Published: 01 Sep 2017
വിജയനഗര സാമ്രാജ്യത്തിന്റെ നഷ്ടപ്പെട്ട നിധി
ജനുവരി 26, 1565-ന് ഹിന്ദു സാമ്രാജ്യമായ വിജയനഗരത്തെ അഹമ്മദ്നഗർ, ബെരാർ, ദീഡർ, ബീജാപ്പൂർ, ഗോൽക്കൊണ്ട എന്നിവിടങ്ങളിലെ ഇസ്ലാമിക് ഡെക്കാൻ സുത്താനേറ്റുകൾ (വടക്കൻ കർണാടകയിലെ ബീജാപ്പൂരിൽ നിന്ന് ഏതാണ്ട് 60 കിലീമീറ്റർ അകലെ) ആക്രമിച്ചു. തളിക്കോട്ടയിലെ യുദ്ധക്കളത്തിൽ വച്ചാണ് ബല പരീക്ഷണം നടന്നത്. ഈ യുദ്ധത്തിൽ വിജയനഗര രാജാവായ രാമരായന് ജീവൻ നഷ്ടപ്പെട്ടു. വിജയനഗര സൈന്യം ഛിന്നഭിന്നമായി.
എന്നാൽ ഈ യുദ്ധത്തിന് ശേഷം എന്ത് സംഭവിച്ചു? 300 വർഷത്തോളം ഭരിച്ച വിജയനഗര സാമ്രാജ്യം സംഭരിച്ച വിധികളൊക്കെ എവിടെപ്പോയി? ഹമ്പിയിലെ നഗരവീഥികളിൽ വരെ സ്വർണ്ണം വിറ്റിരുന്നു എന്നാണ് വിജയനഗര സാമ്രാജ്യം സന്ദർശിച്ചവർ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സ്വർണ്ണമൊക്കെ എവിടെപ്പോയി? ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിൽ ഒന്നായിരുന്ന വിജയനഗര സാമ്രാജ്യ തലസ്ഥാനത്തിലെ സമ്പത്തിന് എന്ത് സംഭവിച്ചു?
യുദ്ധം നടക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന ഒരു പേർഷ്യൻ സഞ്ചാരിയായ റഫീയുദ്ധീൻ ഷിരാസി എഴുതിയ 'തസ്കിരാതുൾ മുലുക്' എന്ന പുസ്തകത്തിൽ ഈ യുദ്ധത്തെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. യുദ്ധം കഴിഞ്ഞതിന് ശേഷം 20 ദിവസത്തെ സമയമെടുത്താണ് സുത്താനേറ്റിന്റെ സൈന്യം വിജയനഗരത്തിൽ പ്രവേശിച്ചതെന്ന് ഈ പുസ്തകത്തിൽ പറയുന്നുണ്ട്. പോർച്ചുഗീസ് ചരിത്രകാരനായ ഡിയോഗോ ഡോ കൗട്ടോയും ഈ യുദ്ധ സമയത്തിന് സാക്ഷ്യം വഹിച്ചിരുന്നു. വിജയത്തിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞാണ് മുസ്ലീം സൈന്യം വിജയനഗരത്തിൽ പ്രവേശിച്ചതെന്ന് അദ്ദേഹം എഴുതുന്നു. ഗോൽക്കൊണ്ടയിൽ നിന്നുള്ള മറ്റൊരു ചരിത്രകാരനായ ഫെരിഷ്ട രേഖപ്പെടുത്തുന്നത് 10 ദിവസം എടുത്താണ് സൈന്യം ഹമ്പിയിൽ എത്തിയതെന്നാണ്.
ഹമ്പിയിലേക്ക് മുസ്ലീം സൈന്യം എത്താൻ എടുത്തത് 3 ദിവസമോ 10 ദിവസമോ 20 ദിവസമോ ആകട്ടെ, വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ പാർത്തിരുന്നവർക്ക് അത്യാവശ്യം ഒരുക്കങ്ങൾ നടത്തുന്നതിനുള്ള സമയം ലഭിച്ചിരുന്നു എന്നാണ് ഇതിൽ നിന്ന് നാം അനുമാനിക്കേണ്ടത്.
യുദ്ധത്തിൽ ജീവൻ വെടിയേണ്ടി വന്ന രാജാവിന്റെ അനുജനായ തിരുമല രായനാണ് യുദ്ധക്കളത്തിൽ നിന്ന് ആദ്യം ഹമ്പിയിൽ എത്തിയത്. തന്റെ ബന്ധുക്കളെയും അവിടെ ബാക്കിയുണ്ടായിരുന്ന പൗരന്മാരെയും കൊണ്ട് തിരുമല രായൻ പോയി. അവർ പോകുമ്പോൾ കൂടെ 550 ആനകളും എണ്ണിയാലൊടുങ്ങാത്ത കുതിരകളും കാളവണ്ടികളും ഉണ്ടായിരുന്നുവെന്ന് ഐതിഹ്യം പറയുന്നു. രാജാവിന്റെ സ്വർണ്ണക്കസേര തൊട്ട് തലസ്ഥാന നഗരിയിൽ ഉണ്ടായിരുന്ന വിലപിടിപ്പുള്ള എല്ലാം തിരുമല രായനും കൂട്ടരും കൊണ്ടുപോയി. തെക്കൻ കർണാടകത്തിലെ പെനുൻകൊണ്ട എന്ന കോട്ടയിലേക്കാണ് അവർ പോയത്.
ഏകദേശം 1 ലക്ഷം കോടിയുടെ വില വരുന്ന നിധിയാണ് തിരുമല രായൻ കൊണ്ടുപോയത്. പതിനാറാം നൂറ്റാണ്ടിൽ പണിപഴിപ്പിച്ച ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് 2011-ൽ കണ്ടെത്തിയ നിധിക്ക് തുല്യമായ നിധിയാണ് തിരുമല രായൻ കൊണ്ടുപോയതെന്ന് സാരം. നൂറ്റാണ്ടുകളായി വിജയനഗര സാമ്രാജ്യം സ്വരുക്കൂട്ടി വച്ചിരുന്ന സ്വത്തായിരുന്നു ഇത്. വിഷ്ണുവിന്റെ, വിലപിടിപ്പുള്ള രത്നങ്ങളാൽ കവചിതമായ 3.5 അടി നീളമുള്ള സ്വർണ്ണ പ്രതിമ, നൂറുകണക്കിന് വിലപിടിപ്പുള്ള കല്ലുകൾ പതിച്ച, ശുദ്ധ സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയ സിംഹാസനം, 18 അടി നീളമുള്ള സ്വർണ്ണ മാല, 500 കിലോഗ്രാം സ്വർണ്ണം കൊണ്ടുള്ള ഒരു കറ്റ, 36 കിലോഗ്രാം സ്വർണ്ണത്തിൽ ഉണ്ടാക്കിയ ഒരു തിരശ്ശീല, സ്വർണ്ണാഭരണങ്ങളും രത്നങ്ങളും മുത്തുകളും പവിഴവും മരതകവും മറ്റും അടങ്ങിയ നൂറുകണക്കിന് ചാക്കുകൾ, റോമൻ സാമ്രാജ്യത്തിൽ നിന്നുള്ള ആയിരക്കണക്കിന് സ്വർണ്ണ നാണയങ്ങൾ, വിജയനഗര സാമ്രാജ്യത്തിന്റെ തന്നെ സ്വർണ്ണ നാണയങ്ങൾ എന്നിവയെല്ലാം ഇങ്ങനെ തിരുമല രായൻ കൊണ്ടുപോയി.
മുഗൾ രാജവംശവും പിന്നാലെ മറാത്താ രാജവംശവും നടത്തിയ ആക്രമമണങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ ഈ നിധിയെല്ലാം, അധികമാർക്കും ചെന്നെത്താൻ കഴിയാത്ത ശ്രീ പത്മനാഭസ്വാമിയുടെ സുരക്ഷിത സംരക്ഷണത്തിലേക്ക് വിജയനഗര സാമ്രാജ്യം മാറ്റുകയാണുണ്ടായതെന്ന് പല നാടോടിക്കഥകളും സൂചിപ്പിക്കുന്നുണ്ട്.