Published: 20 Feb 2018
സുവർണ്ണപ്പക്ഷി കൂടുതൽ ഉയരത്തിൽ പറക്കും
കോഹിനൂർ പോലുള്ള ഉത്കൃഷ്ടമയ രത്നം മുതൽ കാമസൂത്ര പോലുള്ള പുരോഗമന രചന വരെ; വികസിതമായ കാർഷിക സമ്പ്രദായങ്ങൾ മുതൽ ഉജ്ജ്വലമായ പ്രകൃതിദശ്യം വരെ; പതിനേഴാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് എല്ലാമുണ്ടായിരുന്നു. അക്കാലത്തെ ഏറ്റവും സമ്പന്നരാജ്യങ്ങളിലൊന്നായ ഇന്ത്യയെ സുവർണ്ണപ്പക്ഷി എന്ന് വിളിച്ചിരുന്നത് വെറുതെയല്ല.
ഈസ്റ്റ് ഇന്ത്യ കമ്പനിയും പിന്നീട് ബ്രീട്ടിഷുകാരും ഇന്ത്യയെ കൈയ്യടക്കും മുൻപ് നമ്മുടേത് ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യങ്ങളിലൊന്നായിരുന്നു. വിപുലവും വിഭിന്നവുമായ കാർഷിക വളർച്ചയുടെ കാര്യത്തിൽ, വിദേശ രാജ്യങ്ങളുമായുളള വ്യാപാരത്തിന്റെ കാര്യത്തിൽ, ആത്മീയവും തത്വചിന്താപരവുമായ അറിവിന്റെ കേന്ദ്രമെന്ന പ്രാമുഖ്യത്തിൽ, അങ്ങനെയങ്ങനെ വിവിധ മണ്ഡലങ്ങളിൽ ലോകത്തെ നയിച്ചത് ഇന്ത്യയായിരുന്നു.
എ.ഡി. ഒന്നാം നൂറ്റാണ്ടിനും എ.ഡി. ആയിരത്തിനുമിടയിൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്നു. ഇന്നത്തേതുപോലെ ലോകവ്യാപാരത്തിൽ കേവലം രണ്ട് ശതമാനം ഓഹരിമാത്രമുള്ള പരിതാപകരമായ അവസ്ഥയായിരുന്നില്ല എ.ഡി. 1500ൽ ഇന്ത്യയ്ക്ക്. അക്കാലത്തെ ആഗോള സമ്പദ് വ്യവസ്ഥയിൽ ഇന്ത്യയുടെ സംഭാവന യൂറോപ്പിന് തുല്യമായിരുന്നു – 24.5%. ഒരിക്കൽ നമ്മുടെ മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങ് പറഞ്ഞതുപോലെ, “ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായുള്ള നമ്മുടെ പരിദേവനത്തിന് ശക്തമായ അടിത്തറയുണ്ടെന്നതിൽ സംശയമില്ല. ലോകവരുമാനത്തിൽ ഇന്ത്യയുടെ ഓഹരി 1700ൽ ഏതാണ്ട് യൂറോപ്പിന് തുല്യമായ 22.6% ആയിരുന്നെങ്കിൽ 1952 ആയപ്പോഴേക്കും ഏറ്റവും കുറഞ്ഞ 3.8% ത്തിലേക്ക് അത് കൂപ്പുകുത്തി.”
തുണിത്തരങ്ങൾ, സുഗന്ധവ്യജ്ഞനങ്ങൾ, പവിഴങ്ങൾ, പഞ്ചസാര, ഇരുമ്പുകൊണ്ടുള്ള ആയുധങ്ങൾ എന്നിവ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമായിരുന്നു ഇന്ത്യ (ഇന്നും അവയിൽ പലതിന്റെ കാര്യത്തിലും അങ്ങനെത്തന്നെയാണ്).
ഇന്ത്യൻ വ്യാപാരത്തിന് ബി.സി. 800 ഓളം പഴക്കമുണ്ട്. കച്ചവടങ്ങളും സംഘടിതമായ സ്ഥാപനങ്ങളും അക്കാലത്തുതന്നെ രൂപംകൊള്ളാൻ തുടങ്ങിയതായി പറയപ്പെടുന്നു. അഞ്ചാം നൂറ്റാണ്ടിൽ എഴുതപ്പെട്ട രേഖകളിൽ ‘സ്രേണി’ എന്ന പേരിലുള്ള വ്യാപരികളിലുടെ കൂട്ടായ്മയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അസംസ്കൃത പദാർത്ഥങ്ങൾ സംഭരിച്ചിരുന്നതും നിർമ്മിത ഉൽപ്പന്നങ്ങളുടെ ഗുണമേന്മയും വിലയും നിയന്ത്രിച്ചിരുന്നതും ഈ സംഘടനയായിരുന്നു.
റെഡ് ഫോർട്ടും താജ്മഹലും പോലുള്ള സൗധങ്ങളും സുവർണ്ണമയൂര സിംഹാസനം പോലുള്ള കലാശില്പമാത്രകളും ഇന്ത്യയുടെ സമ്പത്തിന്റെ ദൃഷ്ടാന്തങ്ങളാണ്. മുഗളന്മാരുടെ കാലത്ത് നമ്മുടെ വരുമാനം 17.5 മില്യൺ പൗണ്ടായിരുന്നു. അത് അന്ന് ഗെയ്റ്റ് ബ്രിട്ടന്റെ രാജഭണ്ഡാരത്തിലുള്ളതിനേക്കാൾ വലിയ തുകയായിരുന്നു.
ലോകത്തെ ഭൂരിഭാഗം സമ്പദ് വ്യവസ്ഥകളിലും കൈമാറ്റ സമ്പ്രദായം നിലനിന്നിരുന്നപ്പോൾ പണാടിസ്ഥാനത്തിലുള്ള വ്യാപാരം വികസിപ്പിച്ചെടുത്ത ചുരുക്കം ചില രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാൽ, നിർഭാഗ്യകരമെന്നുപറയട്ടെ ചരിത്രത്തിൻറെ ഗതിവിഗതികളിൽപ്പെട്ട് ഇന്ത്യ പലരാജ്യങ്ങളാലും ആക്രമിക്കപ്പെടുകയും ഭരിക്കപ്പെടുകയും ചെയ്തു. നമ്മൾ പരസ്പരം പോരടിച്ചുകൊണ്ടിരുന്നപ്പോൾ നമ്മുടെ വിപുലമായ വിഭവസമ്പത്ത് കുറഞ്ഞുവരികയായിരുന്നു.
എന്നാൽ ഇന്ന് ഇന്ത്യ ശരിയായ വഴിയിലൂടെ സഞ്ചരിച്ച് ആഗോളതലത്തിൽ പ്രബലമായ സ്വാധീനം ചെലുത്തുന്ന ശക്തിയായി മാറാനുള്ള ശ്രമത്തിലാണ്. അതുവഴി ലോകത്തിന്റെ സുവർണ്ണപ്പക്ഷി എന്ന സ്ഥാനപ്പേര് തിരിച്ചുപിടിക്കാനും.