Published: 31 Aug 2017
ദക്ഷിണേന്ത്യയിൽ നിന്നുള്ള പരമ്പരാഗത സ്വർണ്ണ നെക്ലേസ് ഡിസൈനുകൾ
ആരംഭ കാലം മുതൽ തന്നെ, ഇന്ത്യ സ്വർണ്ണ നിധികളുടെ നാടായിരുന്നു, അതുകൊണ്ടുതന്നെ ലോകമെമ്പാടും നിന്ന് സന്ദർശകരെയും കച്ചവടക്കാരെയും ഇന്ത്യ ആകർഷിച്ചു. നമ്മുടെ രാജ്യത്തെ ആഭരണപ്പെട്ടി വൈവിധ്യങ്ങളാൽ വിപുലമാണ്. ആകർഷകവും സങ്കീർണ്ണങ്ങളുമായ ഇന്ത്യൻ ആഭരണങ്ങൾ മേഖലയിൽ നിന്ന് മറ്റൊരു മേഖലയിലേക്ക് പോകുമ്പോൾ വ്യത്യസ്തമാകുന്നത് കാണാം. മനുഷ്യ ശരീരത്തെ ആഘോഷമാക്കുന്ന സങ്കീർണ്ണവും ആകർഷകവുമായ ആഭരണ ഡിസൈനുകൾ കണ്ടെത്തുന്നതിലും സൃഷ്ടിക്കുന്നതിലും ഇന്ത്യക്കാർ ഒരുപാട് ഊർജ്ജം ചെലവിട്ടിട്ടുണ്ട്.
അസംഖ്യം ആകൃതികളിലും വലുപ്പത്തിലും വരുത്ത അത്തരത്തിലുള്ള ഒരു ആഭരണമാണ് നെക്ലേസ് ('ഹാർ' എന്നാണ് ഹിന്ദിയിൽ നെക്ലേസിനെ പറയുന്നത്). ഈ ആഭരണവും സംസ്ഥാനങ്ങൾക്കും സമൂഹങ്ങൾക്കും അനുസരിച്ച് വ്യത്യസ്തമായിരിക്കും. പരമ്പരാഗത ഇന്ത്യയിൽ ഉടലെടുക്കുകയും ഇപ്പോഴും പ്രചാരത്തിലിരിക്കുകയും ചെയ്യുന്ന പ്രധാന നെക്ലേസുകളെ കുറിച്ച് നമുക്ക് ഈ ലേഖനത്തിൽ മനസിലാക്കാം.
ഇന്ത്യയുടെ സുവർണ്ണ ഭാഗമായി കണക്കാക്കപ്പെടുന്നത് തെക്കേ ഇന്ത്യയെയാണ്. സമ്പന്നവും പരമ്പരാഗതവുമായ ആഭരണങ്ങൾക്ക് കേളികേട്ട ദക്ഷിണേന്ത്യയിലെ നെക്ലേസുകളെ നമുക്ക് അടുത്തറിയാം.
തമിഴ്നാട്ടിൽ നിന്നുള്ള ആഭരണമാണ് കുസുമാലി നെക്ലേസ് സ്വർണ്ണ നാണയങ്ങൾ ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. അരക്കെട്ട് വരെ ഇത് തൂങ്ങിക്കിടക്കുന്നു.
രുദ്രാക്ഷം കൊണ്ടുള്ള ജപമാലയിൽ രുദ്രാക്ഷ മണികൾക്ക് പകരം സ്വർണ്ണ മണികൾ ഉപയോഗിക്കുന്നതും ഒരു സ്വർണ്ണപ്പതക്കമുള്ളതുമായ നെക്ലേസാണ് ഗൗരീശങ്കരം നെക്ലേസ്. താണ്ഡവനൃത്തമാടുന്ന നടരാജ രൂപത്തിലുള്ള ശിവഭഗവാനെയാണ് ഈ നെക്ലേസിൽ അവതരിപ്പിച്ചിരിക്കുന്നത്.
മാങ്ങയുടെ ആകൃതിയിലുള്ള ഡിസൈനുകൾ കൊണ്ട് അലങ്കരിച്ചിട്ടുള്ള മറ്റൊരു ക്ലാസ്സിക്കൽ സ്വർണ്ണ നെക്ലേസാണ് മാങ്ങാ മാല. ഇതിന്റെ അരികുകളെ കനത്ത സ്വർണ്ണ ചരടുകൾ ഉപയോഗിച്ച് മോടികൂട്ടിയിരികും.
ഇന്നും വളരെ ജനപ്രീതിയുള്ള സ്വർണ്ണ നെക്ലേസാണ് മുല്ലമൊട്ട് മാല. സ്വർണ്ണം, മുല്ലമൊട്ടിന്റെ ആകൃതിയിൽ കോർക്കുകയാണ് ഈ നെക്ലേസിൽ ചെയ്യുന്നത്.
ചന്ദ്രക്കലയുടെ ആകൃതിയിലുള്ള പതക്ക സെറ്റ് ഉള്ള നെക്ലേസാണ് കർണാടകത്തിൽ നിന്നുള്ള കൊക്കെ തത്തി. സമാന രീതിയിലുള്ള നെക്ലേസാണ് ജോ മാല. ഇതിൽ കറുത്ത ചരടിൽ ഉള്ളം പൊള്ളയായ സ്വർണ്ണ മണികൾ കോർത്തിരിക്കും. സ്വർണ്ണം കൊണ്ടുള്ള തൊങ്ങലും (കുച്ചി) ഇതിൽ ഉണ്ടായിരിക്കും. കുടക് ഭാഗത്ത് നടക്കുന്ന വിവാഹങ്ങളിൽ വധുവിന് ഒഴിച്ചുകൂടാനാകാത്ത കണ്ഠാഭരണങ്ങളാണ് ഇവ രണ്ടും.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ പോലെ, സങ്കീർണ്ണമായ കരകൗശലവിദ്യയ്ക്കും ഡിസൈനുകൾക്കും പേര് കേട്ട സംസ്ഥാനമാണ് കേരളവും. കേരളത്തിൽ നിന്നുള്ള വലപ്പിന്നൽ ആഭരണങ്ങളിൽ ‘ഫിലിഗ്രി’ ശൈലിയാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ലേസ്വർക്കിന്റെ മോടിപിടിപ്പിക്കുന്നതിന് സ്വർണ്ണം കൊണ്ടുള്ള പൂക്കളുടെ ഡിസൈൻ ഉള്ള സ്വർണ്ണ നൂലിൽ നിന്നാണ് ഇത് നിർമ്മിക്കുന്നത്.
പൂക്കളുടെ ആകൃതിയിലുള്ള നെക്ലേസിനെ വിളിക്കുന്നത് പൂത്താലി എന്നാണ്. ഒരേപോലുള്ള പൂ ഡിസൈനുള്ള സ്വർണ്ണത്തിന്റെ കനം കുറഞ്ഞ പാളികൾ കൊണ്ടാണ് ഈ 'കാർകനെറ്റ്' (ജ്വൽഡ് കോളർ-സ്റ്റൈൽ നെക്ലേസ്) നിർമ്മിക്കുന്നത്.
സ്റ്റാമ്പ് ചെയ്തിട്ടുള്ള സ്വർണ്ണ യൂണിറ്റുകളുടെയും ഫിലിഗ്രി ആർട്ട്വർക്കിന്റെയും സംയോജനമാണ് കുഴി മിന്ന മാല. 'മിന്നുന്ന (മിന്ന) കപ്പുകൾ (കുഴി)' എന്ന പ്രയോഗത്തിൽ നിന്നാണ് ഈ നെക്ലേസിന് ഈ പേര് ലഭിച്ചത്.
കാശുമാലയ്ക്ക് സമാനമാണ് പവൻ സാര നെക്ലേസ്. 50 വർഷ സമയമെടുത്ത് ശേഖരിച്ച, വിക്ടോറിയ രാജ്ഞിയുടെ ചിത്രം ആലേഖനം ചെയ്തിട്ടുള്ള ഇരുപത്തിയേഴ് സ്വർണ്ണ നാണയങ്ങൾ കൊണ്ടാണ് ഈ നെക്ലേസ് നിർമ്മിച്ചിരിക്കുന്നത്. രാജ്ഞിയുടെ ചെറുപ്പകാലം മുതൽ വാർദ്ധക്യം വരെയുള്ള ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നവയാണ് സ്വർണ്ണ നാണയങ്ങൾ. നടുവിലുള്ള നാണയത്തിൽ, രാജ്ഞിയുടെ, ഇന്ത്യയുടെ ചക്രവർത്തിനി ആയിരുന്ന സമയത്തെ, രൂപമാണ് ആലേഖനം ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്രയിൽ നിന്നുള്ള ചമ്പാകലി നെക്ലേസ് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത് മൈക്കലിയ ചെമ്പകത്തിന്റെ (ഒരു തരം ചെമ്പകം) മൊത്തിൽ നിന്നാണ്. കനം കുറഞ്ഞ സ്വർണ്ണ ഷീറ്റിലാണ് ഈ നെക്ലേസിന്റെ ഘടകഭാഗങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
കോലാപൂർ നഗരത്തിൽ നിന്നുള്ള നെക്ലേസ് ആണ് കോലാപുരി സാജ്. വിഷ്ണു ഭഗവാന്റെ പത്ത് അവതാരങ്ങൾ കൊത്തിയിട്ടുള്ള ഒരു പമ്പര ഉപയോഗിച്ചാണ് ഈ സ്വർണ്ണ നെക്ലേസ് ഉണ്ടാക്കുന്നത്. ഈ നെക്ലേസ് അണിയുന്നവർക്ക് ഭാഗ്യവും സന്തോഷവും വിജയവും സമ്പത്തും ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
സ്വർണ്ണ മുഖമുള്ള മണികളുടെ ഏഴ് നിരകൾ കൊണ്ടാണ് കാന്തി നിർമ്മിക്കുന്നത്. ഈ ലളിതവും രാജകീയവുമായ നെക്ലേസിന്റെ പിന്മുറക്കാരാവണം, പുരാണ ലിഖിതങ്ങളിൽ പരാമർശിച്ചിട്ടുള്ള 'കാന്ത-തുഡ', 'കാന്തിക' എന്നീ ആഭരണങ്ങളെന്ന് അനുമാനിക്കപ്പെടുന്നു.
മറ്റൊരു കോലാപുരി നെക്ലേസ് ഡിസൈനാണ് തുഹ്സി. അടുത്തടുത്ത് സ്ഥാപിച്ചിട്ടുള്ള സ്വർണ്ണ ബോളുകളുടെ കനത്ത മാലകളാണ് ഇത്. തുകൽ സ്ട്രാൻ-ഡിലോ ചരടിലോ ഈ മാലകൾ പിന്നിയിടുന്നു. കഴുത്തിനോട് ചേർന്നാണ് ഈ നെക്ലേസ് ധരിക്കുന്നത്.
ഗുജറാത്തിൽ നിന്നുള്ള സാത് ലദ എന്ന നെക്ലേസ് ഏഴ് സ്ട്രാൻഡുകളുള്ള കാർകനെറ്റാണ്. ഇന്ത്യയിൽ ഏഴ് എന്ന സംഖ്യ ശുഭദായകമാണെന്ന് വിശ്വസിക്കപ്പെടുന്നു.
കച്ചിലെ ഭാട്ടിയ സമൂഹത്തിന്റെ സവിശേഷതയാണ് ജാവാലി മാല. ശുഭകരമായ ഓരോ മുഹൂർത്തത്തിലും സ്വർണ്ണത്തിനുള്ള പ്രാധാന്യത്തെയാണ് ഈ നെക്ലേസ് സൂചിപ്പിക്കുന്നത്. ഫലഭൂയിഷ്ഠതയെയും ധാരാളിത്തത്തെയും സൂചിപ്പിക്കുന്ന സ്വർണ്ണ തരികളിൽ (ജാവാലി) നിന്നാണ് ഈ നെക്ലേസ് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. ഈ സ്വർണ്ണത്തരികൾ ഒരു സ്വർണ്ണ മാലയിൽ പതിപ്പിക്കുകയാണ് ചെയ്യുന്നത്. പുതുതായി അമ്മയാവുന്ന സ്ത്രീകളാണ് സാധാരണ ഗതിയിൽ ഈ നെക്ലേസ് അണിയുന്നത്.
രാജസ്ഥാനിൽ നിന്നുള്ള നെക്ലേസാണ് ഹസ്ലി (ദൃഢമായ നെക്ലേസ്). ദൃഢമായൊരു സ്വർണ്ണ റിംഗിന് ചുറ്റും സ്വർണ്ണ വയർ ചുറ്റിയാണ് ഈ നെക്ലേസ് സൃഷ്ടിക്കുന്നത്.
ജയ്പൂരെന്ന 'പിങ്ക് നഗര'ത്തിന്റെ സംഭാവനയാണ് ബലിയോര ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന ഏഴ് സ്വർണ്ണ മാലകൾ ഉൾക്കൊള്ളുന്നതാണ് ഈ നെക്ലേസ്. ഇതിൽ വൈരക്കല്ലുകളും ഒരു പതക്കവും ഉണ്ടായിരിക്കും. രാജസ്ഥാനിലെ കച്ചവടസമൂഹത്തിലെ പുരുഷന്മാരാണ് ബലിയോര അണിയുന്നത്.
കാലങ്ങളോളം പഴക്കമുള്ള നെക്ലേസുകളാണ് ഇവയെങ്കിലും, ഇപ്പോഴും ഇവ ഇന്ത്യൻ പാരമ്പര്യത്തിന്റെ ഭാഗമാണ്. ഈയടുത്ത കാലത്താവട്ടെ മുഖ്യധാരയിലേക്കും ഈ ആഭരണങ്ങൾ എത്തിയിട്ടുണ്ട്. എന്നിരുന്നാലും, നമ്മുടെ സമ്പന്നമായ പാരമ്പര്യത്തിൽ നിന്നുള്ള കുറച്ച് ആഭരണങ്ങൾ മാത്രമാണിവ. ഇതുപോലുള്ള അനേകം ഡിസൈനുകൾ ഇന്ത്യയുടെ ആഭരണപ്പെട്ടിയിൽ ഇനിയുമുണ്ട്.