Published: 10 May 2018
നിങ്ങളുടെ അമ്മയ്ക്കായി സ്വർണ്ണനിക്ഷേപം നടത്താനുള്ള പുതുവഴികൾ
ഇന്ത്യയ്ക്കാർ സ്വർണ്ണം വാങ്ങുന്നത് തങ്ങളുടെ സമ്പാദ്യം വളർത്താൻ വേണ്ടി മാത്രമല്ല. അവർക്കത് ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് സമ്പത്ത് കൈമാറാനുള്ള ഒരുപാധികൂടിയാണ്. നിങ്ങളുടെ മുത്തശ്ശിയും അമ്മയും ഇതിനെക്കുറിച്ചൊക്കെ നിങ്ങളോട് പറഞ്ഞിട്ടുണ്ടാവുമെന്നു മാത്രമല്ല, അവരുടെ സമ്പത്തിന്റെ വലിയൊരു ഭാഗം സ്വർണ്ണം വാങ്ങാനും സ്വർണ്ണത്തിൽ നിക്ഷേപിക്കാനുമായി ചെലവഴിച്ചിട്ടുമുണ്ടാകാം.
സ്വർണ്ണാഭരണങ്ങൾ ഓൺലൈനായി വാങ്ങുകയെന്നത് നിങ്ങളുടെ അമ്മയ്ക്ക് ചിലപ്പോൾ ഇഷ്ടമായേക്കുകയില്ല. കാരണം, അവർക്ക് ആഭരണങ്ങൾ തൊട്ടനഭുവിച്ചും പരിചയമുള്ള സ്വർണ്ണക്കടക്കാരനോട് വിലപേശിയും വർത്തമാനം പറഞ്ഞുമൊക്കെ വാങ്ങാനായിരിക്കും താല്പര്യം. ചെറിയ ചെറിയ തുകകൾ നിക്ഷേപിച്ച് സ്വർണ്ണം വാങ്ങുന്ന പുത്തൻ രീതികളും ഒരുപക്ഷേ അവർക്ക് പരിചിതമായിരിക്കാം. എന്നാൽ, ഈ അമ്മദിനത്തിൽ അവർ നിങ്ങളെ ജീവിതം പഠിപ്പിക്കുമ്പോൾ കാണിച്ച കരുതലിന്റെയും പരിഗണനയുടെയും ഒരു ചെറിയ അംശമെങ്കിലും അവർക്ക് തിരിച്ചു കൊടുക്കുക. അവരുടെ പ്രിയ ലോഹത്തിൽ പണം നിക്ഷേപിക്കാനുള്ള കൂടുതൽ സുരക്ഷിതമായ, വഴങ്ങുന്ന, സൗകര്യപ്രദമായ വഴികൾ അവർക്കു പറഞ്ഞുകൊടുത്ത് സുരക്ഷിതമായൊരു ഭാവി സമ്മാനമായി നൽകുക.
സ്വർണ്ണം വാങ്ങാനുള്ള പുതുവഴികൾ
-
മൊബൈലിലൂടെ നടത്തുന്ന ഡിജിറ്റൽ നിക്ഷേപങ്ങൾ
മൊബൈൽ ആപ്പുകളിലൂടെയും മറ്റും പണമിടപാടുകൾ സാധ്യമാക്കുന്ന സേവനദാതാക്കൾ സ്വർണ്ണനിക്ഷേപത്തിനുള്ള സൗകര്യവും ഒരുക്കുന്നു. അത് നിങ്ങൾക്ക് ഓൺലൈനായി ഈ അപൂർവ്വ ലോഹം വാങ്ങാനുള്ള അവസരം പ്രദാനം ചെയ്യുന്നു.
ഓൺലൈനായി സ്വർണ്ണം വാങ്ങുന്നതിൽ നിങ്ങളുടെ അമ്മ ചിലപ്പോൾ ശങ്കാലുവായേക്കാമെങ്കിലും ഈ വഴി പരീക്ഷിച്ചുനോക്കുന്നതിൽ ധാരാളം ഗുണങ്ങളുണ്ട്:
- നിങ്ങൾക്ക് 99.5% ശുദ്ധമായ 24 കാരറ്റ് സ്വർണ്ണം ലഭിക്കുന്നു.
- സ്വർണ്ണം സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിച്ചുവെച്ചിരിക്കുന്നതിനാൽ 100% ഭദ്രവും സുരക്ഷിതവുമാണ്. അതിനെക്കുറിച്ച് കൂടുതലറിയാൻ വ്യവസ്ഥകളും നിബന്ധനകളും വായിക്കാം.
- സ്വർണ്ണം വാങ്ങാൻ വലിയ തുക സ്വരൂപിക്കുന്നതിനു പകരം നിങ്ങൾക്ക് വെറും ഒരു രൂപയിൽ നിന്നോ 0.001 ഗ്രാമിൽ നിന്നോ നിക്ഷേപം ആരംഭിക്കാം.
- നിങ്ങൾ നിക്ഷേപിച്ച പണത്തിനുള്ള സ്വർണ്ണം നിങ്ങളാവശ്യപ്പെടുമ്പോൾ നിങ്ങളുടെ വാതിൽപ്പടിയിൽ എത്തും.
- പിന്നീട് ഉപയോഗിക്കാനായി നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടിൽ നിങ്ങൾക്ക് സ്വർണ്ണം വാങ്ങി സൂക്ഷിക്കാം.
അനുബന്ധം: ഓൺലൈനായി സ്വർണ്ണം വാങ്ങാനുള്ള നിർദ്ദേശങ്ങൾ
-
സ്വർണ്ണാഭരണങ്ങൾ സ്വന്തമാക്കാനുള്ള സ്കീം
അമ്മയെ അറിയിക്കാൻ പറ്റിയ ഒരു വലിയ കാര്യം മാത്രമല്ല ഇത്. അവർക്കായി നിങ്ങളാഗ്രഹിക്കുന്ന ഒരു സുപ്രധാന സ്വർണ്ണസമ്മാനം വാങ്ങാനുള്ള ഒരുക്കുക്കൂട്ടലിനുള്ള ഒരുഗ്രൻ മാർഗ്ഗം കൂടിയാണിത്. ഒരു വലിയ തുക കൈയ്യിൽവരാൻ നീണ്ടനാൾ കാത്തിരിക്കുന്നതിനു പകരം ചെറിയ ചെറിയ തുകകൾ നിശ്ചിത ഇടവേളകളിൽ നിക്ഷേപിച്ച് നിങ്ങൾക്ക് ആഗ്രഹിക്കുന്ന സ്വർണ്ണം വാങ്ങാം. നിങ്ങൾക്ക് 6, 9 അഥവാ 12 മാസത്തെ സ്കീമിൽ ചേർന്ന് മുൻകൂട്ടി നിശ്ചിയിച്ച ഒരു തുക യഥാക്രമം 5, 11 അഥവാ 14 മാസങ്ങളിലായി അടക്കാം. സ്വർണ്ണവ്യാപാരി അവസാന തവണത്തെ തുക അടയ്ക്കുകയോ നിങ്ങൾക്ക് വിലയിൽ കിഴിവ് നൽകുകയോ ചെയ്യും. അവസാന മാസത്തിൽ നിങ്ങൾക്കോ അമ്മയ്ക്കോ അടച്ച തുകയ്ക്കനുസരിച്ച് ഇഷ്ടപ്പെട്ട സ്വർണ്ണാഭരണം വാങ്ങാവുന്നതാണ്. ഈ സ്കീമിലെ ചുരുങ്ങിയ തവണത്തുക 1000 മുതൽ 2000 രൂപ വരെ വരാം. പരമാവധി തുക അതിനുമുകളിൽ ആയിരത്തിന്റെ എത്ര ഗുണനം വേണമെങ്കിലും ആവാം.
-
ഗോൾഡ് എക്സ്ചെയ്ഞ്ച് ട്രെയ്ഡഡ് ഫണ്ട്സ് (ETFs)
മ്യൂച്വൽ ഫണ്ടുകളുടെ രൂപത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതും അവയെപ്പോലെ വാങ്ങാനും വിൽക്കാനും സാധിക്കുന്നവയുമായ ഇ.ടി.എഫുകൾ ഒരുക്കുന്നത് അസറ്റ് മാനേജ്മെന്റ് കമ്പനികളാണ്. ഒരു ഗോൾഡ് ഇ.ടി.എഫ് അതിന്റെ കീഴിൽ വർത്തിക്കുന്ന ആസ്തിയുടെ കൈവശാവകാശത്തെ പ്രതിനിധീകരിക്കുന്നു. ഇവിടെ ആ ആസ്തി സ്വർണ്ണമാണ്.
ഗോൾഡ് ഇ.ടി.എഫുകൾ രാജ്യത്തെ സ്വർണ്ണവിലയെ പിന്തുടരുന്ന, സ്റ്റോക് എക്സ്ചെയ്ഞ്ചുകളിൽ ലിസ്റ്റ് ചെയ്ത് വ്യവഹാരം നടത്തപ്പെടുന്ന തുറന്ന നിക്ഷേപങ്ങളാണ്. ഭൗതിക രൂപത്തിലുള്ള സ്വർണ്ണത്തെ പ്രതിനിധീകരിക്കുന്ന രൂപമില്ലാത്തതോ എഴുതപ്പെട്ടതോ ആയ യൂണിറ്റുകളാണ് ഗോൾഡ് ഇ.ടി.എഫുകൾ. ഒരു ഗോൾഡ് ഇ.ടി.എഫ് ഒരു ഗ്രാം സ്വർണ്ണത്തിന് സമമാണ്. അതിനെ വളരെ ഉയർന്ന പരിശുദ്ധിയുള്ള ഭൗതികരൂപത്തിലുള്ള സ്വർണ്ണം പിന്താങ്ങുന്നു. നിങ്ങളൊരു ഗോൾഡ് ഇ.ടി.എഫ് വാങ്ങുമ്പോൾ നിങ്ങളുടെ നിക്ഷേപത്തുകയോട് യോജിക്കുന്ന കൈവശ അവകാശത്തിനുള്ള നിയമപരമായ ഒരു കരാറിൽ ഒപ്പിടുകയാണ്.
നിങ്ങളോ നിങ്ങളുടെ അമ്മയോ ചെയ്യേണ്ട ഒരു കാര്യം (മറ്റ് നിക്ഷേപങ്ങൾക്കായി അത് ചെയ്തിട്ടില്ലെങ്കിൽ) ഇടപാടുകൾ സുഗമമാക്കാൻ ബാങ്കിൽ ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കുക എന്നതാണ്. നിങ്ങളുടെ അമ്മയ്ക്ക് കൂടുതൽ പ്രസക്തമായി തോന്നിയേക്കുന്ന കാര്യം ഒരുപക്ഷേ ഇതായിരിക്കാം: ഗോൾഡ് ഇ.ടി.എഫുകളിൽ പണം നിക്ഷേപിക്കുന്നത് ഗുണം ചെയ്യും, കാരണം അത് ചിലവ് കുറയ്ക്കുക മാത്രമല്ല സ്വർണ്ണം സുരക്ഷിതമായി സുക്ഷിക്കേണ്ട വേവലാതിയും ഇല്ലാതാക്കുന്നു. കൂടാതെ നികുതിയുമായി ബന്ധപ്പെട്ട ഗുണങ്ങൾ വേറെയുമുണ്ട്.
അനുബന്ധം: ഗോൾഡ് ഇ.ടി.എഫിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
നിങ്ങൾക്കും അമ്മയ്ക്കും ഒരുമിച്ചുള്ള സുന്ദരദിനങ്ങൾ നേർന്നുകൊള്ളുന്നു!