Published: 15 May 2018
അമേരിക്കയിലെ ഹാൾമാർക്ക് സ്വർണ്ണത്തെ അറിയുക
ഒരു ഹാൾമാർക്ക് സൂചിപ്പിക്കുന്നത് ആഭരണത്തിലടങ്ങിയിരിക്കുന്ന സ്വർണ്ണം മൂല്യനിർണ്ണയം ചെയ്യപ്പെട്ടതാണെന്നും അത് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതുമാണെന്നാണ്. എന്നാൽ, സ്വർണ്ണം ഹാൾമാർക്ക് ചെയ്യുന്നതിന് ഒരോ രാജ്യത്തിനും അതിന്റേതായ രീതിയുണ്ടെന്ന് നിങ്ങൾക്കറിയുമോ?
വിദേശത്ത് നിന്ന് സ്വർണ്ണം വാങ്ങുമ്പോൾ നിങ്ങൾ കൊടുക്കുന്ന വിലയ്ക്കുള്ളതുതന്നെയാണ് നിങ്ങൾക്ക് ലഭിക്കുന്നതെന്ന് ഉറപ്പുവരുത്താനായി ഹാൾമാർക്കുകളെ തിരിച്ചറിയേണ്ടതെങ്ങനെയെന്ന് അറിഞ്ഞിരിക്കണം. ആമേരിക്കൻ ഐക്യനാടുകളിലെ സ്വർണ്ണ ഹാൾമാർക്കുകളെക്കുറിച്ചറിയാൻ ഇതാ ഒരു വഴികാട്ടി.
അമേരിക്കയിൽ ഒരാഭരണത്തിന്റെ കാരറ്റ് കണക്ക് അതിനടുത്തുള്ള അടയാള ചിഹ്നങ്ങളിൽ നിന്നോ വാക്കുകളിൽ നിന്നോ തിരിച്ചറിയാവുന്നതാണ്. അത് ആഭരണത്തിൽ മുദ്രണം ചെയ്തിരിക്കണമെന്നില്ല.
എന്നാൽ, മുദ്രണം ചെയ്തിട്ടുണ്ടെങ്കിൽ അതിനടുത്തുതന്നെ അതിന്റെ പ്രഭവസ്ഥാനം തിരിച്ചറിയാൻ സഹായിക്കുന്ന ഒരു ട്രേഡ്മാർക്ക് സ്റ്റാമ്പ് കൂടി ഉണ്ടായിരിക്കണം. അമേരിക്കയിൽ കാരറ്റു കണക്കിനു പകരം പലപ്പോഴും പരിശുദ്ധി സൂചിപ്പിക്കാനായി ഓരോ ആയിരം ഭാഗങ്ങളിലുള്ള ശുദ്ധ സ്വർണ്ണത്തെയാണ് പരിഗണിക്കുന്നത്.
ഒരമേരിക്കൻ ഹാൾമാർക്ക് എങ്ങനെയിരിക്കും?
അമേരിക്കയിൽ സ്വർണ്ണാഭരണങ്ങൾക്ക് ഏകീകൃതമായ ഒരൗദ്യോഗിക ഹാൾമാർക്കിങ്ങ് സമ്പ്രദായമില്ല. പല നാടുകളിലും നഗരങ്ങളിലുമുള്ള സ്വതന്ത്ര പരിശോധനാ ഏജൻസികളാണ് ഇത് ചെയ്യുന്നത്.
ജ്വല്ലേഴ്സ് ഓഫ് അമേരിക്ക അങ്ങനെയൊരു ഏജൻസിയാണ്. അതിലെ അംഗങ്ങളുടെ സ്ഥാപനങ്ങളുടെ കവാടത്തിന് മുകളിൽ “J” എന്ന അക്ഷരം മുദ്രണം ചെയ്തിരിക്കും. അത് അവിടെ വിൽക്കുന്ന സ്വർണ്ണത്തിന്റെ ഗുണമേന്മയേയും അസോസിയേഷന്റെ കോഡ് ഓഫ് എത്തിക്സ് പാലിക്കാനുള്ള ബാദ്ധ്യതയെയും സൂചിപ്പിക്കുന്നു.
ജ്വല്ലറി വ്യവസായത്തിനായുള്ള എഫ്.ടി.സി. (ഫെഡറൽ ട്രേഡ് കമ്മീഷൻ) മാർഗ്ഗനിർദ്ദേശങ്ങൾ താഴെ പറയുന്ന അടയാളമുദ്രകൾ ലഭ്യമാക്കുന്നു:
- ഗുണമേന്മയുടെ കാരറ്റ് മാർക്ക് സ്വർണ്ണത്തിന്റെ പരിശുദ്ധിയെ സൂചിപ്പിക്കുന്നു
- 10k – പത്ത് കാരറ്റ് സ്വർണ്ണമാണ് അമേരിക്കയിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ കാരറ്റ്. അതിൽ മറ്റ് ലോഹങ്ങൾക്കൊപ്പം 41.7% സ്വർണ്ണം അടങ്ങിയിരിക്കുന്നു.
- 14k – പതിനാല് കാരറ്റാണ് സ്വർണ്ണാഭരണങ്ങൾക്കായി ഉപയോഗിക്കുന്ന ഏറ്റവും ജനിപ്രീതിയേറിയ പരിശുദ്ധികളിലൊന്ന്. ഇതിൽ 58.5% സ്വർണ്ണമടങ്ങിയിരിക്കുന്നു.
- 18k – പതിനെട്ട് കാരറ്റിൽ 75% സ്വർണ്ണമടങ്ങിയിരിക്കുന്നു.
- 24k – 24 കാരറ്റാണ് ഏറ്റവും പരിശുന്ധമായത്. ഇതിൽ 99.9% സ്വർണ്ണമുണ്ട്.
- ഗുണമേന്മ സൂചിപ്പിക്കുന്ന കാരറ്റ് മാർക്കിനടുത്ത് ജ്വല്ലറി ഉടമയുടെയോ അല്ലെങ്കിൽ ഉത്തരവാദപ്പെട്ട കമ്പനിയുടെയോ അമേരിക്കയിൽ രജിസ്റ്റർ ചെയ്ത ട്രേഡ്മാർക്ക് മുദ്ര ഉണ്ടായിരിക്കണം.
ബന്ധപ്പെട്ട ലേഖനം: സ്വർണ്ണം വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട അടിസ്ഥാന പദാവലികൾ
അമേരിക്കയിൽ നിന്ന് വാങ്ങിയ സ്വർണ്ണം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പദ്ധതിയുണ്ടെങ്കിൽ അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങളും നിബന്ധനകളും വായിക്കുക: സ്വർണ്ണവുമായി സഞ്ചരിക്കുമ്പോൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടവ.