Published: 22 Oct 2018
ഉത്തരാഖണ്ഡിലെ ആഭരണങ്ങൾ
ഗംഭീരമായ തെഹ്രി നാഥോ ദൃഢതയുള്ള പഹുഞ്ചിയോ മനോഹരമായ ചന്ദൻ ഹാറോ ആകട്ടെ, ഉത്തരാഘണ്ഡിലെ സ്വർണ്ണാഭരണങ്ങളെല്ലാം 'ബോൾഡ്' ആണ്. ഒരു പഹാരി വനിതയുടെ അലങ്കാരങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് സ്വർണ്ണാഭരണങ്ങളെന്ന് മാത്രമല്ല, സംസ്ഥാനത്തിന്റെ ശ്രേഷ്ഠമായ സാംസ്ക്കാരിക പാരമ്പര്യത്തിന്റെ പ്രതിഫലനം കൂടിയാണ് അവ.
ഉത്തരാഖണ്ഡിലെ ചില പരമ്പരാഗത സ്വർണ്ണാഭരണങ്ങളെ കുറിച്ച് നമുക്ക് ആഴത്തിൽ ഇവിടെ മനസ്സിലാക്കാം.
-
ബുലാഖ്
സ്വർണ്ണം കൊണ്ട് നിർമ്മിക്കുന്നതും ആഭരണത്തിൽ ആലേഖനം ചെയ്യപ്പെടുന്ന സങ്കീർണ്ണമായ മോട്ടീഫുകൾക്ക് പ്രസിദ്ധവുമായ ബുലാഖ്, മൂക്കിനെ അലങ്കരിക്കുന്ന ഒരു ആഭരണമാണ്. കുമാവൂൺ, ജൗൻസാർ, ഗർഹ്വാൾ എന്നിവിടങ്ങളിലെ പുതുതായി വിവാഹിതകളായ സ്ത്രീകൾ അണിയുന്ന ആഭരണമാണിത്, വധുവിന്റെ കുടുംബം സമ്മാനമായി നൽകുന്ന സ്വർണ്ണാഭരണങ്ങളിലെ ഒരു പ്രധാനപ്പെട്ട പീസ് ആയാണ് ഈ ആഭരണം പരിഗണിക്കപ്പെടുന്നത്.
കടപ്പാട്: ബാട്ടുലാൽ ജ്വല്ലേഴ്സ്
-
കുന്ദലും ബാലിയും
തദ്ദേശീയർ മൊണാഡ്, മുർഖ്ലി, മുണ്ട അല്ലെങ്കിൽ ടുഗ്യാൽ എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്ന കുന്ദലുകൾ, ഉത്തരാഖണ്ഡിലെ പഹാരി സ്ത്രീകൾ അണിയുന്ന, സ്വർണ്ണം കൊണ്ടുള്ള ഒരു തരം കർണ്ണാഭരണമാണ്. കുന്ദലിന്റെ ഏറ്റവും ജനപ്രിയ ഇനം ബാലിയാണ് - സ്വർണ്ണം കൊണ്ട് നിർമ്മിക്കുന്ന വലിയ വൃത്താകൃതിയിലുള്ള കർണ്ണാഭരണമാണിത്.
കടപ്പാട്: സവേരി ബസാർ ജ്വല്ലേഴ്സ്
-
തെഹ്രി നാഥ്
നാഥുലി എന്നുകൂടി പേരുള്ള തെഹ്രി നാഥ് നിർമ്മിക്കുന്നത് സ്വർണ്ണം കൊണ്ടാണ്. ചന്ദ്രാകൃതിയിൽ, മൂക്കിൽ അണിയുന്ന വലിയൊരു വളയാണിത്, നഗരത്തിലെയും ഗ്രാമത്തിലെയും ഗാർഹ്വാലി സ്ത്രീകൾ ഒരുപോലെ അണിയുന്ന ആഭരണമാണിത്. വിദഗ്ധമായ കരകൗശലപാടവത്തിന് പ്രസിദ്ധമായ ഈ ആഭരണം, പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള ആകർഷകമായ പാറ്റേണുകളിൽ ലഭ്യമാണ്. വധുവിന്റെ ആഭരണങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ നാഥുലി, അമ്മാവൻ വധുവിന് നൽകുന്ന സമ്മാനമാണ്.
-
കാൻഫൂൽ
'കാൻ' എന്നാൽ ചെവിയും 'ഫൂൽ' എന്നാൽ പുഷ്പവും എന്നാണർത്ഥം. അതായത് ഈ ആഭരണം ഒരു 'കാതിപ്പൂ' ആണ്. പുഷ്പ മോട്ടീഫുകൾ ഉപയോഗിച്ച് കൊത്തിയെടുക്കുന്നതും സ്വർണ്ണത്തിൽ നിർമ്മിക്കുന്നതുമായ കർണ്ണാഭരണമാണ് കാൻഫൂൽ. ജൗൻസാരി സ്ത്രീകളാണ് ഈ ആഭരണം കൂടുതലായും അണിയുന്നത്.
-
പഹുഞ്ചി
വിവാഹിതകളായ സ്ത്രീകൾക്ക് മംഗളം കൊണ്ടുവരുന്ന ആഭരണമായാണ് പഹുഞ്ചി പരിഗണിക്കപ്പെടുന്നത്. ഇവ സ്വർണ്ണ വളകളാണ്, സ്ത്രീകൾ ഇത് സവിശേഷ അവസരങ്ങളിൽ അണിയുന്നു. ഇവ നിർമ്മിക്കുന്ന വിധമാണ് ഈ വളകളെ അതുല്യമാക്കുന്നത്. പൊതുവെ ഒരു തോലയിലാണ് ഇവ ലഭ്യമാകുന്നത്. ചുവന്ന തുണിയിൽ ചെറിയ സ്വർണ്ണ മണികൾ പതിച്ചാണ് ഈ വളകൾ നിർമ്മിക്കുന്നത്.
കടപ്പാട്: ബാട്ടുലാൽ പ്രയാഗ് നാരായൺ ജ്വല്ലേഴ്സ്
-
ഹാൻസുലി
ഗാർഹ്വാലിൽ ഖാഗ്വാലി എന്ന് അറിയപ്പെടുന്ന ഹാൻസുലി, മിനിമൽ ഡിസൈൻ ഉള്ള, അടുത്തടുത്ത് കണ്ണികളുള്ള നെക്ലേസാണിത്.ഗാർഹ്വാലി, കുമാവോണി, ജൗൻസാരി, ഭോട്ടിയ സ്ത്രീകൾ, വിവാഹങ്ങളും ഉത്സവങ്ങളും പോലുള്ള സവിശേഷ അവസരങ്ങളിൽ അണിയുന്ന ആഭരണമാണിത്.
കടപ്പാട്: ഏഷ്യ സ്റ്റോർ
-
ചന്ദൻ ഹാർ
ഉത്തരാഖണ്ഡിൽ നിന്നുള്ള പരമ്പരാഗതമായ നെക്ലേസ് ആണ് ചന്ദൻ ഹാർ. നീളമുള്ള നാല് മുതൽ അഞ്ച് വരെ മാലകളിൽ പതിപ്പിച്ചിട്ടുള്ള സ്വർണ്ണ മണികളാണ് ഈ നെക്ലേസിന്റെ പ്രത്യേകത. കുന്ദൻ ക്ലാസ്പുകളുടെ സഹായത്തോടെയാണ് ഈ മാലകൾ ഒരുമിച്ച് ചേർത്തിരിക്കുന്നത്.
-
ഗാലോബന്ധ്
ഒരു ചോക്കർ പോലെ കണ്ഡത്തിൽ അണിയാവുന്ന ആഭരണമാണിത്. ഗാലോബന്ധ് നിർമ്മിക്കുന്നത് സ്വർണ്ണം കൊണ്ടാണ്. കുമാവോൺ, ഗാർഹ്വാൽ, ഭോട്ടിയ, ജൗൻസാർ സ്ത്രീകളാണ് സാധാരണയായി ഈ ആഭരണം അണിയുന്നത്. സ്വർണ്ണത്തിന്റെ സമചതുര ബ്ലോക്കുകളുള്ള ഒരു ചുവന്ന ബെൽറ്റിലാണ് ഇത് ഡിസൈൻ ചെയ്യുന്നത്. ഒരു നൂലിന്റെ സഹായത്തോടെ ഇത് ബന്ധിപ്പിക്കുന്നു.
ഇന്നും ഉത്തരാഖണ്ഡിലെ തദ്ദേശവാസികൾക്ക് ഇടയിൽ ജനപ്രിയമായ പരമ്പരാഗത സ്വർണ്ണാഭരണ ഡിസൈനുകളാണ് ഇവ.