Published: 06 Feb 2018
എങ്ങനെയൊക്കെയാണ് ഇലക്ട്രോണിക്സിൽ സ്വർണ്ണം ഉപയോഗിക്കപ്പെടുന്നത്?
സ്വർണ്ണത്തിന്റെ ഭൗതിക ഗുണവിശേഷതകൾ അതിനെ ഒരുപാട് ഇലക്ട്രിക്കൽ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നതിന് അനുയോജ്യമാക്കുന്നു.
- സ്വർണ്ണത്തിന് ഉയർന്ന വൈദ്യുത ചാലകശക്തിയുണ്ട്.
- ചെമ്പും വെള്ളിയും പോലെ മറ്റ് ഉയർന്ന ചാലകശക്തിയുള്ള ലോഹങ്ങളെ പോലെ സ്വർണ്ണം തുരുമ്പെടുക്കുകയോ ക്ലാവ് പിടിക്കുകയോ ചെയ്യുകയില്ല.
- സ്വർണ്ണം മൃദുവും വളയ്ക്കാവുന്നതുമാണ്, അതിനാൽ എളുപ്പത്തിൽ സ്വർണ്ണം നേർത്ത വയറുകളാക്കാനോ കനം കുറഞ്ഞ കോട്ടിംഗുകളിലേക്ക് പൂശാനോ കഴിയും.
ഇലക്ട്രോണിക്സ് മേഖലയിൽ സ്വർണ്ണത്തിന് ഗണ്യമായ തരത്തിലുള്ള വിവിധ ഉപയോഗങ്ങളുണ്ട്. കണക്ടറുകളിലെയും കോൺടാക്ടുകളിലെയും ഇലക്ട്രോ പ്ലേറ്റഡ് കോട്ടിംഗായുള്ള ഉപയോഗം തന്നെയാണ് ഇവയിലെ ഏറ്റവും പ്രധാനം. സെമികണ്ടക്ടർ പാക്കേജുകൾക്കുള്ളിലെ സ്വർണ്ണ ബോണ്ടിംഗ് വയറാണ് മറ്റൊരു പ്രധാന ഉപയോഗം. ഈ രണ്ട് ഉപയോഗങ്ങളാണ് ഇലക്ട്രോണിക്സ് മേഖലയിൽ സ്വർണ്ണത്തിന് ഡിമാൻഡ് വർദ്ധിപ്പിക്കുന്നത്.
പലപ്പോഴും ഇലക്ട്രിക്കൽ കോൺടാക്ടുകളുടെയും കണക്ടറുകളുടെയും കോട്ടിംഗ് മാത്രമാണ് ഒരു ഇലക്ട്രോണിക് ഉപകരണത്തിൽ സ്വർണ്ണം അടങ്ങിയിരിക്കുന്നു എന്നതിന്റെ ദൃശ്യപരമായ സൂചന. രണ്ട് സ്വർണ്ണ പ്രതലങ്ങൾ സമ്പർക്കത്തിൽ കൊണ്ടുവരുമ്പോൾ, സ്വർണ്ണത്തിന്റെ കോട്ടിംഗ് വളരെ നേർത്തതാണെങ്കിൽ പോലും, ഫലമായി ലഭിക്കുന്ന ഇലക്ട്രിക്കൽ കണക്ഷന് നല്ല സ്ഥിരതയുണ്ടായിരിക്കും. തുരുമ്പോ ക്ലാവോ പിടിക്കുന്ന ലോഹങ്ങളാണ് കോട്ടിംഗ് ആയി ഉപയോഗിക്കുന്നതെങ്കിൽ, അവയ്ക്ക് ഓക്സിഡേഷൻ സംഭവിക്കും. ഇലക്ട്രിക്കൽ കണക്ഷൻ തടസ്സപ്പെടുകയോ ഇല്ലാതാവുകയോ ചെയ്യും. ഇതിനാൽ ഉപകരണം പ്രവർത്തനത്തിൽ പരാജയപ്പെടുന്നു.
കോൺടാക്ടുകളിലെയും കണക്ടറുകളിലെയും സ്വർണ്ണം കാണാൻ കഴിയുമെങ്കിലും, ഇലക്ട്രോണിക്ക് ഉപകരണത്തിലെ സ്വർണ്ണ ബോണ്ടിംഗ് വയർ കാണാൻ കഴിയുകയില്ല, എന്നാൽ ഉള്ളിൽ സ്വർണ്ണമുണ്ടെന്ന കാര്യം ഉറപ്പാണ്. സെമികണ്ടക്ടർ ടെർമിനലുകൾക്കും ഉപകരണത്തിലെ നേർത്ത ലോഹ പാളിക്കും ഇടയിൽ ഇലക്ട്രിക്കൽ കണക്ഷനുകൾ ഉണ്ടാക്കുന്നതിനാണ് ബോണ്ടിംഗ് വയർ ഉപയോഗിക്കപ്പെടുന്നത്. ചില സമയങ്ങളിൽ, ചിപ്പുകളിൽ നൂറുകണക്കിന് വയർ ബോണ്ട് കണക്ഷനുകൾ ഉണ്ടാകും, ഇവയിലോരോന്നിലും വളരെ ചെറിയ അളവിൽ സ്വർണ്ണം ഉപയോഗിക്കപ്പെടുന്നു.
ഡിമാൻഡിന്റെ ചെറിയ സ്രോതസ്സുകൾക്കൊപ്പം, മേൽപ്പറഞ്ഞ രണ്ട് ഉപയോഗങ്ങളും ചേരുമ്പോൾ, ആയിരക്കണക്കിന് ടൺ സ്വർണ്ണമാണ് ഉപയോഗിക്കപ്പെടുന്നതെന്ന് കാണാം. കഴിഞ്ഞ നാല് വർഷത്തെ കണക്ക് തന്നെ സൂചിപ്പിക്കുന്നത് ഇലക്ട്രോണിക്ക് മേഖലയിൽ ആയിരക്കണക്കിന് ടൺ സ്വർണ്ണം ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ്.