങനെയാണ് അമേരിക്കൻ ഡോളർ സ്വാധീനിക്കുന്നത്?

അതുകൊണ്ട്, സ്വർണ്ണ വിലയെ ഡോളർ എങ്ങനെയാണ് ബാധിക്കുന്നതെന്ന് നമുക്ക് കൂടുതൽ സൂക്ഷ്മമായി മനസ്സിലാക്കാം. പ്രധാന സ്വർണ്ണ ഉൽപ്പാദന രാജ്യമല്ല അമേരിക്കയെങ്കിലും, ലോകത്തിലെ മൊത്തം സ്വർണ്ണത്തിൽ വലിയൊരു പങ്കും അമേരിക്കയുടെ ഔദ്യോഗിക കരുതൽ ശേഖരത്തിലാണുള്ളത്. ഭൂരിഭാഗം സ്റ്റോക്കും ഇറക്കുമതി ചെയ്തുകൊണ്ടാണ് അമേരിക്ക ഈ കരുതൽ ശേഖരം നിലനിർത്തുന്നത്.

ഡോളർ ദുർബലമാകുമ്പോൾ, സ്വർണ്ണത്തിന്റെ ഇറക്കുമതിക്ക് ചെലവേറുന്നു. ഈ അവസ്ഥയിൽ സ്വർണ്ണവും സേവനങ്ങളും ഇറക്കുമതി ചെയ്യുന്നതിന് കമ്പനികൾ കൂടുതൽ ഡോളറുകൾ നൽകേണ്ടി വരുന്നു. ബുള്ളിയൻ ഡീലർമാരും - സർക്കാരും - സ്വർണ്ണത്തിനായി കൂടുതൽ കറൻസി നലേണ്ടി വരുന്നു. ഇത്, സ്വർണ്ണ വിലയിൽ വർദ്ധനവ് ഉണ്ടാക്കുന്നു. ചുരുക്കി പറയുകയാണെങ്കിൽ, സ്വർണ്ണ വിലയിൽ വീഴ്ച ഉണ്ടാവുക എന്നതിനർത്ഥം ഡോളർ ശക്തിപ്പെടുകയാണ് എന്നാണ്.

ദുർബലമായ ഡോളർ, യുഎസ് കടത്തിന്റെ വിദേശ ഉടമകളെയും ബാധിക്കുന്നു. യുഎസ് ട്രഷറിയിലും സമ്പദ്വ്യവസ്ഥയിലും മറ്റ് രാജ്യങ്ങൾക്കും കമ്പനികൾക്കുമുള്ള വിശ്വാസത്തെ ഇത് കുറയ്ക്കുന്നു. യുഎസ് സമ്പദ്വ്യവസ്ഥയിൽ വിശ്വാസം കുറയുന്നത് സ്വർണ്ണത്തിന്റെ വില കൂടാൻ കാരണമാകുന്നു.

അതുപോലെ തന്നെ, യുഎസ് ഡോളറിന്റെ മൂല്യത്തകർച്ച, പണപ്പെരുപ്പത്തിന്റെ ലക്ഷണം ആകാനുള്ള സാധ്യതയുമുണ്ട്. കടലാസ് കറൻസികൾക്ക് ഭീഷണി ഉള്ളപ്പോൾ ആളുകൾ സ്വർണ്ണത്തെയാണ് സുരക്ഷിത നിക്ഷേപമായി പരിഗണിക്കുക. പണപ്പെരുപ്പം വർദ്ധിക്കുന്നത് സ്വർണ്ണ വില ഉയരുന്നതിന് കാരണമാകും. സമ്പദ്വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുമ്പോഴാണ് ഈ സാഹചര്യം ഉടലെടുക്കുക. 2008-ൽ ഇത്തരമൊരു സാഹചര്യം ഉരുത്തിരിയുകയുണ്ടായി. ഈ സമയത്ത്, റിയൽ എസ്റ്റേറ്റ് മേഖല തകർന്നടിഞ്ഞു, നിക്ഷേപകർ ഇക്വിറ്റികൾ വിറ്റൊഴിഞ്ഞു. സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽ സ്വർണ്ണം വളർന്നു. ഈ പ്രതിസന്ധിയിൽ നേട്ടമുണ്ടാക്കിയത് സ്വർണ്ണമാണ്. ഒരു ഔൺസ് സ്വർൺനത്തിന് 1,900 ഡോളറെന്ന അത്ഭുത വിലയിൽ സ്വർണ്ണമെത്തി.

സ്വർണ്ണവും രൂപാ-ഡോളർ സമവാക്യവും

ഇന്ത്യൻ ഉപഭോക്താക്കൾ സ്വർണ്ണത്തെ നിക്ഷേപ അസറ്റും അലങ്കാരവുമായി കാണുന്നു. ഇന്ത്യൻ ജനസംഖ്യയുടെ നാലിൽ മൂന്ന് ഭാഗം പേരും സ്വർണ്ണം വാങ്ങുന്നത് സുരക്ഷിതമായ നിക്ഷേപമായി കാണുന്നു, ബാക്കിയുള്ളവരാകട്ടെ, തങ്ങൾ സ്വർണ്ണം വാങ്ങുന്നത് പ്രാഥമികമായും ആഭരണമായി ഉപയോഗിക്കാനാണെന്ന് ചൂണ്ടിക്കാട്ടുന്നു.

രൂപയും ഡോളറും തമ്മിലുള്ള ബന്ധം, ഇന്ത്യയിൽ സ്വർണ്ണ വിലയിൽ പ്രധാനപ്പെട്ടൊരു പങ്ക് വഹിക്കുന്നുണ്ട്, എന്നിരുന്നാലും സ്വർണ്ണത്തിന്റെ ആഗോള വിലയിൽ ഇത് പ്രഭാവമൊന്നും ഉണ്ടാക്കുന്നില്ല. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന സ്വർണ്ണത്തിനേക്കാൾ എത്രയോ അധികം മടങ്ങാണ് രാജ്യത്ത സ്വർണ്ണ ഡിമാൻഡ്. ഇന്ത്യയുടെ വാർഷിക സ്വർണ്ണ ഡിമാൻഡ് നിറവേറ്റപ്പെടുന്നത് ഇറക്കുമതിയിലൂടെയാണ്. ഡോളറിനെതിരെ രൂപ ദുർബലമാകുന്ന സാഹചര്യത്തിൽ, ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിന് ഇന്ത്യ കൂടുതൽ രൂപാ നൽകേണ്ടി വരുന്നു.

ചുരുക്കി പറയുകയാണെങ്കിൽ, ഡോളറിന്റെ മൂല്യത്തിൽ ഉണ്ടാവുന്ന കയറ്റവും ഇറക്കവും, ആഗോള സ്വർണ്ണ വിലയെ വിപരീത ദിശയിൽ സ്വാധീനിക്കുന്നു. സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത് യുഎസ് ഡോളറിന്റെ മൂല്യം മാത്രമല്ലെങ്കിലും, യുഎസ് ഡോളർ മോശം പ്രകടനം നടത്തുന്ന പണപ്പെരുപ്പ സമയത്ത്, നിക്ഷേപകർ ഒരു സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നത് സ്വർണ്ണത്തെയാണെന്ന് ചരിത്രം പറയുന്നു.

ഉറവിടങ്ങൾ