Published: 15 May 2018
ദുബായിലെ ഹാൾമാർക്ക് സ്വർണ്ണത്തെ അറിയുക
ദുബായിലെ സ്വർണ്ണസൂക്കുകളിൽ നിന്ന് ആഭരണങ്ങൾ വാങ്ങുമ്പോൾ പരിശുദ്ധി ഉറപ്പാക്കാമെന്നത് വർഷങ്ങളായുള്ള വിശ്വാസമാണ്. അതിനുപുറമെ വിഭിന്ന രൂപകൽപ്പനകളിൽ ഒന്നാന്തരമായി പണകഴിപ്പിച്ച ആഭരണങ്ങളും ലഭിക്കും. ഉപഭോക്താക്കളുടെ ഈ ദൃഢവിശ്വാസത്തിന് ദുബായ് സർക്കാരിന്റെ നിതാന്ത ജാഗ്രതയ്ക്കുള്ള പങ്ക് എടുത്തുപറയേണ്ടതാണ്. നിയമപ്രകാരമുള്ള മൂല്യനിർണ്ണയങ്ങൾക്ക് പുറമേ ആഭരണങ്ങളുടെ പരിശുദ്ധിയും വിലയും പരിശോധിക്കാൻ സർക്കാർ ഏജൻസികൾ ജ്വല്ലറികളിൽ മിന്നൽ പരിശോധനകളും നടത്താറുണ്ട്
ഈ അപൂർവ്വലോഹത്തിന്റെ പരിശുദ്ധി സൂചിപ്പിക്കുന്ന ഹാൾമാർക്കുള്ള ആഭരണങ്ങൾ മാത്രമേ വിൽക്കാവൂ എന്ന് ദുബായിലെ നിയമം അനുശാസിക്കുന്നു. ഇത് ഉപഭോക്തൃ സംരക്ഷണത്തിന്റെ ഉദാത്ത മാതൃകയാണ്. ഉപഭോക്താവ് ആവശ്യപ്പെടുമ്പോൾ സ്വർണ്ണവ്യാപാരികൾ ഗുണമേന്മയോടും നിയമത്തോടുമുള്ള അവരുടെ പ്രതിബദ്ധത പ്രകടമാക്കും വിധം തങ്ങളുടെ ആഭരണങ്ങളിലെ ഹാൾമാർക്ക് മുദ്രകൾ സസന്തോഷം പ്രദർശിപ്പിക്കുന്നു. ഉത്പാദകന്റെ മുദ്രയും കാരറ്റ് കണക്കുമാണ് സാധാരണ ഹാൾമാർക്കായി ആഭരണങ്ങളിലുണ്ടാവുക.
ദുബായിൽ സ്വർണ്ണം 18, 21, 22, 24 എന്നീ കാരറ്റുകളിലാണ് ലഭ്യമാകുന്നത്.
- 24K = ശുദ്ധ സ്വർണ്ണം
- 22K = 91.67% ശുദ്ധ സ്വർണ്ണവും 8.33% മറ്റു ലോഹങ്ങളും
- 21K = 87.5% ശുദ്ധ സ്വർണ്ണവും 12.5% മറ്റു ലോഹങ്ങളും
- 18K = 75% ശുദ്ധ സ്വർണ്ണവും 25% മറ്റു ലോഹങ്ങളും
ദുബായിൽ സ്വർണ്ണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്നത് എങ്ങനെ?
ദുബായ് സെൻട്രൽ ലബോറട്ടറീസ് ഡിപാർട്മെന്റിന്റെ (DCLD) ബാരീക് സെർട്ടിഫിക്കേഷൻ വഴിയാണ് രാജ്യത്ത് വിൽക്കുന്ന സ്വർണ്ണാഭരണങ്ങളുടെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്നത്.
വ്യാപാരികൾ പ്രാദേശികവും ദേശീയവുമായ നിയമങ്ങൾ പാലിക്കുന്നുണ്ടോ, ആഭരണങ്ങളിൽ പര്യാപ്തമായ അടയാളങ്ങളുണ്ടോ, ഗുണമേന്മ ഉറപ്പാക്കിയിട്ടുണ്ടോ എന്നിവ പരിശോധിച്ചുകൊണ്ടാണ് മൂല്യനിർണ്ണയ പ്രക്രിയ തുടങ്ങുന്നത്. ഇൻസെപ്ക്ടർ (മാർ) ജ്വല്ലറികൾ പരിശോധിച്ച് വിവരങ്ങൾ രേഖപ്പെടുത്തുന്നു. സ്വമേധയാ എടുക്കുന്ന സാക്ഷ്യപത്രം, കടകളുടെ ഗുണനിലവാരവും വിൽക്കുന്ന സ്വർണ്ണത്തിന്റെ പരിശുദ്ധിയും പരിശോധിക്കുന്ന DCLDയുടെ നിർബന്ധിത പരിശോധനയ്ക്ക് അനുബന്ധമാണ്. വർഷത്തിൽ ചുരുങ്ങിയത് മൂന്നു തവണയാണ് അധികാരികൾ പൊതുവെ കടകൾ പരിശോധിക്കുന്നത്.
ആർക്കാണ് സാക്ഷ്യപത്രം ലഭിക്കുന്നത്?
നേരായതും ന്യായമായതുമായ പ്രവർത്തികൾ അനുവർത്തിച്ച് ജ്വല്ലറി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾക്കാണ് സെർട്ടിഫിക്കേഷൻ ലഭിക്കുന്നത്. ബാരീക് സെർട്ടിഫിക്കേഷനുള്ള കമ്പനികൾക്കും കടകൾക്കും അത് അവരുടെ സ്ഥാപനപരിസരത്തും പരസ്യങ്ങളിലും പ്രദർശിപ്പിക്കാവുന്നതാണ്. പരിശോധന റിപ്പോർട്ടുകൾ പറയുന്നത് 98 ശതമാനത്തോളം സ്ഥാപനങ്ങൾ കർശനമായി നിയമം പാലിക്കുന്നുണ്ടെന്നാണ്. വെറും 2% ജ്വല്ലറികൾ മാത്രമാണ് നിയമം ലംഘിക്കുന്നതായി കാണപ്പെട്ടത്. അതിൽ ഭൂരിഭാഗവും മനഃപൂർവ്വമല്ല. ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങളിലാണ് കൂടുതലും പ്രശ്നങ്ങൾ കണ്ടിട്ടുള്ളത്. പലപ്പോഴും അവയ്ക്ക് കവറിന് പുറത്തെഴുതിയിട്ടുള്ള പരിശുദ്ധി കാണില്ല. മാത്രമല്ല, അവ അതാത് രാജ്യങ്ങളുടെ ഗുണമേന്മാ നിലവാരത്തിന്റെ അടിസ്ഥാനത്തിലുള്ളവയുമായിരിക്കും.
ശരിയും സുരക്ഷിതവുമായ സ്വർണ്ണം വാങ്ങൽ ഉറപ്പാക്കുന്ന മറ്റ് സമ്പ്രദായങ്ങൾ
വിശ്വാസയോഗ്യമായ സ്വർണ്ണവ്യാപാരം നിലനിർത്താനായുള്ള ദുബായ് സർക്കാരിന്റെ പ്രവർത്തനങ്ങൾ ഹാൾമാർക്കിങ്ങിലും, കടകളുടെ സെർട്ടിഫിക്കേഷനിലും പരശോധനങ്ങളിലും മാത്രം ഒതുങ്ങുന്നതല്ല. മറ്റു മുൻകൈകളുമുണ്ട്. ദുബായ് ഗുഡ് ഡെലിവറി (DGD), മാർകറ്റ് ഡെലിവറബ്ൾ ബ്രാൻഡ് (MDB) എന്നിവ സ്വർണ്ണം ശുദ്ധീകരിക്കുന്നതിന്റെയും ആഭരണനിർമ്മാണത്തിന്റെയും ഗുണമേന്മയെ മാത്രമല്ല സ്പർശിക്കുന്നത്, ഉത്തരവാദിത്വത്തോടെയുള്ള സ്വർണ്ണ സംഭരണവും ഉറപ്പാക്കുന്നു.
ദുബായിൽ നിന്ന് വാങ്ങിയ സ്വർണ്ണം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പദ്ധതിയുണ്ടെങ്കിൽ അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങൾക്കും നിബന്ധനകൾക്കുമായി വായിക്കുക: സ്വർണ്ണവുമായി സഞ്ചരിക്കുമ്പോൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടവ.