Published: 27 Sep 2017
എവിടെയാണ് രാജ്യങ്ങൾ തങ്ങളുടെ കരുതൽസ്വർണ്ണം സൂക്ഷിക്കുന്നത്?
കരുതൽസ്വർണ്ണമെന്നുപറയുന്നത് ഒരു രാജ്യത്തെ ഗവൺമെന്റിന്റെ അധീനതയിലുള്ള വൻതോതിലുള്ള സ്വർണ്ണശേഖരമാണ്. അമേരിക്കയ്ക്കാണ് ലോകത്ത് ഏറ്റവുമധികം സ്വർണ്ണശേഖരമുള്ളത് – 8133.5 മെട്രിക് ടൺ (ഏകദേശം 655,000 സ്വർണ്ണക്കട്ടകൾക്കു സമം). 557.8 മെട്രിക് ടണ്ണുമായി (ഏകദേശം 45,000 സ്വർണ്ണക്കട്ടകൾ) ഇന്ത്യ പതിനൊന്നാം സ്ഥാനത്തുണ്ട്.
ഈ സ്വർണ്ണശേഖരങ്ങളിലധികവും ലോകത്ത് നിലനിന്നിരുന്ന ഗോൾഡ് സ്റ്റാൻഡേർഡിന്റെ അന്ത്യം അവശേഷിപ്പിച്ച പൈതൃകസമ്പത്താണ്. രാജ്യങ്ങൾ തങ്ങളുടെ കറൻസികളുടെ പരിരക്ഷയ്ക്കായാണ് ഈ സ്വർണ്ണശേഖരം ഇപ്പോൾ കൈയ്യാളുന്നത്. ഇത്രയേറെ സ്വർണ്ണം സുരക്ഷിതമായി സൂക്ഷിക്കുക എന്നത് സർക്കാരുകളുടെ തലവേദനയാണ്. പല സർക്കാരുകളും അത് തങ്ങളുടെ രാജ്യത്തെ വിവിധ ബാങ്കുകളിലായി വീതിച്ചു സൂക്ഷിക്കാനാണ് താല്പര്യപ്പെടുന്നത്. തങ്ങളുടെ കൈവശമുള്ള സ്വർണ്ണം എത്ര അടുത്തു സൂക്ഷിക്കാമോ അത്രയും നല്ലത് എന്ന നയം പ്രത്യക്ഷത്തിൽ യുക്തിസഹമായി തോന്നാമെങ്കിലും ഒട്ടേറെ രാജ്യങ്ങൾ അത് മറുരാജ്യങ്ങളിൽ സൂക്ഷിക്കാനാണ് ഇഷ്ടപ്പെടുന്നത്. അതുപക്ഷേ ഒരു കീഴ്വഴക്കംകൊണ്ടുണ്ടായതാണ്. രാജ്യങ്ങൾ തമ്മിൽ നടത്തിയ ഇടപാടുകളിൽ പണത്തിനുപകരം സ്വർണ്ണം കൈമാറ്റം ചെയ്തതിന്റെ അനന്തരഫലമായി ഉളവായതാണ്. ടൺകണക്കിന് സ്വർണ്ണം ഒരു രാജ്യത്തുനിന്ന് നീക്കുന്നതും മറുരാജ്യത്തേക്ക് കൊണ്ടുപോകുന്നതും വളരെ അപകടം പിടിച്ച ഏർപ്പാടാണെന്നു പറയേണ്ടതില്ലല്ലോ. അതിനാൽ പലരാജ്യങ്ങളും മറുരാജ്യങ്ങളോട് സ്വർണ്ണത്തിന്റെ ഉടമസ്ഥാവകാശമാണ് കൈമാറ്റം ചെയ്യാനാവശ്യപ്പെടുന്നത്, അതിന്റെ സൂക്ഷിപ്പല്ല.
ലോകത്തിൽ ഏറ്റവുമധികം കരുതൽസ്വർണ്ണമുള്ള രാജ്യങ്ങളായ അമേരിക്കയും ജർമ്മനിയും ഇറ്റലിയും തങ്ങളുടെ സ്വർണ്ണശേഖരത്തിന്റെ 68 ശതമാനമെങ്കിലും മറുരാജ്യങ്ങളിലാണ് സൂക്ഷിക്കുന്നത്. അതേസമയം, ഇന്ത്യയും ചൈനയും റഷ്യയും യഥാക്രമം 6.3%, 2.2%, 15% എന്നീ തോതുകളിലാണ് വിദേശത്ത് സ്വർണ്ണം സൂക്ഷിക്കുന്നത്. എന്നാലിപ്പോൾ സാങ്കേതികവിദ്യയിലുണ്ടായ പുരോഗതിയും, സ്വർണ്ണം രാജ്യാതിർത്തികൾ കടത്തികൊണ്ടുപോകുന്നത് കൈകാര്യം ചെയ്യുന്നതിലുള്ള അപകടസാധ്യത കുറഞ്ഞതും, പലരാജ്യങ്ങളെയും തങ്ങളുടെ അമൂല്യശേഖരം സ്വദേശത്തേയ്ക്ക് തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനത്തിലെത്തിച്ചിരിക്കുകകയാണ്.