Published: 20 Feb 2018
സ്വർണ്ണം കൊണ്ട് നിർമ്മിച്ച ഷർട്ടുകൾ
ഇന്ത്യൻ ടെക്സ്റ്റൈൽ വിപണിയെ കൊടുങ്കാറ്റ് പോലെയാണ് സ്വർണ്ണം കൊണ്ട് നിർമ്മിച്ച ഷർട്ടുകൾ പിടിച്ച് കുലുക്കിയത്. വലിയ വിലയിലും ആജീവനാന്ത വാറന്റിയോടും കൂടിയാണ് ഈ ഷർട്ടുകൾ നിർമ്മിക്കപ്പെട്ടത്.
സ്വർണ്ണം കൊണ്ടുള്ള ബ്രോക്കേഡോ സർദോസിയോ സ്വർണ്ണ ഫാബ്രിക്കോ കൊണ്ടുള്ള വസ്ത്രങ്ങളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകാം. എന്നാൽ മുഴുവൻ സ്വർണ്ണം കൊണ്ടുള്ള ഷർട്ടുകളെ കുറിച്ച് കേട്ടിട്ടുണ്ടോ?
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പൂർണ്ണമായി സ്വർണ്ണം കൊണ്ടുള്ള വസ്ത്രം ധരിച്ചിരുന്നത് രണ്ട് പേരാണ്. രണ്ടുപേരും മഹാരാഷ്ട്രയിൽ നിന്നുള്ളവർ.
ഇന്ത്യൻ ബിസിനസ്സുകാരനായ ദത്താത്രേയ് ഫൂഗെയാണ് ഒരാൾ. പതിനഞ്ച് സ്വർണ്ണപ്പണിക്കാരാണ് ഫൂഗെയ്ക്ക് വേണ്ടി സ്വർണ്ണം കൊണ്ടുള്ള ഷർട്ട് നിർമ്മിച്ചത്. 2016-ൽ ഇദ്ദേഹം കൊല്ലപ്പെട്ടു. എന്നാൽ സ്വർണ്ണം കൊണ്ടുള്ള ഷർട്ട് നഷ്ടപ്പെട്ടില്ല. കാരണം ഒരു ജ്വല്ലറി സ്ഥാപനത്തിന്റെ സുരക്ഷയിലായിരുന്നു ഈ ഷർട്ട്.
മുമ്പ് ബിസിനസ്സുകാരനായിരുന്ന, പിന്നീട് രാഷ്ട്രീയക്കാരനായി മാറിയ പങ്കജ് പരാഖാണ് അടുത്തയാൾ. ഗിന്നസ് ബുക്കിലും (2014-ലെ റെക്കോർഡ്) ഇദ്ദേഹത്തിന്റെ പേര് വന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്ത്രത്തിന്റെ ഉടമയെന്ന റെക്കോർഡാണ് പരാഖ് സ്വന്തമാക്കിയത്. പൂർണ്ണമായി സ്വർണ്ണം കൊണ്ട് 2014-ൽ നിർമ്മിച്ച ആ ഷർട്ടിന് 98, 35,099 രൂപ വിലയുണ്ടായിരുന്നു. ഇന്നതിന് ഒരുകോടിയിലധികം വിലയുണ്ടാകും.
14,000 സ്വർണ്ണപൂക്കളും 100,000 സ്വർണ്ണ തകിടുകളും ഉപയോഗിച്ചാണ് ഫൂഗെയുടെ ഷർട്ട് നിർമ്മിച്ചിരുന്നത്. സ്വർവോസ്കി ബട്ടണുകളാണ് ഷർട്ടിൽ ഉണ്ടായിരുന്നത്. സ്വർണ്ണ ഷർട്ടിട്ടും ചുരുങ്ങിയത് 10 കനത്ത മാലകളിട്ടും അര ഡസനോളം ബ്രേസ്ലെറ്റുകൾ അണിഞ്ഞും, ഓരോ വിരലിലും ചുരുങ്ങിയത് രണ്ട് മോതിരങ്ങൾ അണിഞ്ഞുമാണ് കക്ഷി ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നത്.
പരാഖിന്റെ ഷർട്ടിന് നാല് കിലോയ്ക്ക് മുകളിൽ ഭാരമുണ്ടായിരുന്നു. ഇന്നതിന് 1 കോടി 30 ലക്ഷം രൂപ വിലമതിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഫൂഗെയെ പോലെ തന്നെയായിരുന്നു പരാഖിന്റെയും പ്രകൃതം. നിരവധി സ്വർണ്ണ മാലകളണിഞ്ഞും വലിയ മോതിരങ്ങൾ അണിഞ്ഞും അദ്ദേഹം കാണപ്പെട്ടു. കൂടാതെ സ്വർണ്ണം കൊണ്ടുള്ള മൊബൈൽ കവറും സ്വർണ്ണ ഫ്രെയിം ഉള്ള കണ്ണടകളും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു.
ഇരുപത് പേരടങ്ങുന്ന സ്വർണ്ണപ്പണിക്കാരാണ് പാരാഖിന് വേണ്ടി ഷർട്ട് നിർമ്മിച്ചത്. 3200 മണിക്കൂറുകൾ അതിനെടുത്തു. പാരാഖിന്റെ ഷർട്ട് കഴുകാനാകും (കൈകൾ കൊണ്ട് കഴുകണം). അഴയിൽ ഇട്ട് ഉണക്കുകയും ചെയ്യാം. ഷർട്ട് കീറുകയ്യോ നാശാവുകയോ ചെയ്താൽ നന്നാക്കിയെടുക്കാനും കഴിയും.
പാരാഖിന്റെ കുടുംബാംഗങ്ങൾക്ക് സ്വർണ്ണത്തിനോട് ഭ്രമമൊന്നുമില്ല. എന്നാൽ പരാഖിന്റെ ശീലങ്ങൾ അവർ അംഗീകരിച്ചിരിക്കുന്നു. ഫൂഗെ ആയാലും പാരാഖ് ആയാലും പൊതുജനമധ്യത്തിലേക്ക് ഇറങ്ങണമെങ്കിൽ സായുധരായ അംഗരക്ഷകർ വേണമായിരുന്നു.