Published: 18 May 2018
ഗുജറാത്തി ആഘോഷങ്ങളിൽ സ്വർണ്ണത്തിന്റെ പ്രാധാന്യം
നിങ്ങൾക്കറിയുമോ ഗുജറാത്തികളുടെ പേരിടൽ ചടങ്ങായ ‘ഛാത്തി’യ്ക്ക് ബന്ധുക്കൾ നവമാതാപിതാക്കളെയും കുഞ്ഞിനെയും സ്വർണ്ണംകൊണ്ട് പൊതിയുമെന്ന്? ആഭരണങ്ങൾ, നാണയങ്ങൾ, വിഗ്രഹങ്ങൾ മുതലായ സ്വർണ്ണകൊണ്ടുള്ള സർവ്വവിധ വസ്തുക്കളും അതിലുണ്ടാവും.
ഗുജറാത്തികൾക്ക് സ്വർണ്ണത്തിന് വലിയ പ്രാധാന്യമുള്ള ഒട്ടേറെ വിശേഷാവസരങ്ങളിലൊന്നാണ് ഒരു കുഞ്ഞിന്റെ ജനനം. വിവാഹങ്ങളെക്കുറിച്ച് പറയുകയും വേണ്ട. പൊന്നിൻത്തിളക്കമില്ലാത്ത ഗുജറാത്തി കല്ല്യാണങ്ങൾ ഭാവനചെയ്യാൻ പോലും കഴിയില്ല.
ഗുജറാത്തി വിവാഹങ്ങളുടെ അവിഭാജ്യഘടകമാണ് സ്വർണ്ണം. അത് ധരിക്കുന്നവർക്ക് സ്വാഭാവിക ശോഭ നൽകുന്നു. ഒരു സാമ്പ്രദായിക ഗുജറാത്തി മണവാട്ടി തലമുതൽ കാൽവിരൽവരെ ശരാശരി 180 ഗ്രാം സ്വർണ്ണാഭരണങ്ങളാൽ വിഭൂഷിതയാകുന്നു. ഗുജറാത്തി വിവാഹങ്ങളിൽ സാധാരണയായി കാണുന്ന സ്വർണ്ണത്തിന്റെ ചില വകഭേദങ്ങൾ ഇതാ:
-
പനേദർ സാരികൾ:
ചുകന്ന അരികുകളിൽ നേർത്ത സ്വർണ്ണനൂലുകളാൽ അത്യാകർഷകമായ ചിത്രവേലകൾ ചെയ്ത തൂവെള്ള സാരിയാണ് പനേദർ ശൈലിയുടെ പ്രത്യേകത. സ്വർണ്ണനൂലുകൾകൊണ്ടുള്ള ഈ ചിത്രത്തുന്നൽ സാരിയ്ക്ക് ഒരു ഉല്ലാസഭാവം നൽകുന്നു. സാധാരണയായി ഈ സാരികൾ വധുവിന് ലഭിക്കുന്നത് അവളുടെ അമ്മാവന്റെ സമ്മാനമായിട്ടായിരിക്കും. പട്ടിൽ നെയ്ത ഈ സാരികൾ ഛനിയ ഛോലി ശൈലിയോട് വളരെ സാമ്യമുള്ളവയാണ്.
-
ഗർഛോല സാരികൾ:
കടപ്പാട്: ഉത്സവ് ഫാഷൻ
ഭർതൃവീട്ടുകാരിൽ നിന്ന് ഒരു ഗർഛോല സാരി വധുവിന് ലഭിക്കുക എന്നുള്ളത് ഒരു ഗുജറാത്തി ആചാരമാണ്. സ്വർണ്ണനൂലുകൾകൊണ്ടുള്ള ചിത്രവേലകൾ ഈ സാരികളിൾ സർവ്വസാധാരണമാണ്. ആദ്യം സ്വർണ്ണനൂലുകൾ തുന്നിച്ചേർത്ത് പിന്നീട് ബന്ധനി വേലയുമായി സംയോജിപ്പിക്കുന്ന രീതിയാണ് അവലംബിക്കുന്നത്. സ്വർണ്ണനൂലുകളുടെ അലങ്കാരമാതൃക താഴെ കാണിച്ചിരിക്കുന്നതു പോലെ 9, 12 അഥവാ 52 സെറ്റുകളിലായി ഒരു പ്രത്യേക അനുപാതത്തിലായിരിക്കും:
മുൻകാലങ്ങളിൽ യഥാർത്ഥ സ്വർണ്ണനൂലുകൾ മാത്രമേ അരികുകളിലെ ചിത്രവേലകൾക്കായി ഉപയോഗിച്ചിരുന്നുള്ളു. എന്നിരുന്നാലും ഇന്നും ഒരു ഗർഛോല സാരിയുടുത്താൽ ഗുജറാത്തി സൗന്ദര്യം വഴിഞ്ഞൊഴുകും!
സ്വർണ്ണ ആക്സസ്സറികൾ:
ഗുജറാത്തികൾ അഭിമാനത്തോടെ വിവാഹം പോലുള്ള വിശേഷാവസരങ്ങളിൽ ധരിക്കുന്ന അവരുടേതു മാത്രമായ ചില സ്വർണ്ണ ആക്സസ്സറികൾ ഉണ്ട്. അടുത്ത തവണ ഗുജറാത്തിൽ പോകുമ്പോൾ, ഇവയെ നിങ്ങളുടെ ആഭരണച്ചെപ്പിലെ നിധികളാക്കാൻ മറക്കേണ്ട.
-
ഷിങ്ക തലയിൽ ചൂടുന്ന ഒരു വിശിഷ്ട ഗുജറാത്തി പരമ്പരാഗത ആഭരണമാണ്. മാംഗ് ടിക്കയോട് സാമ്യമുള്ള ഷിങ്കയിൽ അനേകം സ്വർണ്ണ മാലകളുണ്ടാവും. ചില ഡിസൈനുകളിൽ ഈ ആഭരണത്തിന് ധരിക്കുന്നയാളുടെ നെറ്റിമുഴുവൻ തൂങ്ങിക്കിടക്കുന്ന ചെറിയ സ്വർണ്ണ ജിമിക്കികളുമുണ്ടാവും.
-
ചന്ദൻ ഹാർ വസ്ത്രത്തിനു മേലെ എടുത്തുനിൽക്കുന്ന വലിയ സ്വർണ്ണ നെക്ലസ് സെറ്റാണ്. വലിയ കർണ്ണാഭരണങ്ങൾക്ക് ചേരുന്നവയാണ് ഇവ.
-
പോച്ചയാണ് മറ്റൊരു ജനപ്രിയ ഡിസൈൻ. ഒരറ്റം തൂങ്ങിക്കിടന്ന് ധരിക്കുന്നയാളുടെ തൊലിയിൽ ഉരസുന്ന ഒരുതരം ആഭരണമാണിത്. താഴെയുള്ള മാതൃകൾ കാണുക.
-
ഗുജറാത്തി വസ്ത്രരീതികൾക്ക് അനുയോജ്യമായ അതുല്യവും രാജകീയവുമായ ഡിസൈനുകളാണ് ഗുജറാത്തി ആഭരണങ്ങൾക്കുള്ളത്. ഒരോ വിരലിലും മോതിരമായി മാറുന്ന അഞ്ച് സ്വർണ്ണമാലകൾ ചേർന്ന ഒരു സ്വർണ്ണവളയാണ് പോഞ്ചോ.
-
ഗുജറാത്തി ആഘോഷവേളകളെ അലങ്കരിക്കുന്ന മറ്റൊരു മോഹനമായ ആഭരണമാണ് നാത്ത്നി അഥവാ മൂക്കുത്തി.
ഗുജറാത്തിലാകുമ്പോൾ ഗുജറാത്തികൾ ചെയ്യുന്നതുപോലെ ചെയ്യുക. മേൽ വിവരിച്ച സ്വർണ്ണാഭരണങ്ങൾകൊണ്ട് അടിമുടി പൊതിഞ്ഞ് അവ നൽകുന്ന അതുല്യമായ അഴകിൽ ആറാടുക.